റിസോർട്ട് ഉടമയുടെ കൊലപാതകത്തിൽ, ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഒന്നാം പ്രതി രാജു ചെയ്ത കുറ്റം പൊലീസിനോട് ഏറ്റുപറഞ്ഞത്. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്നിരുന്ന ദേഷ്യവും പകയുമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വകാര്യ കമ്പനിയിൽ കെമിക്കൽ എൻജിനീയറാണു രാജു. രാജുവിന്റെ ഭാര്യയും കൊല്ലപ്പെട്ട നെബുവും തമ്മിൽ ബന്ധമുണ്ടെന്ന് നേരത്തെ തന്നെ രാജു കണ്ടെത്തിയിരുന്നു

നഗ്നചിത്രങ്ങൾ കാണിച്ചു ഭാര്യയെ നെബു ഭീഷണിപ്പെടുത്തി. സാമ്പത്തിക ചൂഷണം നടത്തിയതിന്റെയും പലയിടത്തും കൊണ്ടുപോയതിന്റെയും വൈരാഗ്യം രാജുവിനുണ്ടായിരുന്നു. ഒന്നാം പ്രതി രാജു അതിക്രൂരമായാണു കൊല നടത്തിയത്. 32 കുത്തുകളാണു നെബുവിന്റെ ശരീരത്തിലുണ്ടായിരുന്നത്. മാരകമായ കുത്തിൽ നെബുവിന്റെ കുടൽമാല പുറത്തു വന്നു. രാജുവിനെ തെളിവെടുപ്പിനായി കൊലപാതകം നടന്ന റിസോർട്ടിലെത്തിച്ചിരുന്നു.

റിസോർട്ടിനുള്ളിൽ പ്രവേശിച്ചതും കൊല നടത്തിയ രീതിയും രാജു പൊലീസിനോടു വിശദീകരിച്ചു. ഭാവവ്യത്യാസമില്ലാതെ തന്നെയാണ് രണ്ടാംപ്രതി അനിലും പൊലീസിന്റെ ചോദ്യങ്ങളോടു പ്രതികരിച്ചത്. കൊലപ്പെടുത്താനായി നെബുവിന്റെ ഇരു കൈകളും പിറകോട്ടു പിടിച്ചു കെട്ടി കൊടുത്തത് താനാണെന്ന് അനിൽ സമ്മതിച്ചു

ഇരു പ്രതികളെയും ഇന്നു രാവിലെയോടെ റിസോർട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട നെബുവിന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ സംസ്ക്കരിച്ചു

പ്രതികളിലേക്കെത്താനുള്ള പഴുതുകളെല്ലാം ബാക്കിവച്ചാണ് കൊലപാതകം നടന്നത്. പ്രതികൾ സംഭവസ്ഥലത്തേക്കു വരുന്നതും പോകുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു. റിസോർട്ടിലേക്കുള്ള വഴിയിലും പ്രവേശനകവാടത്തിലും കണ്ടെത്തിയ പ്രതി അനിലിന്റെ ചോരപ്പാടുകളും വിരലടയാളവും പൊലീസ് പരിശോധിച്ചു.

റിസോർട്ടിൽ നെബുവും രാജുവിന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് പുറത്തുനിന്നെത്തിയവരാണ് കൊല നടത്തിയതെന്നത് ഉറപ്പാക്കി. റിസോർട്ടിനു മുൻപിൽ കണ്ടെത്തിയ ടയറിന്റെ അടയാളവും പ്രതികളിലേക്ക് വേഗത്തിലെത്താൻ പൊലീസിനെ സഹായിച്ചു.

എഎസ്പി വൈഭവ് സക്സനേ, മീനങ്ങാടി സിഐ എം.വി. പളനി തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. നെബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നെബുവിനോട് വ്യക്തിവൈരാഗ്യമുള്ളയാളുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പ്രതി കീഴടങ്ങിയത്.

കഴിഞ്ഞയാഴ്ചയാണ് ഈ റിസോർട്ട് നെബുവും പങ്കാളിയും പാട്ടത്തിനെടുത്തത്. നവീകരണപ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി മൈസൂരുവിലായിരുന്ന നെബു വെള്ളിയാഴ്ചയാണു തിരിച്ചെത്തിയത്.