ഈ കാലവര്‍ഷക്കാലത്തെ ഏറ്റവും കനത്ത മഴയില്‍ കേരളം. ചൊവ്വാഴ്ച രാവിലെ വരെ 8.45 സെന്റീമീറ്ററാണ് ശരാശരി പെയ്തത്. വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി തോരാമഴയാണ്. തൃശ്ശൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പെയ്തത്. വടക്കന്‍ കേരളത്തില്‍ തീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് മുന്നറിയിപ്പാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ 19-ന് രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഓഗസ്റ്റ് മൂന്നു വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കിയിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴ പ്രവചിക്കുന്നത്.
മഴക്കെടുതിയില്‍ ആറുപേര്‍ മരിച്ചു. പേരൂര്‍ക്കട-നെടുമങ്ങാട് റോഡില്‍ വഴയില ആറാംകല്ലില്‍ ശക്തമായ കാറ്റില്‍ ആല്‍മരം കടപുഴകിവീണ് കാര്‍യാത്രക്കാരി മരിച്ചു. തൊളിക്കോട്, പരപ്പാറ മങ്കാട് തടത്തരികത്ത് മുകില്‍ ഭവനില്‍ സതീശന്റെ ഭാര്യ ഒ. മോളി(42)യാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി 7.30-ഒാെടയായിരുന്നു സംഭവം. വഴയിലയില്‍നിന്ന് നെടുമങ്ങാട്ടേക്കു വരികയായിരുന്ന ആള്‍ട്ടോ കാറിനു മുകളിലാണ് മരം വീണത്. പൂര്‍ണമായും തകര്‍ന്ന കാറില്‍ മോളി ഏറെനേരം കുടുങ്ങിക്കിടന്നു. ഒപ്പമുണ്ടായിരുന്നയാള്‍ കാര്‍ നിര്‍ത്തി സമീപത്തെ കടയില്‍ കയറിയതിനാല്‍ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട്ടുനിന്നും അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി കാര്‍ പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മോളിയുടെ മക്കള്‍: അഭിരാം, അദ്വൈത്.
വടക്കഞ്ചേരി കണ്ണമ്പ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയും മകനും വീടിന്റെ ചുമരിടിഞ്ഞുവീണു മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചനയും (54) മകന് രഞ്ജിത്തുമാണ് (31) മരിച്ചത്. പത്തനംതിട്ട മേപ്രാല്‍ തോണ്ടുപള്ളം വീട്ടില്‍ ടി.സി. റെജി(49)യെ വീടിനുസമീപത്തെ പള്ളിയുടെ മുറ്റത്തെ വെള്ളക്കെട്ടില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വയനാട്ടില്‍ പൊട്ടിവീണ വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റ് ചീയമ്പം 73 കോളനിയിലെ സുധന് (32), റോഡിനോടുചേര്‍ന്ന് വെള്ളംനിറഞ്ഞ തോട്ടില്‍ വീണ് മാഹി ഒളവിലം മേക്കരവീട്ടില്‍താഴെ കുനിയില്‍ ചന്ദ്രശേഖരന്(62) എന്നിവരും മരിച്ചു.
Leave a Reply