അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ കൂട്ടരാജി. മാലാ പാര്‍വതിക്കു പിന്നാലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ച് ശ്വേത മേനോനും കുക്കു പരമേശ്വരനും. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിജയ് ബാബു വിഷയത്തിൽ അമ്മ കൈക്കൊണ്ട തീരുമാനം അംഗീകരിക്കില്ല എന്ന നിലപാട് വ്യക്തമാക്കിയായിരുന്നു മാലാ പാ‍ർവതി രാജി സമർപ്പിച്ചത്. വിജയ് ബാബു മാറിനിൽക്കുമെന്നു പറയുന്നത് അച്ചടക്ക നടപടിയല്ല. എക്സിക്യൂട്ടീവിൽനിന്നു മാറ്റിനിർത്തണമെന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ‘അമ്മ’ എക്സിക്യൂട്ടീവിന്റേത് തെറ്റായ നടപടിയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും മാലാ പാര്‍വതി പറഞ്ഞിരുന്നു.

ഇതേ തീരുമാനത്തിനെതിരെയാണ് മാലാ ‍പാർവതിക്കു പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നു രാജിവച്ചത്. ഐസിസി അധ്യക്ഷ കൂടിയായിരുന്ന ശ്വേത മേനോന്‍ അമ്മയുടെ വൈസ് പ്രസിഡന്റാണ്.

‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാമെന്നു നടന്‍ വിജയ് ബാബു അറിയിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് ബാബു നല്‍കിയ കത്ത് അമ്മ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.