ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാനൽ കടക്കുന്നതിനിടെ ബോട്ട് അപകടത്തിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെ 80 ഓളം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ കെൻ്റ് തീരത്ത് നിന്ന് 10 മൈൽ അകലെ കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിൽ പെട്ടെന്നുള്ള വാർത്ത പുറത്ത് വന്നതിനു പിന്നാലെ രണ്ട് ബോർഡർ ഫോഴ്‌സ് കപ്പലുകൾ, രണ്ട് ലൈഫ് ബോട്ടുകൾ, രണ്ട് ഫ്രഞ്ച് കപ്പലുകൾ, രണ്ട് കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ ലൈഫ് ബോട്ടുകൾ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.യുകെ ലൈഫ് ബോട്ടുകൾ രക്ഷപ്പെടുത്തിയവരെ ഡോവറിലേക്ക് കൊണ്ടുപോകും.

ഹോം ഓഫീസിൻെറ കണക്കുകൾ പ്രകാരം ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ 7,500 കുടിയേറ്റക്കാർ ചെറിയ ബോട്ടുകൾ വഴി യുകെയിൽ എത്തിയിട്ടുണ്ട്. 2023-ൽ 29,437 കുടിയേറ്റക്കാർ ഫ്രാൻസിൽ നിന്ന് കെൻ്റ് തീരത്തെത്തിയിരുന്നു. ഇംഗ്ലീഷ് ചാനൽ വഴിയുള്ള കുടിയേറ്റം ജൂലൈ 4 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കുടിയേറ്റത്തെ കുറിച്ചുള്ള ചർച്ചകളിൽ പ്രധാന പങ്ക് വഹിക്കുന്ന വിഷയങ്ങളിൽ ഒന്നാണ്.