പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്ത മാനുവല്‍ അകാന്‍ജിയ്ക്ക് പിഴച്ചു. നേരത്തേ മുഴുന്‍ സമയവും അധികസമയവും അവസാനിച്ചപ്പോള്‍ ടീമുകള്‍ ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 75-ാം മിനിറ്റില്‍ എംബോളോയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. എന്നാല്‍ 80-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ഇംഗ്ലീഷ് പട തിരിച്ചടിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് സെന്റര്‍ബാക്കുകളെ അണിനിരത്തിക്കൊണ്ടാണ് സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ട് ടീമിനെ കളത്തിലിറക്കിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ടും സ്വിറ്റ്‌സര്‍ലന്‍ഡും ആക്രമിച്ചുകളിച്ചു. ഇംഗ്ലണ്ടിനായി വലതുവിങ്ങിലൂടെ സാക്ക മികച്ച മുന്നേറ്റങ്ങള്‍ നടത്തി. താരത്തിന്റെ ക്രോസുകള്‍ സ്വിസ് ബോക്‌സില്‍ അപകടം വിതയ്ക്കുകയും ചെയ്തു. 14-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിന്റെ കിടിലന്‍ ഷോട്ട് സ്വിസ് പ്രതിരോധം ബ്ലോക്ക് ചെയ്തു. പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡും മുന്നേറ്റങ്ങള്‍ ശക്തമാക്കി. ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ കോബി മയ്‌നു പ്രതിരോധത്തിലും മികവ് പുലര്‍ത്തി. 25-ാം മിനിറ്റില്‍ സ്വിസ് സ്‌ട്രൈക്കര്‍ എംബോളോയുടെ ഷോട്ട് ഇംഗ്ലണ്ട് പ്രതിരോധതാരം എസ്രി കൊന്‍സ ബ്ലോക്ക് ചെയ്തു.

വിങ്ങുകളിലൂടെയാണ് കൂടുതലായും ഇംഗ്ലണ്ട് മുന്നേറിയത്. ഫോഡനും സാക്കയുമാണ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ഗ്രാനിറ്റ് സാക്കയും സംഘവും കൃത്യമായി ഇംഗ്ലീഷ് പടയുടെ നീക്കങ്ങളെ പ്രതിരോധിച്ചു. പിന്നാലെ സാക്കയുടെ ക്രോസ് ബോക്‌സിനുള്ളില്‍ നിന്ന് ജൂഡ് ബെല്ലിങ്ങാമിന് കണക്ട് ചെയ്യാനായില്ല. പന്ത് കൂടുതലും കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. വലതുവിങ്ങിലൂടെ സ്വിസ് ബോക്‌സില്‍ സാക്ക നടത്തിയ മുന്നേറ്റവും തടഞ്ഞതോടെ ആദ്യ പകുതി അവസാനിച്ചു.

51-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് മികച്ച അവസരം കിട്ടി. എംബോളോയുടെ ഗോള്‍ശ്രമം ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡ് സേവിലൂടെ വിഫലമാക്കി. പിന്നാലെ പന്ത് കൈവശം വെച്ചാണ് ഇരുടീമുകളും കളിച്ചത്. കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. പെനാല്‍റ്റി ഏരിയകളില്‍ കൃത്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്തതാണ് വിനയായത്. എന്നാല്‍ 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്വിസ് പട മുന്നിലെത്തി.

വലതുവിങ്ങില്‍ പെനാല്‍റ്റി ബോക്‌സിനടുത്തുനിന്ന് ഡാന്‍ എന്‍ഡോയെ നല്‍കിയ ക്രോസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ക്രോസ് ഇംഗ്ലീഷ് പ്രതിരോധനിരക്കാരന്‍ ജോണ്‍ സ്‌റ്റോണ്‍സിന് തടയാനായില്ല. താരത്തിന്റെ കാലില്‍ തട്ടി മുന്നോട്ടുപോയ പന്ത് എംബോളോ അനായാസം വലയിലാക്കി. ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ഉണര്‍ന്നുകളിച്ചു. ഒട്ടും വൈകാതെ മറുപടിഗോളുമെത്തി. 80-ാം മിനിറ്റില്‍ സാക്ക ലക്ഷ്യം കണ്ടു. വലതുവിങ്ങിലൂടെ മുന്നേറിയ താരം സ്വിസ് ബോക്‌സിന് പുറത്തുനിന്നുതിര്‍ത്ത ഷോട്ട് താരങ്ങള്‍ക്കിടയിലൂടെ വലയിലെത്തി. സ്വിസ് ഗോളി യാന്‍ സെമ്മറിന് കാഴ്ചക്കാരനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അവസാനമിനിറ്റുകളില്‍ വിജയഗോളിനായി ടീമുകള്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അധികസമയത്തും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല. പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്ത മാനുവല്‍ അകാന്‍ജിയ്ക്ക് പിഴച്ചു.