മികച്ച വിളവുണ്ടെകില്‍ കർഷകർക്ക് നല്ല ലാഭം നല്കുന്ന കൃഷിയാണ് ഏലം കൃഷി. ഏലത്തിനിപ്പോള്‍ വിപണിയില്‍ വില കുതിക്കുകയാണ്. എന്നാല്‍ ഹൈറേഞ്ചിലെ അത്യുഷ്ണത്തില്‍ കൃഷി നാശമാകാൻ തുടങ്ങിയതോടെ ആവശ്യത്തിന് ചരക്ക് കർഷകരുടെ കൈയിലില്ല. ഇതാണ് ഏലത്തിന് വില കൂടാനും അതിന്റെ പ്രയോജനം കർഷകർക്ക് നേടാനും സാധിക്കാത്തതിന്റെ കാരണം.
പുറ്റടി സ്പൈസസ് പാർക്കില്‍ ബുധനാഴ്ച നെടുങ്കണ്ടം ഹീഡർ സിസ്റ്റംസ് (ഇന്ത്യ) ലിമിറ്റഡ് നടത്തിയ ഓണ്‍ലൈൻ ലേലത്തില്‍ ഒരു കിലോ ഏലയ്ക്കയുടെ വില 3009 രൂപയിലും ശരാശരി വില കിലോയ്ക്ക് 1925.1 രൂപയുമായി ഉയർന്നിരുന്നു. മൂന്ന് ആഴ്ചയായി ഏലം വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. കച്ചവടക്കാരുടെയും കർഷകരുടെയും കൈയ്യില്‍ സ്റ്റോക്ക് കുറഞ്ഞതിനാല്‍ വരുംദിവസങ്ങളിലും വില കൂടുമെന്നാണ് പ്രതീക്ഷ.
ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏലയ്ക്കയുടെ ശരാശരി വില കിലോയ്ക്ക് 5,000 രൂപ കടക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഏലംകൃഷിയുള്ള ഇടുക്കി ജില്ലയിലെ 70 ശതമാനം ഏലം കൃഷിയും കൊടുവേനലില്‍ കരിഞ്ഞുണങ്ങി. എ സോണിലെ വണ്ടന്മേട് മേഖലയിലെ കൃഷി പൂർണമായും നശിച്ചു. നേരിട്ട് വെയില് ബാധിക്കാത്ത ഏലം കൃഷി ഏറെയുള്ള ഉടുമ്ബഞ്ചോല മേഖലയില്‍ മാത്രമാണ് വേനല്‍ നാശങ്ങള് ബാധിക്കാത്തത്.
മുൻ വർഷങ്ങളേക്കാള്‍ 3- 4 ഡിഗ്രി സെല്‍ഷ്യസ് അധിക ചൂടാണ് അനുഭവപ്പെടുന്നത്. എല്ലാ ദിവസങ്ങളിലും വെള്ളം പമ്പ് ചെയ്യുന്നതിനാല്‍ തോട്ടങ്ങളിലെ ജലസ്രോതസുകളും വറ്റി. ഒരു ഏലം ചെടിയ്ക്ക് 40 ലിറ്റർ വരെ വെള്ളം ഒരാഴ്ച വേണം. ഇതില്‍ കുറവുണ്ടായാല്‍ ചെടികള്‍ വാടും.
Leave a Reply