സ്നേഹപ്രകാശ്. വി. പി.

നഗര ഹൃദയത്തിലെ ഹോട്ടൽ മുറിയിലിരുന്ന് അയാൾ എഴുതിക്കൊണ്ടിരുന്നു. എയർ കണ്ടീഷണറിന്റെ മുരൾച്ച മാത്രം നിശബ്ദതയെ ഭഞ്ജിക്കുന്നുണ്ട്. വളരെ നല്ല സേവനം നൽകുന്ന, നഗരത്തിലെ ഏറ്റവും പുരാതനമായ ഹോട്ടൽ. ഇവിടെ പലപ്പോഴും താമസിച്ചിട്ടുണ്ട്. ഇടക്കിടെ വരുന്നതിനാൽ ഹോട്ടൽ ജീവനക്കാരെല്ലാം പരിചിതരായിരിക്കുന്നു. പെട്ടെന്നാണ് വാതിലിൽ മുട്ടു കേട്ടത്.

” ആരാ… ”

” ഞാൻ.. തേവിടിശ്ശി … ”

പിന്നെ ഒരു പൊട്ടിച്ചിരിയും.

“വന്നോളൂ… കുറ്റിയിട്ടിട്ടില്ല…”

വാതിൽ തുറന്ന് അവൾ മുറിയിലേക്ക് കയറിയപ്പോൾ അവിടെ ഏതോ വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം നിറഞ്ഞു. പച്ച നിറത്തിലുള്ള ഷിഫോൺ സാരിയും ബ്ലൗസും. അതിനുള്ളിൽ വീർപ്പുമുട്ടുന്ന അല്പം തടിച്ച ശരീരം. കഴുത്തു വരെ വെട്ടി നിർത്തിയ മുടി. കൺപുരികങ്ങൾ പ്ലക്ക് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. കാലിൽ ക്യാൻവാസ് ഷൂ. തികച്ചും ഒരു ആധുനിക വനിത.

“കുടിക്കാൻ എന്താണ് വേണ്ടത് …?”

അയാൾ ആതിഥേയനായി.

“ഉച്ച കഴിഞ്ഞില്ലേ സാറേ…ഹോട്ട് തന്നെ ആയ്ക്കോട്ടെ..”

അവളുടെ ചുണ്ടുകളിൽ വരുത്തിയ ചുവപ്പിൽ വശ്യമായ ഒരു പുഞ്ചിരി വിരിഞ്ഞു.

അയാൾ കുപ്പിയും, രണ്ടു ഗ്ലാസുകളും, സോഡയും, മേശപ്പുറത്ത് നിരത്തി. പിന്നെ അനുസാരികൾക്കായി റിസപ്ഷനിലേക്ക് വിളിച്ചു.

അവൾ സ്വയം തന്നെ കുപ്പിയിൽ നിന്നും മദ്യം ഗ്ലാസുകളിലേക്ക് പകർന്നു. ഗ്ലാസുകളിൽ ഒന്നിൽ സോഡയൊഴിച്ചു. ഗ്ലാസിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ക്യുബുകൾ.സോഡയൊഴിക്കാത്ത ഗ്ലാസ്സിലേക്ക് അയാൾ നോക്കിയപ്പോൾ അവൾ പറഞ്ഞു.

” ഓ… അതാണ് സാറെ പതിവ്… ”

ഒന്നു നിർത്തി തുടർന്നു.

“കരള് കരിഞ്ഞു പോവില്ലേന്നായിരിക്കും…കരള് ആർക്കാ സാറേ ആവശ്യം…”

അവൾ ഉറക്കെ ചിരിച്ചു.

ഒന്നു രണ്ടു തവണ ഗ്ലാസുകൾ നിറയുകയും ഒഴിയുകയും ചെയ്തപ്പോൾ അയാൾ ചോദിച്ചു.

” എന്നാൽ തുടങ്ങാം… ല്ലേ.. ”

അയാൾ റെക്കോർഡർ ഓൺ ചെയ്തു വെച്ചു. അവൾ കഥ പറയാൻ തുടങ്ങി. ബാല്യവും, കൗമാരവും, യൗവ്വനവും. ഇടക്ക് അല്പം നിർത്തും. ഗ്ലാസിൽ നിന്നും ഒരു സിപ്പെടുത്ത് വീണ്ടും തുടരും. നടന്നു തീർത്ത, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കനൽ വഴികളെക്കുറിച്ച്.

“ആദ്യമായി എന്നെ നശിപ്പിച്ചത് എന്റെ കണക്കു മാഷായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ… കണക്കിൽ മോശമായിരുന്നു ഞാൻ. ഞായറാഴ്ച്ച ഒരു സ്പെഷ്യൽ ക്ലാസ്സ്‌. അതോടെ എന്റെ ജീവിതത്തിന്റെ കണക്ക് പിഴച്ചൂന്ന് പറഞ്ഞാൽ മതിയല്ലോ…”

അവൾ ഒരു നിമിഷം നിശബ്ദയായി.

പിന്നെ എനിക്കുമുണ്ടായിരുന്നു ഒരു കലാലയ ജീവിതം. നഗരത്തിലെ കലാലയത്തിലേക്ക് പത്തു മിനിറ്റ് മാത്രം അകലമുള്ള ഹോസ്റ്റലിൽ നിന്നുമുള്ള വഴിയിൽ വെച്ചാണ് അയാളെ പരിചയപ്പെടുന്നത്. സുന്ദരനാണോ എന്നറിയില്ല. ആകർഷകത്തമുള്ള മുഖം. പിന്നെ യാത്ര ഒന്നിച്ചായി. സർക്കാർ ജീവനക്കാരനായിരുന്നു അയാൾ. വീട്ടിലേക്കെന്നു പറഞ്ഞു ഹോസ്റ്റലിൽ നിന്നും ഇറങ്ങുന്ന പല ഒഴിവു ദിനങ്ങളും ഒരുമിച്ചുള്ള യാത്രകളിലായിരുന്നു ഞങ്ങൾ. പക്ഷേ അയാൾ വിവാഹിതനായിരുന്നു എന്ന് അറിയുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. മറ്റു വഴികളില്ലാതെ ആദ്യ അബോർഷൻ. അപ്പോഴും അയാൾ കൂടെ നിന്നു, വഞ്ചകനായിരുന്നെങ്കിലും. പിന്നീട് അയാളെ കണ്ടിട്ടില്ല. കാണണമെന്ന് തോന്നിയിട്ടുമില്ല. എങ്കിലും ഇപ്പോഴും ആ മുഖം മനസ്സിലുണ്ട്. ആദ്യ പ്രണയം മറക്കാനാവില്ലല്ലോ.

പിന്നെയും ചില പ്രണയങ്ങൾ.. ഒന്നുരണ്ടു അബോർഷനുകൾ. പിന്നെ ജീവിതം മറ്റൊരു വഴിയിലേക്ക്. അവളിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു.

“ഇതൊരു വല്ലാത്ത ജീവിതമാണ്…ഒരിക്കൽ പെട്ടുപോയാൽ പിന്നെ രക്ഷയില്ല..ജീവിക്കേണ്ടേ….”

അവൾ അടുത്ത പെഗ് ഗ്ലാസിലേക്ക് ഒഴിച്ചു.

“രക്ഷപ്പെടാൻ ഒന്ന് ശ്രമിക്കായിരുന്നില്ലേ….മറ്റെന്തെങ്കിലും ജോലി ചെയ്ത്…”

അവൾ വെറുതെ ചിരിച്ചു.

“മറ്റു ജോലിയെല്ലാം കിട്ടീന്ന് വരും… പക്ഷേ അപ്പോഴും ഈ തൊഴിലും ചെയ്യേണ്ടി വരും… തെഴിൽദാതാക്കൾക്ക് സൗജന്യമായി.സ്ത്രീപുരുഷ സമത്വം എന്നെല്ലാം പറയുമെങ്കിലും. പുരുഷ കേന്ദ്രീകൃതമല്ലേ സമൂഹം. പിന്നെ ഒരിക്കൽ കിട്ടിക്കഴിഞ്ഞാൽ ഒന്നിച്ചുള്ള ഈ ടാഗ് മാറ്റാനുമാവില്ലല്ലോ … പിന്നെ എന്തിനാ…”

“അപ്പോൾ പുരുഷന്മാരോട് വെറുപ്പാണോ ….”

“ഇല്ല… സഹതാപം മാത്രം. ഒരു രാത്രിയിൽ മുഴുവൻ കൂടെ കിടന്ന പോലീസുകാരൻ പിറ്റേന്ന് രാത്രി എന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോൾ എന്റെ കൂടെയുണ്ടായിരുന്നയാളെ ചിലപ്പോൾ വെറുതെ വിട്ടുകാണും. ”

അവളിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു.

” പല ഭാര്യമാരുടെയും ശാപമുണ്ടാവില്ലേ… ഇയൊരു തൊഴിൽ …. ”

അയാൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു.

“അങ്ങനെയൊന്നുമില്ല സാറെ…അവർക്കില്ലാത്തതൊന്നും നമ്മുടെ കൈയ്യിലില്ലല്ലോ….”

ഒന്നു നിർത്തി പൊട്ടിച്ചിരിയോടെ അവൾ തുടർന്നു.

“പല കുടുംബങ്ങളും പിരിഞ്ഞു പോവാത്തത് നമ്മളുടെയൊക്കെ സേവനം കൊണ്ടാണെന്നാ തോന്നീട്ടുള്ളത്….”

കഥ പറഞ്ഞു പറഞ്ഞ് രാത്രിയായത് അറിഞ്ഞില്ല. അയാൾ പറഞ്ഞു.

“സമയം ഒരുപാട് വൈകി.. ഇനി പൊയ്ക്കോളൂ.. ഞാൻ വണ്ടി ഏർപ്പാടാക്കാം. ഇതൊരു നോവലാക്കണം…”

അയാൾ പേഴ്സ് എടുക്കുന്നത് കണ്ടപ്പോൾ അവൾ പറഞ്ഞു.

” പണം വേണ്ട സാറേ… ഞാൻ സാറിന്റെ കഥകൾ മിക്കവയും വായിക്കാറുണ്ട്. ഈയിടെ പുറത്തിറങ്ങിയ നോവലും വായിച്ചു. എല്ലാം ഏറെ ഇഷ്ടം…”

അയാൾക്ക് അത്ഭുതം തോന്നി. ഇങ്ങനെയും ഒരു ആരാധികയോ.

“കഥകളെല്ലാം പറഞ്ഞു കഴിഞ്ഞു … ഇനി സ്വസ്ഥമായി ഒന്ന് ഉറങ്ങണം…ഒരു ദിവസമെങ്കിലും ഭോഗിക്കപ്പെടാതെ…ഞാനിന്ന് ഇവിടെ ഉറങ്ങിക്കോട്ടെ സാറേ…”

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. അവൾ പ്രതീക്ഷയോടെ അയാളെ നോക്കി. അയാൾ ഒരു നിമിഷം ആലോചിച്ചു. പിന്നെ പറഞ്ഞു.

“ശരി… എനിക്കിന്ന് ഉറക്കമില്ലാത്ത രാത്രിയായിരിക്കും.. നിന്റെ ജീവിതത്തെക്കുറിച്ച് ഒരു നോവൽ… അതിന്റെ ഔട്ട്‌ലൈൻ ഇന്ന് ശരിയാക്കണം.. നിന്റെ ശരീരത്തെക്കുറിച്ചല്ല… മനസ്സിനെക്കുറിച്ച്… ”

പതിവുപോലെ അയാൾക്ക് കഞ്ഞിയും പയറുമായി റൂം ബോയ് വന്നപ്പോൾ, അവൾക്ക് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. തനിക്കും കഞ്ഞി മതിയെന്ന് അവൾ പറഞ്ഞെങ്കിലും അയാൾ സമ്മതിച്ചില്ല. ഭക്ഷണം കഴിഞ്ഞശേഷം കൂജയിലെ വെള്ളം പകുതിയും അവൾ വായിലേക്ക് നേരിട്ട് ഒഴിച്ചു. പിന്നെ പറഞ്ഞു.

“ഒരു ശീലം. കത്തിക്കൊണ്ടിരിക്കുന്ന ശരീരത്തെ ഒന്ന് തണുപ്പിക്കാൻ… മനസ്സിനെ തണുപ്പിക്കാൻ ആവില്ലെങ്കിലും….”

കിടക്കാറായപ്പോൾ അവൾ സാരിയും, ബ്ലൗസുമെല്ലാം അഴിച്ചു വെച്ചു. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് കിടക്കയുടെ വലതുവശത്തേക്ക് മാറി മലർന്നു കിടന്നു.

“ഇതെന്താ വലതുപക്ഷക്കാരിയാണോ…”

അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

“രാവിലെ എഴുന്നേൽക്കുമ്പോൾ വലതുവശം ചേർന്നാണ് എഴുന്നേൽക്കുക…ഇത് മറ്റൊരു ശീലം….മറ്റൊന്നുമല്ല…എഴുന്നേൽക്കുമ്പോൾ ഏതോ ഒരു പുരുഷ നഗ്നതയോ അല്ലെങ്കിൽ അതിലും അശ്ലീലമായ തുപ്പൽ ഒലിച്ചിറങ്ങുന്ന അവന്റെ വായയോ കാണാതിരിക്കാൻ… അങ്ങനെ ഈ കിടപ്പും ശീലമായി…”

അവൾ ഉച്ചത്തിൽ ചിരിച്ചു. പിന്നെ ശുഭരാത്രി ആശംസിച്ച് പുതപ്പിനുള്ളിലേക്ക് നൂഴ്ന്നു കയറി.

അയാൾ ടേപ്പ് റെക്കോർഡർ ഓൺ ചെയ്തു. ശബ്ദം കുറച്ചു വെച്ച് അവളുടെ കഥ വീണ്ടും കേൾക്കാൻ തുടങ്ങി. പിന്നെ ഓരോ അദ്ധ്യായത്തിലേക്കും വേണ്ട കാര്യങ്ങൾ നോട്ട് ചെയ്തു വെച്ചു. ക്ലോക്കിലേക്ക് നോക്കിയപ്പോൾ സൂചികൾ പരസ്പരം ആലിംഗനബദ്ധരായിരിക്കുന്നു. എഴുന്നേറ്റു പോയി കൂജയിൽ നിന്നും വെള്ളം ഗ്ലാസിലേക്ക് ഒഴിച്ചു. കിടക്കയിലേക്ക് നോക്കിയപ്പോൾ അവൾ സുഖമായി ഉറങ്ങുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ.

പെട്ടെന്നാണ് വാതിലിൽ മുട്ടു കേട്ടത്. വാതിൽ തുറന്നപ്പോൾ പുറത്ത് പോലീസുകാരാണ്.

“ഓ.. സാറാണ് ല്ലേ… ഞങ്ങൾ ഒരിക്കൽ വന്നതാ… രജിസ്റ്ററിൽ സാറിന്റെ പേര് കണ്ടപ്പോൾ തിരിച്ചു പോയി… പിന്നേം വിവരം കിട്ടി.. ഇവൾ ഇവിടെ കൂടെയുണ്ടെന്ന്…”

“ഞാൻ ഒരു ഇന്റർവ്യൂവിന് വേണ്ടി വിളിച്ചതായിരുന്നു…വൈകിയപ്പോൾ പിന്നെ….”

അയാൾ പറഞ്ഞു.

“കുഴപ്പമില്ല സാറേ.. സാർ ഇവിടെയിരുന്ന് എഴുതിക്കോളൂ… ഞങ്ങൾക്ക് ഇവളെ മതി…അവിടെ ഒരു അതിഥി സൽക്കാരം…”

ഞെട്ടി എഴുന്നേറ്റ അവളെ സാരി പോലും ധരിക്കാൻ അനുവദിക്കാതെ അവർ പുറത്തേക്ക് നയിച്ചു. പോവുമ്പോൾ അവൾ, അയാളെ ഒന്ന് നോക്കി. പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു.

” എഴുതിക്കഴിഞ്ഞാൽ ആദ്യ വായനക്ക്‌ എനിക്ക് തന്നേക്കണേ… ”

പിന്നെ നിസ്സംഗമായ മുഖഭാവത്തോടെ ചുവടുകൾ വെച്ചു. ഒരു പോലീസുകാരൻ അവളുടെ അഴിച്ചു വെച്ച വസ്ത്രങ്ങളുമായി അവൾക്ക് പിന്നാലെ നടന്നു.

ജീപ്പിന്റെ ശബ്ദം അകന്നകന്നു പോയപ്പോൾ, തിരിച്ചു വന്ന് അയാൾ എഴുതി വെച്ചിരുന്ന കടലാസ്സുകളിലേക്ക് നോക്കി. അപ്പോൾ മനസ്സിൽ തെളിഞ്ഞത് അവളുടെ മുഖത്തെ നിർവികാരത. അയാൾക്ക് വല്ലാത്ത ആത്മനിന്ദ അനുഭവപ്പെട്ടു.
കുപ്പിയിൽ അവശേഷിച്ചിരുന്ന മദ്യം അയാൾ നേരിട്ട് വായിലേക്ക് ഒഴിച്ചു. അന്നനാളത്തിലൂടെ ഒരു അഗ്നിഗോളം കണക്കേ അത് താഴേക്ക് ഇറങ്ങി.

അപ്പോൾ അല്പം അകലെയായി ഒരു പോലീസ് സ്റ്റേഷൻ മുഴുവനായും അവളിലേക്ക് പ്രവേശിക്കുകയായിരുന്നു.!

സ്നേഹപ്രകാശ്.വി. പി.

കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. .”ഉടലുകൾ ” എന്ന 60 കുറുംകഥകളുടെ സമാഹാരം 2021 ൽ പ്രസിദ്ധീകരിച്ചു .