ബി.ജെ.പിയിൽ അവഗണന നേരിടുന്നതായി പരാതിയുമായി പ്രമുഖർ രംഗത്ത്. മെട്രോമാൻ ഇ. ശ്രീധരനും മുൻ ഡി.ജി.പി ജേക്കബ് തോമസും ബി.ജെ.പി അവഗണനയിൽ അതൃപ്തി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിൽ ചേർന്ന പല പ്രമുഖരെയും അവഗണിക്കുന്നതായാണ് പരാതി.

അതേസമയം, തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംഘടനാ തലത്തിൽ സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങി ബി.ജെ.പി. സംസ്ഥാനത്തെ 5 ജില്ലാ അദ്ധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലാ പ്രസിഡന്റുമാർക്കെതിരെ നടപടിയുണ്ടാകും. തിരുവനതപുരത്ത് വി വി രാജേഷ് മാറാൻ സന്നദ്ധത അറിയിച്ചു. എന്നാൽ തിരുവനന്തപുരത്ത് നേതൃമാറ്റം ഉടൻ വേണ്ടെന്നാണ് കോർ കമ്മിറ്റിയുടെ അഭിപ്രായം. ജില്ലാ പ്രസിഡന്റുമാരെ മാത്രമല്ല എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനും നിർദേശമുണ്ട്.

ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വി മുരളീധരനെതിരെ രൂക്ഷവിമർശനമാണ് കൃഷ്ണദാസ് പക്ഷം ഉന്നയിച്ചത്. മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു. യോഗത്തിൽ സുരേന്ദ്രൻ ഏകപക്ഷീയമായി നിലപാട് എടുക്കുന്നു എന്നും വിമർശനം ഉയർന്നു.