14 വര്‍ഷത്തെ പര്യവേഷണങ്ങള്‍ക്കൊടുവിൽ യേശുക്രിസ്തുവിൻെറ വീട് കണ്ടെത്തി. കണ്ടെത്തലിന് പിന്നിൽ ബ്രിട്ടീഷ് ഗവേഷകര്‍

14 വര്‍ഷത്തെ പര്യവേഷണങ്ങള്‍ക്കൊടുവിൽ യേശുക്രിസ്തുവിൻെറ വീട് കണ്ടെത്തി. കണ്ടെത്തലിന് പിന്നിൽ ബ്രിട്ടീഷ് ഗവേഷകര്‍
November 25 14:59 2020 Print This Article

യേശുക്രിസ്തു കുട്ടിക്കാലം ചെലവഴിച്ചതെന്നു കരുതപ്പെടുന്ന വീട് ബ്രിട്ടിഷ് ഗവേഷകര്‍ കണ്ടെത്തി. റീഡിങ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറായ കെന്‍ ഡാര്‍ക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പര്യവേഷണത്തിനൊടുവിലാണ് ഇസ്രയേലിലെ നസ്രേത്തില്‍ ഈ വീട് കണ്ടെത്തിയത്.

നസ്രേത്തിലെ പുരാതന സന്യാസിനിമഠമായിരുന്ന സിസ്റ്റേഴ്സ് ഓഫ് നസ്രേത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ് ഈ വീടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 14 വര്‍ഷം നീണ്ട പര്യവേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിലാണ് ഇത് യേശുവിന്റെ ആദ്യ വീടാണെന്നു സ്ഥിരീകരിച്ചതെന്ന് കെന്‍ ഡാര്‍ക് അവകാശപ്പെടുന്നു.

ഇത് ഒന്നാം നൂറ്റാണ്ടിൽ നിർമിച്ച, യേശുവിന്‍റെ വളര്‍ത്തച്ഛന്‍ ജോസഫിന്‍റെ വീടാണെന്നും ഇവിടെയാണ്‌ പിന്നീട് സന്യാസിമഠം സ്ഥാപിക്കപ്പെട്ടതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ചുണ്ണാമ്പു കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ചുമരും ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഗുഹാമുഖമുള്ള ഭാഗവും ഇപ്പോഴും ഈ വീടിന്റെ ഭാഗമായി അവശേഷിക്കുന്നുണ്ട്. 2006 ലാണ് ഡാര്‍ക്ക് ഇത് സംബന്ധിച്ച ഗവേഷണം ആരംഭിച്ചത്. 2015 ല്‍ തന്‍റെ പ്രഥമിക കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി ഒരു പ്രബന്ധം തയാറാക്കിയിരുന്നു.

ജോസഫ് ഒരു മരപ്പണിക്കാരനായിരുന്നുവെന്നാണ് ചരിത്രം. എന്നാല്‍ ചില ഗ്രീക്ക് പുസ്തകങ്ങളില്‍ അദ്ദേഹം കല്‍പണിക്കാരനായിരുന്നു എന്നും പറയുന്നുണ്ട്. ഒരു വിദഗ്ധനായ കല്‍പണിക്കാരനു മാത്രമേ രണ്ടു നിലയുള്ള ഇത്തരമൊരു വീട് അക്കാലത്തു നിര്‍മിക്കാന്‍ സാധിക്കൂ എന്ന് പഠനം പറയുന്നു. ജൂതകുടുംബങ്ങളില്‍ മാത്രം ഉപയോഗിക്കപ്പെട്ടിരുന്ന ചില മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളും ഈ പ്രദേശത്തുനിന്നു ഡാര്‍ക്ക് കണ്ടെത്തിയിരുന്നു. ധാരാളം ജൂതമതക്കാര്‍ അക്കാലത്ത് ഈ പ്രദേശങ്ങളില്‍ വസിച്ചിരുന്നതിന്റെ തെളിവു കൂടിയായാണ് ഇതിനെ കണക്കാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ള ആർക്കിയോളജിക്കൽ ഗവേഷണങ്ങളിലൊന്നാണ് ക്രിസ്തുവിന്റെ ജനനസ്ഥലവും അനുബന്ധ വിവരങ്ങളും സംബന്ധിച്ചുള്ളത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles