ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാനായി കാത്തിരുന്ന സ്റ്റീഫൻ ജെൻകിൻസൺ എന്ന യുവാവിനു നഷ്ടമായത് സ്വന്തം കൈവിരലാണ്. 2022 ഡിസംബർ മാസത്തിലാണ് ദൗർഭാഗ്യകരമായ ഈ സംഭവം ഹാംപ്ഷെയറിലെ ആൽഡർഷോട്ടിൽ നടന്നത്. 35 കാരിയായ ജെന്നിഫർ റോച്ചയാണ് സ്റ്റീഫൻ ഓർഡർ ചെയ്ത പിസ്സ നൽകാൻ എത്തിയപ്പോൾ അദ്ദേഹത്തെ ആക്രമിച്ചത്.

‘ഡെലിവറൂ ‘ എന്ന ഫുഡ് ഡെലിവറി ആപ്പിലൂടെയാണ് 2022 ഡിസംബർ 14 ന് മുപ്പത്തിയാറുകാരനായ സ്റ്റീഫൻ ഒരു പിസ്സ ഓർഡർ ചെയ്തത്. ഇത് ഡെലിവർ ചെയ്യാൻ എത്തിയതായിരുന്നു ജെന്നിഫർ റോച്ച എന്ന ഡെലിവറി ഡ്രൈവർ. എന്നാൽ ഇവർ സ്റ്റീഫന്റെ വീട്ടിൽ നിന്നും മാറിയുള്ള തെറ്റായ അഡ്രസ്സിൽ എത്തിയതിനെ തുടർന്ന് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ സ്റ്റീഫൻ തന്റെ ഫോൺ വീട്ടിൽ വച്ച് മറന്നു പോയിരുന്നു. ഭക്ഷണം ഡെലിവർ ചെയ്തപ്പോൾ നൽകേണ്ട ഡെലിവറി കോഡ് നമ്പറിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ ചെറിയ തർക്കമുണ്ടായത്. തുടർന്നാണ് താൻ ആക്രമിക്കപ്പെട്ടതെന്ന് സ്റ്റീഫൻ പറഞ്ഞു. ഡെലിവറൂ ആപ്പ് നേരിട്ട് ഇവരെ റിക്രൂട്ട് ചെയ്തതല്ലെന്നും, മറ്റൊരാളുടെ അക്കൗണ്ട് ഉപയോഗിച്ച് പകരം റൈഡറായി ഇവർ ജോലി ചെയ്തുവരികയായിരുന്നുവെന്നും പിന്നീട് കണ്ടെത്തി.


യാതൊരുവിധ പ്രകോപനവും ഇല്ലാതെ തന്റെ കയ്യിലേക്ക് ഇവർ കടിക്കുകയായിരുന്നുവെന്ന് സ്റ്റീഫൻ വ്യക്തമാക്കി. തന്റെ കൈ വിടുവിക്കുവാനായി താൻ അവരുടെ ഹെൽമറ്റിൽ പിടിച്ചു കുലുക്കുന്നത് മാത്രമാണ് തനിക്ക് ഓർമ്മയുള്ളതെന്നും തന്റെ കയ്യിൽ നിന്ന് രക്തം ഒഴുകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തള്ളവിരലിൽ നക്കിളിന്റെ മുകളിൽ വെച്ച് അദ്ദേഹത്തിന് വിരൽ നഷ്ടപ്പെട്ടു. പിന്നീട് സർജറിയിലൂടെ ഇത് കൂട്ടിച്ചേർക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. വളരെ ഗുരുതരമായ ഒരു കുറ്റമാണ് ഇതെന്ന് വിൻചെസ്റ്റർ ക്രൗൺ കോടതി ജഡ്ജി വ്യക്തമാക്കി. താൻ കുറ്റം ചെയ്തതായി കോടതിയിൽ ജെന്നിഫർ സമ്മതിച്ചിട്ടുണ്ട്. മെയ് 3നാണ് സംഭവത്തിൽ കോടതി വിധി ഉണ്ടാകുന്നത്. സ്റ്റീഫന് ജോലിക്ക് പോലും പോകാൻ പറ്റാത്ത സാഹചര്യമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. തന്റെ ജീവിതം തന്നെ ഒരു ഡെലിവറിയിലൂടെ മാറിമറിഞ്ഞതായി സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞു.