ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫിലിപ്പിൻസിൽ ഓരോ ദിവസവും 500 ലധികം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഗർഭിണികളാകുന്നതായും പ്രസവിക്കുകയും ചെയ്യുന്നതായുള്ള കണക്കുകൾ പുറത്തുവന്നു. ഇവരിൽ പലരും 10 നും 15നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ്. രാജ്യത്തിൻറെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2021 -നും 2022- നും ഇടയിൽ ഇത്തരം കേസുകളുടെ എണ്ണത്തിൽ 35 ശതമാനമാണ് വർദ്ധനവ് ഉണ്ടായത്.


കേസ എന്ന ഫിലിപ്പിൻസ് പെൺകുട്ടി ഒരു മകളെ ഗർഭം ധരിച്ച് പ്രസവിച്ചത് വെറും 13 വയസ്സുള്ളപ്പോൾ ആണ്. വീണ്ടും ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ തൻറെ ചെറുപ്രായത്തിൽ അവൾ ഒരു ആൺകുഞ്ഞിനു കൂടി ജന്മം നൽകി. വെറും 17 വയസ്സ് പ്രായമുള്ളപ്പോൾ രണ്ട് കുട്ടികളുടെ അമ്മയായ അവൾക്ക് തന്റെ വിദ്യാഭ്യാസം പൂർണമായും ഉപേക്ഷിക്കേണ്ടതായി വന്നു . ഫിലിപ്പിൻസിൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മതിയായ ലൈംഗിക വിദ്യാഭ്യാസത്തിൻറെ അഭാവമാണ് ഒരു സമൂഹത്തെ മുഴുവൻ ഇത്തരം ദുരവസ്ഥ കാർന്നു തിന്നുന്നതിന് കാരണമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ പറയുന്നത്. മതിയായ ലൈംഗികാവബോധങ്ങളും ഗർഭനിരോധന മാർഗ്ഗങ്ങളെ കുറിച്ചും പഠിപ്പിക്കുന്നതിന് ജനസംഖ്യയുടെ 90% അംഗങ്ങളായുള്ള കത്തോലിക്കാ സഭ എതിർക്കുന്നതായി ചൂണ്ടി കാണിക്കപ്പെടുന്നു. തികച്ചും യാഥാസ്ഥിതികമായ സമീപനം സഭയുടെ ഭാഗത്തുനിന്നും ഈ കാര്യത്തിൽ ഉണ്ടാകുന്നതായാണ് ഫിലിപ്പിൻസ് സാമൂഹിക പ്രവർത്തകർ ചൂണ്ടി കാണിക്കുന്നത്.

ഗർഭനിരോധനം ക്യാൻസറിന് കാരണമാകുമെന്നും അത് കൊലപാതകത്തിന് തുല്യമാണെന്നുമുള്ള ഫിലിപ്പീൻസിലെ കത്തോലിക്കാ സഭയുടെ ഉദ്ബോധനങ്ങൾ ജനങ്ങളിൽ ആഴത്തിൽ വേരുന്നിയിട്ടുണ്ട്. ലൈംഗിക ബന്ധത്തിനു ശേഷം മുകളിലേക്കും താഴേക്കും ചാടുന്നത് ഗർഭധാരണം തടയുമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം ചെറുപ്പക്കാരും. ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പെൺകുട്ടികൾ ഗർഭിണികളാകില്ലെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഇത്തരം അബദ്ധ ജടിലമായ വിശ്വാസങ്ങൾ സമൂഹത്തിൽ വേരൂന്നുന്നത് പിഴുതെറിയാൻ ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന് മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ ഔദ്യോഗിക തലങ്ങൾ ലൈംഗിക വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങളെല്ലാം ഭൂരിഭാഗം ജനങ്ങളും അംഗങ്ങളായ കത്തോലിക്കാ സഭയുടെ എതിർപ്പും മൂലം പരാജയപ്പെടുകയാണ് ചെയ്യുന്നത്.

2012 -ൽ നിയമം വഴി ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ നിർബന്ധമാക്കാനും ഗർഭനിരോധന മാർഗ്ഗങ്ങൾ സൗജന്യമായി ലഭ്യമാക്കാനുമുള്ള സർക്കാരിന്റെ നീക്കത്തെ കത്തോലിക്കാ സഭ പരസ്യമായി വെല്ലുവിളിച്ചു. സന്താനങ്ങളെ ജനിപ്പിക്കാനുള്ള ദൈവഹിതത്തെ എതിർക്കുന്ന നിയമ നിർമ്മാണം അപകടകരമാണെന്നാണ് ഫിലിപ്പീൻസ് കത്തോലിക്കാ സഭയുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന അന്തരിച്ച ഫാ. മെൽവിൻ കാസ്ട്രോ പറഞ്ഞത്. സഭയുടെ എതിർപ്പിനെ മറികടന്ന് 2014 -ൽ സുപ്രീംകോടതി ഈ നിയമം ശരി വച്ചെങ്കിലും അത് നടപ്പിലാക്കുന്നത് മന്ദഗതിയിൽ ആണെന്ന് സേവ് ദ ചിൽഡ്രൻ ഫിലിപ്പീൻസിൻ്റെ സാങ്കേതിക ഉപദേഷ്ടാവ് ഷെബാന ആൻ ഖസിൻ പറഞ്ഞു . നിയമത്തിൽ വിചിത്രമായ ഒരു വ്യവസ്ഥ കൂടി സുപ്രീംകോടതി ഉൾപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളുടെ സമ്മതമില്ലാതെ 18 വയസ്സിന് താഴെയുള്ളവർക്ക് ഗർഭനിരോധന മാർഗങ്ങൾ ലഭ്യമാക്കാൻ നിയമപ്രകാരം സാധിക്കുകയില്ല. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് കണക്കുകൾ പ്രകാരം ഫിലിപ്പീൻസിലെ 32 ദശലക്ഷം വിദ്യാർത്ഥികളിൽ 1.1 ദശലക്ഷം വിദ്യാർഥികൾക്ക് മാത്രമേ ലൈംഗിക വിദ്യാഭ്യാസം ലഭ്യമായിട്ടുള്ളൂ