ബ്രിസ്റ്റോളിനെ നടുക്കിയ ഇരട്ട കൊലപാതകത്തിന് പിന്നിൽ ‘പോസ്റ്റ് കോഡ് ഗ്യാങ് വാർ’ ആണെന്ന് പ്രദേശവാസികൾ ആരോപിച്ചു. കുറച്ചു നാളുകളായി പ്രദേശത്തെ രണ്ടു വില്ലേജുകളിൽ താമസിക്കുന്ന ഗ്യാങ്ങുകൾ തമ്മിൽ ശത്രുതയും ഇടയ്ക്കിടയ്ക്ക് ചെറിയ അക്രമങ്ങളും ഉണ്ടായിരുന്നതായി ഇവർ പറയുന്നു. ഈ രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള ശക്തി പ്രകടനത്തിന്റെ ഭാഗമായുണ്ടായ ആക്രമണത്തിലാണ് നിരപരാധികളായ രണ്ടു കുട്ടികൾ കൊല്ലപ്പെടാനിടയായത് എന്നും നാട്ടുകാർ ആരോപണമുന്നയിച്ചു.
ശനിയാഴ്ച രാത്രി 11 മണിയോടെ ആണ് ബ്രിസ്‌റ്റോളിലെ ഇൽമിൻസ്റ്റർ അവന്യുവിൽ കൗമാരക്കാരായ രണ്ട് കുട്ടികൾ ഒരു സംഘം ആൾക്കാരുടെ കത്തിക്കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തുക്കളും അയൽവാസികളുമായ മാക്സ് ഡിക്‌സൺ (16 ) മേസൺ റിസ്റ്റ് (15 ) എന്നിവരാണ് അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മരണമടഞ്ഞത്. ഇവരുടെ വീടിനു സമീപത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ ഒരു കാറിൽ ഇവിടെയെത്തിയ സംഘം കത്തിയും വടിയും ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സമീപത്തെ രണ്ടു പോസ്റ്റ് കോഡുകളിൽ താമസിക്കുന്ന ഗ്യാങ്ങുകൾ തമ്മിൽ അടുത്തിടെ ചില പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ കൊല്ലപ്പെട്ട കുട്ടികൾ ഒരു ഗ്യാങ്ങിന്റെയും ഭാഗമായിരുന്നില്ലയെന്നാണ് അറിയുന്നത്. ആള് മാറിയാണ് ഇവർ ആക്രമിക്കപ്പെട്ടത് എന്നാണ് ഇവരുടെ കുടുംബങ്ങളും അയൽക്കാരും പറയുന്നത്.
ബഹളം കേട്ടെത്തിയ സമീപവാസികളും ഇവിടെ ആ സമയം നിർത്തിയിട്ടിരുന്ന ഒരു ബസിലെ യാത്രക്കാരും കുത്തേറ്റു വീണ ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടിൽ നിന്നെടുത്ത് കൊണ്ട് വന്ന തുണി ഉപയോഗിച്ച് രക്തപ്രവാഹം തടയാൻ താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്ന് സമീപവാസിയായ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് ഗ്യാങ്ങുകളുടെ ഉപദ്രവം ഉള്ളതിനാൽ പേര് വെളിപ്പെടുത്തരുത് എന്നും ഇയാൾ അഭ്യർത്ഥിച്ചു. ഏകദേശം ഇരുപതു മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസ് സ്ഥലത്തെത്തിയത് എന്നും അപ്പോഴേക്കും ധാരാളം രക്തം വാർന്നു പോയിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു. ഇരുവരെയും ബ്രിസ്റ്റോളിൽ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
കൊലപാതകത്തിൽ പങ്കെടുത്തു എന്ന് കരുതുന്ന നാല് പേർ ഇതുവരെയായി പോലീസിന്റെ പിടിയിൽ ആയിട്ടുണ്ട്. നാൽപ്പത് വയസ്സുള്ള ഒരാളെയും പതിനഞ്ചുകാരനായ ഒരു കൗമാരക്കാരനെയും ഞായറാഴ്ച തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു ഇരുപതുകാരനും ഇരുപത്തി രണ്ടു വയസ്സുകാരനും തിങ്കളാഴ്ച പോലീസ് പിടിയിലായി. ഒരു വാഹനവും കസ്റ്റഡിയിൽ എടുത്തതായി ഡെവൺ ആൻഡ് സോമർസെറ്റ് പോലീസ് അറിയിച്ചു.
കുട്ടികളുടെ മരണത്തിൽ ദുഖാർത്തരായ ഏകദേശം ഇരുനൂറിലധികം ആളുകൾ ഇന്നലെ ഇവർ കുത്തേറ്റ് വീണ സ്ഥലത്ത് ഒരുമിച്ച് കൂടി ആദരാഞ്ജലി അർപ്പിച്ച്. പൂക്കളും മെഴുകുതിരികളുമായി എത്തിച്ചേർന്ന ഇവർ ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ എന്ന് എഴുതിയ ബാനറുകളും സ്ഥലത്ത് സ്ഥാപിച്ചു.
ബ്രിട്ടനിൽ കത്തിക്കുത്ത് ഏറ്റു മരണമടയുന്ന ആളുകളുടെ എണ്ണത്തിൽ വൻവർധന ആണ് ഉണ്ടായിരിക്കുന്നത്. 2025 ഓടെ കത്തിയുമായി പൊതു ഇടങ്ങളിൽ തിരിച്ചറിയുന്ന ക്യാമറ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഇത് മൂലം സർക്കാർ ഇപ്പോൾ.
Leave a Reply