തണുപ്പ് കാല അരക്ഷിതകളുടെ ബാക്കിപത്രമായ വൈറസ് രോഗങ്ങൾ യുകെയിൽ പടർന്നു പിടിക്കുന്നു. യുകെ ആകമാനം മുൾമുനയിൽ നിർത്തിക്കൊണ്ട് അഞ്ചാംപനി വ്യാപകമായി പടരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ദശകത്തിനിടെ കാണാത്ത തോതിലേക്ക് യുകെയില്‍ അഞ്ചാംപനി കേസുകള്‍ കുതിച്ചുയര്‍ന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ആഴ്ച മാത്രം ഇംഗ്ലണ്ടില 118 പേര്‍ക്ക് വൈറസ് പിടിപെട്ടതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ സാക്ഷ്യപ്പെടുത്തുന്നു. ജനുവരിയിൽ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 465 – ൽ എത്തിയതുമായി തട്ടിച്ചു നോക്കുമ്പോൾ പകുതി കേസുകളും ഇംഗ്ളണ്ടിൽ ആണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.

വെസ്റ്റ് മിഡ്ലാന്‍ഡ്സാണ് രോഗത്തിന്റെ പ്രധാന ഉത്ഭവകേന്ദ്രമെങ്കിലും, ബര്‍മിംഗ്ഹാം മേഖല കേന്ദ്രീകരിച്ചാണ് അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗവ്യാപനം ചെറുക്കാനുള്ള പ്രവര്‍ത്തനം വിജയകരമാകുന്നില്ലെന്നാണ് ഇതിൽ നിന്നും വ്യാക്തമാകുന്നത്.

2013 – ല്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഉയര്‍ന്ന കേസുകളാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ലണ്ടനിലും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശങ്കകൾ വർധിപ്പിക്കുന്നു.

“വൈറസ് ആശങ്കപ്പെടുത്തുന്ന നിലയില്‍ തുടരുകയാണ്. കുട്ടികള്‍ പൂര്‍ണ്ണമായി സുരക്ഷിതരാണെന്ന് ഉറപ്പാക്കണം” യുകെഎച്ച്എസ്എയിലെ കണ്‍സള്‍ട്ടന്റ് എപ്പിഡെമോളജിസ്റ്റ് ഡോ. വനേസാ സാലിബാ പറഞ്ഞു.

വ്യാപന ശേഷി വളരെ കൂടുതലായി ഉള്ള അഞ്ചാം പണി വൈറസുകൾ, ഇടങ്ങളിൽ നിന്നും ഇടങ്ങളിലേക്ക് എളുപ്പത്തിൽ പടരാനുള്ള സാധ്യത ഏറെയാണ്. കുട്ടികളെയാണ് രോഗം പ്രധാനമായി ബാധിക്കുന്നതെന്ന് രക്ഷിതാക്കളും അറിഞ്ഞിരിക്കണം. ചിലരില്‍ ഇത് വളരെ ഗുരുതരവും, ജീവിതം മാറ്റിമറിക്കുന്നതുമായി മാറും.

പ്രഹരശേഷി കൂടുതലെങ്കിലും, കൃത്യമായ വാക്സിനേഷനിലൂടെ തടയാന്‍ കഴിയുന്ന രോഗമാണ് അഞ്ചാം പനി. എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷ ഒരുക്കണമെന്നും ഡോ. സാലിബാ കൂട്ടിച്ചേർത്തു.