കേരളത്തിൻറെ ഇന്നോളമുള്ള ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി എംപി ജയിക്കുന്നത്. അത് ബിജെപി എന്ന പാർട്ടിയെക്കാളും സുരേഷ് ഗോപി എന്ന വ്യക്തിയുടെ വിജയം കൂടിയായിരുന്നു. പ്രധാനമന്ത്രി ഉൾപ്പെടെ പലപ്രാവശ്യം വന്ന് കാടിളക്കി പ്രചാരണം നടത്തിയപ്പോൾ പറഞ്ഞ പ്രധാന വാഗ്ദാനം ജയിച്ചാൽ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിസ്ഥാനം എന്നതായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും തകിടം മറിച്ച് കേരള ബിജെപിയ്ക്കും സുരേഷ് ഗോപിയ്ക്കും കേരളജനതയ്ക്കും സഹമന്ത്രി സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടി വന്നത് വരും ദിവസങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെക്കും എന്നാണ് കരുതപ്പെടുന്നത്.

ഇതിനിടെ പ്രതീക്ഷിച്ച മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിനാൽ മുൻമന്ത്രിയും തിരുവനന്തപുരത്തു നിന്ന് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ കടുത്ത അസംതൃപ്തിയിലാണെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു. പൊതുജീവിതം അവസാനിപ്പിക്കുന്നതായി കാണിച്ച് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത് പിൻവലിച്ച മെസ്സേജ് ആണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരെഞ്ഞെടുപ്പിൽ മൂന്നാം വിജയം കൈവരിച്ചപ്പോൾ വിജയപ്രസം​ഗത്തിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നതിനെ പറ്റി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. സുരേഷ് ​ഗോപിയുടെ പേര് പറയാതെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതോടെ ക്യാബിനെറ്റ് പദവിയോടെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷകൾ ആയിരുന്നു അണികൾക്ക്.

പുറമേ പ്രകടിപ്പിക്കാൻ ഇല്ലെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ അർഹമായ പരിഗണന ലഭിക്കാതെ പോയതില്‍ സുരേഷ് ഗോപിയും അതൃപ്തനാണ്. തൃശ്ശൂരില്‍ മിന്നും വിജയം നേടി ബിജെപി കേരളത്തില്‍ ലോക്‌സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തിയുള്ളത്. മോദിയോട് അടുത്ത ബന്ധം പുലർത്തുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു.

എന്നാല്‍ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. ഒപ്പം സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോർജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചു. തൃശ്ശൂരില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച്‌ നേടിയ വിജയത്തിന്റെ മാധുര്യത്തില്‍ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി.

അതേസമയം സുരേഷ് ഗോപി സാംസ്‌കാരിക മന്ത്രാലയത്തിലേക്കെന്ന് സൂചന. ജോർജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കിട്ടിയേക്കും. സിനിമയില്‍ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കില്‍ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം.

നേരത്തെ തന്നെ സിനിമയുടെ തിരക്കുകള്‍ താരം കേന്ദ്രനേതൃത്വത്തെ ബോധിപ്പിച്ചിരുന്നു. ഇന്നലെയാണ് രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപിയും, ജോർജ്ജ് കുര്യനും സത്യവാചകം ചൊല്ലി അധികാരമേറ്റത്.