ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ബുധനാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ്, രാജസ്ഥാന്, ബിഹാര്‍, ഹരിയാന, യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.
കടുത്ത ചൂടില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് ഒഡീഷയിലാണ്. 96 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
മൂന്ന് ദിവസം കൊണ്ട് നിലവിലെ അത്യുഷ്ണം കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഡല്‍ഹിയിലും രാജസ്ഥാനിലും അന്തരീക്ഷ താപനില നേരിയ തോതില്‍ കുറഞ്ഞെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശരാശരി ചൂട് 45 ഡിഗ്രിക്ക് മുകളില്‍ തുടരുകയാണ്. അതേസമയം ഡല്‍ഹിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായിട്ടില്ല.
അതേസമയം കേരളത്തില്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. അതിനിടെ കൊല്ലത്തും കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്:
03-06-2024: കണ്ണൂര്‍
04-06-2024: തൃശൂര്‍
05-06-2024: ആലപ്പുഴ,എറണാകുളം, ഇടുക്കി
06-06-2024: എറണാകുളം,തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Leave a Reply