ബിനോയ് എം. ജെ.

“മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ അവൻ എല്ലായിടത്തും ചങ്ങലകളിലാണ്” എന്ന് റൂസ്സോ പറയുന്നു. തന്റെ ഭാര്യയും, മകനും, പിതാവും രാജകീയ സുഖസൗകര്യങ്ങളും ബന്ധനമായി തോന്നിയതുകൊണ്ടാണ് സിദ്ധാർത്ഥൻ കൊട്ടാരം വിട്ടിറങ്ങിയത്. നാമെല്ലാവരും ബന്ധങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. സാമൂഹിക ജീവിയെന്ന നിലയിൽ മനുഷ്യന് ബന്ധങ്ങൾ ഇല്ലാതെ ജീവിക്കുവാനുമാകില്ല. എന്നാൽ ഈ ബന്ധങ്ങൾ എപ്പോഴാണ് ബന്ധനങ്ങളായി മാറുന്നത്? അവയെപ്പോഴാണ് ഒരു ശാപമായി മാറുന്നത്? മനുഷ്യബന്ധങ്ങളെ എങ്ങനെ ആരോഗ്യപ്രദമായി മുന്നോട്ട് കൊണ്ടു പോകുവാനാവും? പരസ്പരസ്നേഹത്തിന്റെ ദിവ്യാനുഭൂതിയിൽ നിന്നും മനുഷ്യബന്ധങ്ങൾ എപ്രകാരമാണ് വിദ്വേഷത്തിന്റെയും പകയുടെയും സ്രോതസ്സായി അധ:പതിക്കുന്നത്. നമുക്ക് പ്രത്യാശയ്ക്ക് എന്തെങ്കിലും വഴിയുണ്ടോ?

മനുഷ്യന്റെ ദു:ഖത്തിന്റെ അടിസ്ഥാനപരമായ കാരണം മുമ്പ് പറഞ്ഞതുപോലെ ബന്ധങ്ങൾ ബന്ധനങ്ങൾ ആയി മാറുന്നതാണ്. സ്നേഹിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സ്നേഹിക്കുവാൻ കഴിയുന്നില്ല. സ്നേഹം പ്രതീക്ഷിക്കുന്നുണ്ട് പക്ഷേ ലഭിക്കുന്നില്ല. ആകെ അസംതൃപ്തി. എവിടെയൊക്കെയോ തെറ്റുകൾ പറ്റിയിട്ടുണ്ട്. എവിടെയാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്? തെറ്റുകൾ തിരുത്തേണ്ടിയിരിക്കുന്നു. കുറ്റാരോപണം നമുക്ക് നേരേ സമൂഹത്തിൽ നിന്നും സദാ വന്നു കൊണ്ടിരിക്കുന്നു. നാമവയെ സ്വീകരിക്കുന്നതിന് പകരം സമൂഹത്തിലേക്ക് തന്നെ തിരിച്ചയക്കുന്നു. സമൂഹമുണ്ടോ തെറ്റുകൾ തിരുത്തുന്നു! നാമോ? നാമും തെറ്റുകൾ തിരുത്തുന്നില്ല. കുറ്റാരോപണം എല്ലാ ദിശകളിലേക്കും പായുന്നു. സാമൂഹിക ജീവിതം ഒരു നരകമായി മാറുന്നു. ആരാണ് തെറ്റുകാർ? ആരാണ് തിരുത്തേണ്ടത്?

ഇത് വിഷമം പിടിച്ച ഒരു ചോദ്യമാണ്. പക്വതയുടെ പ്രാരംഭഘട്ടങ്ങളിൽ നാം നമ്മിലേക്കും സമൂഹത്തിലേക്കും മാറിമാറി കുറ്റാരോപണം നടത്തുന്നു. രണ്ടു പേരുടെയും ഭാഗത്ത് തെറ്റുണ്ട് ( I am not OK; You are not OK). ഇത്തരം ഒരു കാഴ്ചപ്പാടിൽ മനുഷ്യജീവിതം അന്ധകാരാവൃതമാണ്. അല്പം കൂടി പക്വതയുള്ള ആളുകൾ വലിയ ഒരു സത്യം മനസ്സിലാക്കുന്നു. താൻ തന്നെതന്നെ സ്നേഹിക്കുകയും സ്വികരിക്കുകയും ചെയ് തെങ്കിലേ തന്റെ ജീവിതത്തിൽ ശാന്തി ലഭിക്കൂ. അവിടെ മാത്രമേ തന്റെ ജീവിതം അർത്ഥവ്യത്താവൂ. മറ്റുള്ളവർ വേണമെങ്കിൽ തിരുത്തട്ടെ (I am OK; You are not OK). ഇപ്രകാരം സ്വയം സ്വീകരിക്കുന്ന വ്യക്തി ഒരു പ്രതിഭാശാലിയായി രൂപാന്തരപ്പെടുന്നു. ഇക്കൂട്ടർക്ക് അവരോട് തന്നെ വലിയ മതിപ്പാണ്. എന്നിരുന്നാലും സമൂഹത്തെ നന്നാക്കുവാൻ ശ്രമിക്കുന്നത് ഒരു പാഴ്വേല മാത്രമാണെന്ന് വ്യക്തി കാലക്രമേണ മനസ്സിലാക്കുന്നു. സമൂഹം നന്നാവുകയുമില്ല തന്റെ മന:ശ്ശാന്തി നഷ്ടപ്പെടുകയും ചെയ്യുന്നു. പകരം സ്വയം ബഹുമാനിച്ചുകൊണ്ട് തന്നെ സ്വയം മെച്ചപ്പെടുവാനാകുമെന്ന് വ്യക്തി മനസ്സിലാക്കി തുടങ്ങുമ്പോൾ അയാളുടെ ജീവിതത്തിൽ ഗംഭീരമായ പുരോഗതി ആരംഭിക്കുന്നു. ഇവരാണ് ‘സാധന’ ചെയ്യുന്ന ആളുകൾ. അവർ സ്വയം തിരുത്തുകയും സമൂഹത്തെ വെറുതെ വിടുകയും ചെയ്യുന്നു (I am not OK; You are OK). എന്നാൽ ഇപ്രകാരം സ്വയം മെച്ചപ്പെടുന്ന പ്രക്രിയ ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയ ആണെന്ന് വ്യക്തി കാലക്രമേണ മനസ്സിലാക്കുന്നു. പൂർണ്ണത ഒരു മരീചികയായി തന്നെ തുടരുന്നു. ഇവിടെ അയാൾ ആത്മപുരോഗതിയെയും സാധനയെയും വലിച്ചെറിയുന്നു. അവിടെ അയാൾ താനിപ്പോൾതന്നെ പരിപൂർണ്ണനും കുറവുകൾ ഇല്ലാത്തവനും ആണെന്ന് കണ്ടെത്തുകയും തന്നിൽ പ്രകാശിക്കുന്നത് ഈശ്വരൻ തന്നെയാണ് അറിയുകയും ചെയ്യുന്നു. അവിടെ കുറ്റം ആരുടെ ഭാഗത്താണ്? ആരുടെയും ഭാഗത്ത് കുറ്റമില്ല (I am OK; You are OK). കുറ്റം ഉണ്ടെന്നുള്ളത് ഒരു തോന്നൽ മാത്രമായിരുന്നു. അതുവരെ നരകമായി അനുഭവപ്പെട്ടിരുന്ന സാമൂഹിക ജീവിതം അവിടെ തുടങ്ങി ഒരു സ്വർഗ്ഗമായി മാറുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതെ! കുറ്റാരോപണമാണ് സ്വർഗ്ഗത്തെ നരകമാക്കി മാറ്റുന്നത്. കുറ്റങ്ങൾ കാണുന്നത് ഒരു ദുശ്ശീലം മാത്രമാണ്. നമുക്ക് നമ്മിൽ തന്നെ കുറ്റം ആരോപിക്കാം; സമൂഹത്തിലും കുറ്റം ആരോപിക്കാം. ഇപ്രകാരം കുറ്റാരോപണം നടത്തുന്നിടത്തോളം കാലം ആരിൽ കുറ്റം ആരോപിക്കുന്നുവോ അവരിൽ കുറ്റം ഉള്ളതായി നമുക്ക് തോന്നുന്നു. അതൊരു തോന്നൽ മാത്രമാണ്. കുറ്റാരോപണം നിർത്തുന്ന നിമിഷം ആ തോന്നൽ തിരോഭവിക്കുകയും ചെയ്യുന്നു. എന്തെങ്കിലും ഒക്കെ പുരോഗതി ഇല്ലെങ്കിൽ ജീവിതത്തിന് എന്തർത്ഥം എന്ന് നാം ചിന്തിച്ചേക്കാം. പുരോഗതിക്കുവേണ്ടിയുള്ള ഈ ദാഹം – ആഗ്രഹം – ആണ് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. വാസ്തവത്തിൽ പുരോഗതിയുടെ ആവശ്യം അവിടെയില്ല. ഇപ്പോൾ തന്നെ എല്ലാം പരിപൂർണ്ണമാണ്. ആഗ്രഹങ്ങൾ എല്ലാം അസ്ഥാനത്താണ്. പുരോഗതിയെയും ആഗ്രഹങ്ങളെയും പ്രതി നിങ്ങൾ പൂർണ്ണതയിൽ അപൂർണ്ണത ദർശിക്കുന്നു. നിങ്ങൾ കുറ്റം ആരോപിക്കുന്നു. ഈ പ്രതിഭാസം എപ്പോൾ നിലക്കുന്നുവോ അപ്പോൾ നിങ്ങൾ പൂർണ്ണതയിലേക്ക് ചുവടുവയ്ക്കുന്നു. പ്രശ്നം കിടക്കുന്നത് നിങ്ങളുടെ മനസ്സിലാണ്. പൂണ്ണത ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ല. മറിച്ച് ഇപ്പോൾ തന്നെ എല്ലാം പൂർണ്ണമാണ്. അപൂർണ്ണതയാണ് കൃത്രിമം.

നിങ്ങൾ സമൂഹത്തിൽ കുറ്റം ആരോപിച്ചാൽ സമൂഹം തിരിച്ച് നിങ്ങളിലും കുറ്റം ആരോപിക്കും. നിങ്ങൾ സമൂഹത്തെ തിരുത്തുവാൻ ശ്രമിക്കുമ്പോൾ സമൂഹം ബലം പ്രയോഗിച്ച് നിങ്ങളെയും തിരുത്തുന്നു. നിങ്ങൾ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുമ്പോൾ സമൂഹം നിങ്ങളുടെ സ്വാതന്ത്ര്യത്തിലും കൈകടത്തുന്നു. സമൂഹത്തെ നന്നാക്കുവാൻ ഇറങ്ങിത്തിരിക്കുന്ന നിങ്ങളെ സമൂഹം അടിമയായി പിടിക്കുന്നു. അതിനാൽ നിങ്ങൾ സമൂഹത്തെ ആദരിച്ചു തുടങ്ങുവിൻ. നിങ്ങളെ തന്നെയും ആദരിക്കുവിൻ. അപ്പോൾ പിന്നെ ജീവിതം എന്തിനുവേണ്ടിയാണ്? മെച്ചപ്പെടുവാൻ ഒന്നുമില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ അർത്ഥം എന്താണ്? ആസ്വാദനത്തിനു വേണ്ടി! എല്ലാം പരിപൂർണ്ണം! അതിനാൽ തന്നെ ആവോളം ആസ്വദിക്കുവിൻ! നിങ്ങൾ ചെയ്യുന്ന എല്ലാ കർമ്മവും ആസ്വാദനത്തിനു വേണ്ടി മാത്രം ചെയ്യുവിൻ! അപ്പോൾ അവ നിഷ്കാമകർമ്മമായി പരിണമിക്കും. ഇപ്രകാരം പരമാനന്ദത്തിലേക്ക് ചുവടു വയ്ക്കുവിൻ. സമൂഹവുമായുള്ള നിങ്ങളുടെ ബന്ധം ഒരു ബന്ധനമാവാതിരിക്കട്ടെ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120