ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അർബുദമാണ് ബ്രസ്റ്റ് ക്യാൻസർ. നേരത്തെ കണ്ടെത്താൻ സാധിച്ചാൽ നിലവിൽ വൈദ്യശാസ്ത്രരംഗം കൈവരിച്ച പുരോഗതി കൊണ്ട് അതിജീവന നിരക്ക് വർഷങ്ങളായി മെച്ചപ്പെട്ടിട്ടുണ്ട് . എന്നാലും സ്ത്രീകൾക്കിടയിൽ ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഒരു സുപ്രധാന കാരണം ബ്രെസ്റ്റ് കാൻസർ ആണ്. 2022 -ൽ മാത്രം ക്യാൻസർ ബാധിച്ച് 670,000 പേരാണ് ആഗോളതലത്തിൽ മരണമടഞ്ഞത്. ഓരോ വർഷവും യുകെയിൽ മാത്രം 11.500 സ്ത്രീകളും 85 പുരുഷന്മാരും സ്തനാർബുദം മൂലം മരണമടയുന്നതായാണ് ഏകദേശ കണക്കുകൾ. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 1,62468 സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടാകുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

പേടിപ്പിക്കുന്ന കണക്കുകൾക്കിടയിൽ ശുഭകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് വായനക്കാർക്ക് സമർപ്പിക്കുന്നത്. ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകാൻ സാധ്യത ഉണ്ടോ എന്ന് നിരീക്ഷിക്കാൻ കഴിയുന്ന ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് യുകെയിലെ ശാസ്ത്രജ്ഞർ. നോട്ടിംഗ്ഹാം ട്രസ്റ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഈ ഉപകരണം വഴി സ്തനത്തിലെ കോശങ്ങൾക്കും പുറത്തുമുള്ള ചെറിയ മാറ്റങ്ങൾ വരെ കണ്ടെത്താൻ സാധിക്കും.

ഈ ഉപകരണം രോഗികളുടെ ബ്രായ്ക്കുള്ളില്‍ വയ്ക്കാൻ സാധിക്കും. അതുമല്ലെങ്കിൽ ഈ ഉപകരണം ഉൾപ്പെടുത്തി പുതിയ ബ്രാകൾ രൂപകൽപ്പന ചെയ്യാനും സാധിക്കും. ഉപകരണത്തിൽ നിന്നുള്ള വിവരങ്ങൾ തത്സമയം സ്മാർട്ട്ഫോൺ വഴിയായി ധരിക്കുന്നവർക്കും അതോടൊപ്പം മെഡിക്കൽ ടീമിനും കൈമാറി കൊണ്ടിരിക്കും.

ക്യാൻസർ റിസർച്ച് അനുസരിച്ച് യുകെയിൽ പ്രതിവർഷം 55,000 – ലധികം പുതിയ സ്തനാർബുദ കേസുകൾ ആണ് ഉണ്ടാകുന്നത്. പുതിയ കണ്ടുപിടുത്തത്തിലൂടെ ബ്രെസ്റ്റ് ക്യാൻസർ കേസുകളുടെ എണ്ണം 23% കുറയ്ക്കാൻ സാധിക്കും എന്നാണ് വിലയിരുത്തുന്നത്.