ബിനോയ് എം. ജെ.

ഞാനും ഈ കാണുന്ന പ്രപഞ്ചവും ഒന്നു തന്നെയോ? അല്ലെന്നേ നിങ്ങൾ പറയൂ. കാരണം ഇതിനോടകം തന്നെ ഞാനീ കാണുന്ന ശരീരവുമായും അതിനെ ചുറ്റിപ്പറ്റിയുള്ള ചെറിയ ഒരു മനസ്സുമായും താദാത്മ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്റെ അസ്ഥിത്വം ഈ ഇട്ടാവട്ടത്തിൽ ഒതുങ്ങുന്നു. എന്റെ സുഖദു:ഖങ്ങൾ പരിമിതമായ ഈ സാഹചര്യങ്ങൾക്ക് അപ്പുറം പോകുന്നില്ല. അൽപമായ എന്റെ ചിന്തയെയും പ്രവൃത്തിയെയും പെരിപ്പിച്ച് കാണുന്നതിൽ ഞാൻ സായൂജ്യം കണ്ടെത്തുന്നു. എന്റെ പഠനമോ, ജോലിയോ, വിവാഹമോ, ജീവിതമോ മലണമോ പോലും അനന്തമായി നീളുന്ന ഈ ബ്രഹ്മാണ്ഡത്തിൽ ഒരു സംഭവമേയല്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അവ ഈ ബ്രഹ്മാണ്ഡത്തേക്കാൾ പ്രധാനമാണ്. നോക്കുവിൻ, കോടാനുകോടി നക്ഷത്രങ്ങളും, അവയെ ചുറ്റിക്കറങ്ങുന്ന എണ്ണമറ്റ ഗ്രഹങ്ങളും, പ്രകാശത്തിനുപോലും സഞ്ചരിക്കുവാൻ നൂറുകണക്കിനോ ആയിരക്കണക്കിനോ വർഷങ്ങൾ എടുക്കുന്ന അതി വിശാലമായ ഈ ശൂന്യാശവും – അതിലെ ഒരു മൺതരിപോലെ ചെറിയ ഈ ഭൂമിയിലിരുന്നുകൊണ്ട് നാം കാണുന്ന സ്വപ്നങ്ങളും പ്രവർത്തിക്കുന്ന വിക്രിയകളും എത്രയോ അപ്രധാനങ്ങളാണ്? നാമവയെ പെരുപ്പിച്ചു കാണിക്കുന്നുണ്ടെങ്കിൽ അതുവഴി നാം നമ്മെ തന്നെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.

ആത്മവഞ്ചനയുടെ ഈ പാത ഉപേക്ഷിച്ചുകൊണ്ട് നമുക്ക് യാഥാർഥ്യത്തിന്റെ പാതയിലൂടെ അൽപം സഞ്ചരിക്കാം.ഞാനും നിങ്ങളും ഈ ഇട്ടാവട്ടത്തിൽ പെട്ടു പോയത് എന്തുകൊണ്ടാണ്? അനന്താകാശത്തിൽ ചുറ്റിക്കറങ്ങുന്ന ഒരു പക്ഷിയെ കൂട്ടിൽ അടക്കുന്നതുപോലെ ഉള്ളൂ ഇത്. ഞാനും നിങ്ങളും ഈ ചെറിയ ശരീരത്തിലും അതിനെ ചുറ്റിപ്പറ്റിയുള്ള ഈ ചെറിയ പ്രവർത്തനമണ്ഡലത്തിലും അടക്കപ്പെട്ടിരിക്കുന്നു. പരിമിതമായ ഈ സമൂഹത്തിൽ സുഖങ്ങളെല്ലാം വച്ചിട്ടുണ്ടെന്ന് നാം സ്വയം വിശ്വസിക്കുന്നു. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള സാഹിത്യഗ്രന്ഥങ്ങൾ എല്ലാം പഠിച്ചാൽ അവ ഒരു കാര്യം അടിവരയിട്ട് പറയുന്നതായി കാണാം – ഇന്നത്തെ സുഖം നാളത്തെ ദുഃഖമായും ഇന്നത്തെ ദുഃഖം നാളത്തെ സുഖമായും മാറുന്നു. ഇവിടുത്തെ സുഖങ്ങളെല്ലാം തന്നെ താത്കാലികങ്ങളാണ്. അവയുടെ പിറകേ പോയിട്ട് കാര്യമൊന്നുമില്ലന്നല്ലേ അവ നൽകുന്ന സന്ദേശം? ശാശ്വതമായ സുഖം എന്നും ഒരു മരീചികയായി അവശേഷിക്കുന്നു. എന്താണ് ഇതിന്റെ കാരണം? നാം സുഖത്തെ തെറ്റായ ഇടത്ത് തിരയുന്നു എന്നത് തന്നെയാണ് ഇതിന്റെ കാരണം. ഈ സമൂഹത്തിൽ സുഖങ്ങളെല്ലാം വച്ചിട്ടുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നു. അത് കണ്ടെത്തുന്നതിൽ നാം അടിക്കടി പരാജയപ്പെടുമ്പോഴും നാം മാറി ചിന്തിക്കുന്നില്ല. ബഹുഭൂരിപക്ഷവും ശാശ്വതമായ സുഖം എന്നൊന്നില്ല എന്നു പറഞ്ഞുകൊണ്ട് ലൗകികതയുടെയും തിന്മയുടെ യും വഴിയിലേക്ക് ചായുന്നു.

എന്നാൽ ശാശ്വതമായ സുഖം എന്നൊന്നുണ്ട്. അതീ സമൂഹത്തിൽ അല്ലെന്ന് മാത്രം. ഞാനീ സമൂഹത്തിലെ ഒരംഗമായിരിക്കാം. അതുകൊണ്ട്? ഞാനീ സമൂഹത്തിന്റെ അടിമയാകണമോ? സമൂഹത്തിന്റെ പിറകേ പോകുന്നവൻ സമൂഹത്തിന്റെ അടിമയായി പിടിക്കപ്പെടുന്നു. സമൂഹത്തെ തള്ളിക്കളയുന്നവനാകട്ടെ എല്ലാ ബന്ധനങ്ങളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുന്നു. എന്റെയും നിങ്ങളുടെയും അസ്ഥിത്വം വാസ്തവത്തിൽ സമൂഹത്തിന് പുറത്താണ് കിടക്കുന്നത്. അത് ഈ ബ്രഹ്മാണ്ഡം മുഴുവൻ നിറഞ്ഞിരിക്കുന്നു. അതെ! ഞാനും നിങ്ങളും ആ പരബ്രഹ്മം തന്നെ! ആ അനന്തതയുമായി താദാത്മ്യം പ്രാപിക്കുമ്പോൾ നാം അനന്താനന്ദത്തിലേക്ക് വരുന്നു. വേറെ ഒരിടത്തും അനന്താനന്ദം ലഭ്യമല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമൂഹം സമരങ്ങളും, സംഘർഷങ്ങളും, മാത്സര്യങ്ങളും നിറഞ്ഞ ഒരിടമാണ്. മറ്റുള്ളവരുടെ മുന്നിൽ എത്തുവാൻ വേണ്ടി എല്ലാവരും കിണഞ്ഞ് പരിശ്രമിക്കുന്നു. ഒരാളുടെ ഇഷ്ടം മറ്റൊരാളുടേതുമായി സംഘട്ടനത്തിൽ വരുന്നു. എല്ലായിടത്തും പ്രശ്നങ്ങളാണ്. സമൂഹം എല്ലാ കാലങ്ങളിലും ഇങ്ങനെയൊക്കെതന്നെ ആയിരുന്നു. ഏതെങ്കിലും കാലത്ത് സമൂഹം പരിപൂർണ്ണതയിലെത്തുമോ എന്ന് ചോദിച്ചാൽ എനിക്കറിഞ്ഞു കൂടാ. എത്തുമെങ്കിൽ തന്നെ അത് വിദൂരഭാവിയിൽ പോലും സംഭവിക്കുമെന്നു തോന്നുന്നില്ല. അതു വരെ കാത്തിരിക്കുവാൻ നമ്മെ കൊണ്ടാവില്ലല്ലോ. നമുക്ക് ഈ ജന്മത്തിൽ തന്നെ മോക്ഷം കിട്ടണം. ഈ പ്രശ്നങ്ങളെയും പ്രാരാബ്ധങ്ങളെയും അവയുടെ ഉറവിടത്തോടൊപ്പം ദൂരെയെറിയുക എന്നതാണ് അതിനുള്ള ഏക മാർഗ്ഗം. സമൂഹത്തിന്റെ അഭാവത്തെ ആസ്വദിക്കുവിൻ! സമൂഹ്യജീവിതത്തെ ആസ്വദിക്കുന്നതിന്റെ ആയിരം മടങ്ങ് ശക്തിയോടെ സമൂഹത്തിന്റെ അഭാവത്തെ ആസ്വദിക്കുവാൻ നമുക്ക് കഴിയും. കാരണം സമൂഹം വളറെ ചെറുതാണ്. ബ്രഹ്മാണ്ഡമോ അനന്തവും.

എന്നിരുന്നാലും സാമൂഹിക ജീവിതത്തെ ആസ്വദിക്കാതെ നമുക്ക് ഈ ലോകത്തിൽ ജീവിക്കുവാനാവില്ലല്ലോ. നമുക്ക് സദാ കർമ്മം ചെയ്യേണ്ടിയിരിക്കുന്നു. എന്നാൽ സമൂഹം മാത്രം ശരണം എന്നുവന്നാൽ നാമറിയാതെ തന്നെ സമുഹത്തിന്റെ അടിമകളായി മാറുന്നു. മറിച്ച് വേണ്ടി വന്നാൽ സമൂഹത്തെ വലിച്ചെറിയുവാനും നമുക്കാവുമെന്ന് വന്നാൽ പിന്നീട് നാം അതിന്റെ അടിമയല്ല! സാമൂഹിക ജീവിതത്തെ ആസ്വദിക്കുവാൻ നിങ്ങൾ ഇതിനോടകം പഠിച്ചിട്ടുണ്ട്. ഇനി നിങ്ങൾ പഠിക്കേണ്ടത് അതിന്റെ അഭാവത്തെ ആസ്വദിക്കുക എന്നത് ആണ്. അനന്തമായ ഏകാന്തത! ആ ഏകാന്തത അത്യധികം മധുരമാണ്. സമൂഹം തിരോഭവിച്ചാലും എന്തിന്, ലോകം അവസാനിച്ചാലും നിങ്ങൾക്കത് വിഷയമല്ല. നിങ്ങളെ വേദനിപ്പിക്കുവാൻ ആർക്കും കഴിയുകയുമില്ല. നിങ്ങൾ നിർണ്ണായകമായ ആ വിജയം കൈവരിച്ചിരിക്കുന്നു. അപ്പോൾ നിങ്ങൾ സമൂഹത്തിന്റെ ഭാഗമല്ല, മറിച്ച് സമൂഹം നിങ്ങളുടെ ഭാഗമാണ് എന്ന് വരുന്നു. കാരണം നിങ്ങൾ ബ്രഹ്മാണ്ഡവുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു! ഇപ്രകാരം നിങ്ങൾ സ്വന്തം മഹത്വവും പ്രാധാന്യവും മനസ്സിലാക്കുമ്പോൾ നിങ്ങളിലെ അൽപത്വം തിരോഭവിക്കുകയും നിങ്ങൾ മോക്ഷം പ്രാപിക്കുകയും ചെയ്യും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120