ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വാൽസാൽ : വാട്സ്ആപ്പിലൂടെ വംശീയ വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ച വാൽസാൽ മേയർക്ക് സസ്പെൻഷൻ. കൺസർവേറ്റീവ് പാർട്ടി വാൽസാൽ കൗൺസിലറായ റോസ് മാർട്ടിനെയാണ് പാർട്ടി ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. വാട്സ്ആപ്പിലൂടെ വംശീയ വിദ്വേഷ പോസ്റ്റ്‌ പങ്കുവെച്ചുവെന്നതാണ് കുറ്റം. അഞ്ച് കറുത്ത വർഗ്ഗക്കാരായ കുട്ടികൾ ഒരു വെളുത്ത കുട്ടിയെ നോക്കുന്ന ചിത്രത്തിന് കീഴിൽ “സൗത്ത് ലണ്ടനിലെ യുക്രേനിയൻ അഭയാർഥി കുട്ടി ആദ്യമായി സ്കൂളിലേക്ക്” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്‌ പങ്കുവെച്ചത്. വാട്ട്‌സ്ആപ്പ് പോസ്റ്റ് കണ്ട ഒരാൾ ദേശീയ തലത്തിൽ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി. ഇത് ഔദ്യോഗിക അന്വേഷണത്തിലേക്ക് നയിച്ചു. തുടർന്നായിരുന്നു സസ്പെൻഷൻ.

എന്നാൽ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റോസ് മാർട്ടിൻ പ്രതികരിച്ചു. ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. സസ്‌പെൻഷനെതിരെ അപ്പീൽ സമർപ്പിക്കാൻ മാർട്ടിന് സാധിക്കും. അന്വേഷണ ഫലത്തെപറ്റിയുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്ന് വാൽസാൽ കൗൺസിലിന്റെയും ടോറി ഗ്രൂപ്പിന്റെയും നേതാവായ മൈക്ക് ബേർഡ് പറഞ്ഞു.

പാർട്ടി ബോർഡിനോട് ക്ഷമാപണം നടത്താനും റോസിനോട് നിർദേശിച്ചിട്ടുണ്ട്. മേയ് 23-നാണ് റോസ് മേയർ പദവിയിലെത്തിയത്. ഈ പദവിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തെങ്കിലും പെൽസാൽ വാർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമായി ഇവർക്ക് തുടരാൻ കഴിയും.