റ്റിജി തോമസ്

2022 ഒക്ടോബർ 10-ാം തീയതി രാവിലെ ഞങ്ങൾ ലണ്ടനിലേക്ക് യാത്രതിരിച്ചു. യുകെയിലെത്തിയ അന്നുമുതൽ എൻറെ യാത്രകളെല്ലാം നിർണ്ണയിച്ചിരുന്നത് ജോജിയും മിനിയും ചേർന്നായിരുന്നു. സാധാരണഗതിയിൽ ഒരു യാത്രയ്ക്കായി ഒത്തിരി ഒരുക്കങ്ങൾ നടത്തുന്ന വ്യക്തിയാണ് ഞാൻ. ഇവിടെ എൻറെ എല്ലാ യാത്രകൾക്കുമുള്ള ഒരുക്കങ്ങൾ എനിക്ക് പകരം ജോജിയും മിനിയും ചെയ്യുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനാണ് എന്റെ യുകെ യാത്രയിൽ സന്ദർശിക്കാൻ ഞാൻ ഏറ്റവും കൂടുതൽ മുൻഗണന കൊടുത്ത സ്ഥലം . വെയ്ക്ക് ഫീൽഡിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിൻ മാർഗവും യാത്ര ചെയ്യാമെങ്കിലും കാറിൽ പോകാമെന്നാണ് ജോജി തീരുമാനിച്ചത്.

ഞങ്ങളുടെ യാത്ര സംഘത്തിൽ 5 പേർ ഉണ്ടായിരുന്നു. ജോജിയും ഞാനും പിന്നെ ജോജിയുടെ സുഹൃത്തായ വിജോയിയും അദ്ദേഹത്തിൻറെ ഭാര്യ ജോസ്‌നയുടെ സഹോദരൻ ജോയലും ബന്ധുവായ ലിറോഷും . മൂന്ന് ദിവസത്തെ ലണ്ടൻ യാത്ര ഇത്ര മനോഹരമായതിനെ ഒരു കാരണം വിജോയിയും ജോയലും ലിറോഷും ഞങ്ങളോടൊപ്പം ചേർന്നതായിരുന്നു. വിജോയിയുടെ സ്വദേശം തൃശൂർ ഒല്ലൂർ ആണ്. കാനഡയിൽ പഠനം നടത്തുന്ന ജോയലും ലിറോഷും അവധി ആഘോഷിക്കാൻ യുകെയിൽ എത്തിയതാണ്.

ജോജിയുടെ കാറിൽ നാവിഗേറ്റർ ക്രമീകരിച്ചു യാത്ര ആരംഭിച്ചു . വെയ്ക്ക് ഫീൽഡിൽ നിന്ന് 297 കിലോമീറ്ററുകളാണ് ലണ്ടനിലേയ്ക്കുള്ളത്.  ഞങ്ങളുടെ യാത്ര M1 മോട്ടോർ വേയിലൂടെയാണ് . മോട്ടോർ വേകളുടെ പ്രത്യേകതകളെ കുറിച്ച് ജോജിയും വിജോയും കാര്യമായി തന്നെ പറഞ്ഞു തന്നു.

വേഗത നിയന്ത്രണവും തിരക്ക് ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായിട്ടാണ് മോട്ടോർവേകളിൽ ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ പ്രധാനപ്പെട്ട നഗരങ്ങളിൽ പോലും നിശ്ചിത സമയമാണ് വിവിധ സിഗ്നലുകൾക്കായി ക്രമീകരിച്ചിരിക്കുന്നത് . ഇതിന്റെ ഫലമായി ഒരു വാഹനം പോലും പോകാനില്ലെങ്കിലും പച്ച ലൈറ്റ് തെളിയാത്തതിനാൽ കാത്തു കിടേക്കണ്ടി വരുന്ന ദുരവസ്ഥ നമ്മൾ പലപ്പോഴും നേരിട്ടിട്ടുണ്ടാവും.

എന്നാൽ മോട്ടോർവേകളിൽ തികച്ചും വ്യത്യസ്തമാണ് കാര്യങ്ങൾ. മോട്ടോർവേകളിൽ സാധാരണ വേഗ പരിധി 70 മൈൽ ആണ്. ചുവപ്പ് , മഞ്ഞ, പച്ച എന്നീ സിഗ്നലുകൾക്ക് പകരം വാഹനങ്ങളുടെ തിരക്ക് അനുസരിച്ചുള്ള വേഗ നിയന്ത്രണമാണ് മോട്ടോർവേകളിൽ ഉള്ളത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ എന്റെ യാത്രയെ അടിസ്ഥാനമാക്കി മലയാളം യുകെയിൽ പംക്തി പ്രസിദ്ധീകരിക്കണമെന്ന ആശയം നേരത്തെ മനസ്സിലുണ്ടായിരുന്നതുകൊണ്ട് പലകാര്യങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാൻ ഞാൻ ശ്രമിച്ചിരുന്നു. ഞാൻ ചോദിക്കാതെ തന്നെ പല കാര്യങ്ങളും ജോജിയും വിജോയിയും എനിക്ക് വിശദീകരിച്ചു തന്നു. മോട്ടോർ വേകളിൽ ഇന്ധന ക്ഷമത (Energy Efficiency ) ലെയ്നുകളെ കുറിച്ച് പറഞ്ഞത് ജോജിയാണ്. മോട്ടോർ വേയ്സിൽ തന്നെ പല ലെയ്നുകൾക്കും വിവിധ സ്പീഡിൽ സഞ്ചരിക്കുന്നവർക്കും വേണ്ടിയാണ് നിർമിച്ചിരിക്കുന്നത് . വേഗത കുറഞ്ഞ് പോകുന്ന മോട്ടോർ വേ ഭാഗങ്ങളിൽ മിനുസമുള്ളവയും കൂടുതൽ വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗങ്ങളിൽ അപകടം കുറയ്ക്കാൻ പരുപരുത്തതായുമാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അമിതവേഗത്തിൽ യാത്ര ചെയ്യുന്ന ലെയ്നുകളെക്കാൾ എനർജി എഫിഷ്യൻസി കിട്ടുന്നത് വേഗത കുറഞ്ഞ ലെയ്നുകളിൽ യാത്ര ചെയ്യുമ്പോഴായിരിക്കും. എമർജൻസി സർവീസിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഹാൻഡ് ഷോൾഡർ എന്ന് അറിയപ്പെടുന്ന ലെയ്നുകൾ ഗതാഗത കുരുക്ക് കൂടുമ്പോൾ തുറന്നു കൊടുക്കുന്ന സംവിധാനവും മോട്ടോർ വേകളുടെ പ്രത്യേകതയാണ്.

ഫ്രീ എയർ സോണുകളുടെ പ്രത്യേകമേഖല എന്ന ആശയവും എന്നെ വളരെ ആകർഷിച്ചു. ടോൾ നൽകേണ്ടതും അല്ലാത്തവയുമായ ഫ്രീ എയർ സോണുകൾ മോട്ടോർ വേയിലുണ്ട്. വാഹനങ്ങളുടെ മലിനീകരണതോത് അനുസരിച്ചാണ് തുക നിർണ്ണയിക്കപ്പെടുന്നത്. വായു മലിനീകരണം കുറയ്ക്കുക എന്നതാണ് ഫ്രീ എയർ സോണുകളുടെ ലക്‌ഷ്യം .

മോട്ടോർ വേയിലെ യാത്രയിൽ മൾട്ടി നാഷണൽ കമ്പനികളുടെ കൂറ്റൻ വെയർഹൗസുകൾ , വിലയേറിയ ലക്ഷ്വറി കാറുകൾ വഹിച്ചു കൊണ്ടുള്ള കണ്ടെയ്നർ വാഹനങ്ങൾ തുടങ്ങി ഇംഗ്ലണ്ടിന്റെ വ്യവസായ വളർച്ചയുടെ ചില നേർ ചിത്രങ്ങൾ നമ്മൾക്ക് കാണാൻ സാധിക്കും. എന്തെങ്കിലും കാരണത്താൽ വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആയാൽ കരുതേണ്ട കാര്യങ്ങളെ കുറിച്ച് മോട്ടോർ വേ അതോറിറ്റി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അതിൽ പ്രധാനമാണ് തണുപ്പിൽ നിന്നും രക്ഷപ്പെടാനുള്ള വസ്ത്രങ്ങളും അത്യാവശ്യ ഭക്ഷണവും വെള്ളവും.

മാഞ്ചസ്റ്ററിൽ എയർപോർട്ടിൽ നിന്ന് വെയ്ക്ക് ഫീൽഡിലേയ്ക്കും അവിടെനിന്ന് വെസ്റ്റ് യോർക്ക് ഷെയറിലേയ്ക്കും ലീഡ്‌സിലേക്കും ഒക്കെ സ്മാർട്ട് മോട്ടോർ വേയിൽ കൂടി യാത്ര ചെയ്തിരുന്നെങ്കിലും സ്മാർട്ട് മോട്ടോർ വേകൾ ഇത്ര സ്മാർട്ട് ആണെന്ന് മനസ്സിലായത് എന്റെ ലണ്ടൻ യാത്രയിലാണ്.

രാവിലെ യാത്ര തിരിച്ച ഞങ്ങൾ ഒൻപത് മണിയോടെ M1 മോട്ടോർ വേയിലെ സർവീസ് സ്റ്റേഷൻ ആയ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇന്നിൽ എത്തിച്ചേർന്നു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.