സംഗീത കൊലക്കേസിൽ വർക്കല പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 ഡിസംബർ 28 ന് പുലർച്ചെ 1ഒന്നര മണിയോടെയാണ് കൊലപാതകം അരങ്ങേറിയത്. വർക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യു പി സ്കൂളിന് സമീപം കുളക്കോടുപൊയ്ക പോലീസ് റോഡിൽ , സംഗീത നിവാസിൽ, 16 കാരിയായ സംഗീതയെ സുഹൃത്ത് ഗോപു കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഐപിസി 302 കൊലക്കുറ്റം ചുമത്തിയാണ് പ്രതി ഗോപുവിനെതിരെ പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. ഇക്കഴിഞ്ഞ മാർച്ച് 23 ന് പോലീസ് കുറ്റപത്രം നൽകിയിട്ടുള്ളത്. അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി മുന്നു ദിവസത്തേക്ക് ഇക്കഴിഞ്ഞ ജനുവരി ഏഴിന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. എൻപതോളം സാക്ഷികളെ ഉൾപ്പെടുത്തിയാണ് വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

തന്നെ പ്രണയിച്ച് വഞ്ചിക്കുകയും ഇനി പ്രണയത്തിൻ്റെ പേരിൽ അവൾ ആരേയും വഞ്ചിക്കരുതെന്നുള്ള വാശിയുമാണ് വർക്കലയിൽ സംഗീതയെ കൊലപ്പെടുത്താൻ കാരണമെന്ന് അറസ്റ്റിലായ സമയത്ത് പ്രതി ഗോപു വ്യക്തമാക്കിയിരുന്നു. താനുമായി മാസങ്ങളോളം സംഗീത പ്രണയത്തിലായിരുന്നുവെന്നും ഗോപു പറഞ്ഞു. എന്നാൽ ഇതിനിടയിൽ സംഗീത വീട്ടുകാരുടെ നിർദ്ദേശപ്രകാരം താനുമായുള്ള പ്രണയത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതോടെ സംഗീതയോടുള്ള വാശി കൂടിയെന്നും പ്രണയത്തിൻ്റെ പേരിൽ ഇനി അവൾ ആരെയും ചതിക്കരുതെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്നും ടാപ്പിംഗ് തൊഴിലാളിയായ ഗോപു പൊലീസിനോടു വ്യക്തമാക്കിയിരുന്നു.

അനുജത്തിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന സംഗീതയെ അഖിൽ വ്യജപേരിൽ സൗഹൃദം സ്ഥാപിച്ച ഗോപു ഫോണിൽ വിളിച്ചു പുറത്തേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംഗീത ഇറങ്ങി അടുത്തുള്ള റോഡിനു സമീപം എത്തുകയാണ് ഉണ്ടായത്. തുടർന്ന് ഇവർ തമ്മിൽ സംസാരത്തിനിടയിൽ ഗോപു കത്തി കൊണ്ട് കഴുത്തു അറുക്കുകയായിരുന്നു. സംഗീത കഴുത്തിൽ പിടിച്ചു നിലവിളിച്ചു കൊണ്ട് വീടിൻ്റെ സിറ്റ് ഔട്ടിൽ വീഴുകയും ഡോറിൽ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഉണർന്ന് എത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. തുടർന്ന് പരിസര വാസികൾ എത്തിയാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത്. വഴി മധേ സംഗീത മരണപ്പെടുകയായിരുന്നു. കൃത്യത്തിനു ഉപയോഗിച്ച കത്തിയും സംഗീതയുടെ മൊബൈലും വഴിയരികിലുള്ള പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

താനും സംഗീതയും കടുത്ത പ്രണയത്തിലായിരുന്നെന്നും ഗോപു പറഞ്ഞു. പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളിൽവച്ച് തങ്ങൾ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഗോപു വെളിപ്പെടുത്തി. സംഗീതയെ കാണാൻ ഗോപു വീട്ടിലും എത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ അപ്രതീക്ഷിതമായി സംഗീത പ്രണയത്തിൽ നിന്നും പിൻമാറുകയായിരുന്നു. ഏതാനും മാസം മുമ്പ് താനുമായുള്ള അടുപ്പത്തിന് സംഗീതയുടെ വീട്ടുകാർ വിസമ്മതിച്ചതാണ് പിൻമാറ്റത്തിനു കാരണമെന്നും ഗോപു പൊലീസിനോടു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സംഗീത തൻ്റെ വീട്ടിലെത്തി പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്തതുവെന്നും അന്നു മുതൽ തനിക്ക് സംഗീതയോട് പ്രതികാരം തോന്നുകയായിരുന്നുവെന്നും ഗോപു ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

ഇതിനിടെ സംഗീത മറ്റാരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഗോപുവിനെ സംശയം ഉടലെടുത്തു. അതറിയാൻ അഖിലെന്ന കള്ളപ്പേരിൽ മറ്റൊരു ഫോണിലൂടെ ഗോപു സംഗീതയുമായി ബന്ധപ്പെട്ടു. തന്നെ ഉപേക്ഷിച്ച സംഗീത അഖിലെന്ന പേരിൽ മറ്റൊരു ഫോണിൽ നിന്ന് താൻ നടത്തിയ പ്രണയാഭ്യർത്ഥനയിൽ വീഴുകയായിരുന്നുവെന്നും ഗോപു പറഞ്ഞു. ഇതോടെ വാശിയായി. ഏതുവിധേനയും സംഗീതയെ വകവരുത്തണമെന്ന ചിന്തയായി. ഫേക്ക് ഐഡിയിൽ നിന്നും ഗോപു സംഗീതയുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആഴ്ചകളോളം ചാറ്റ് ചെയ്തും ഫോണിൽ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടാൻ `അഖിലി´നായി. അതിനുശേഷമാണ് അരുംകൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയതെന്നും ഗോപു പൊലീസിനോടു സമ്മതിച്ചിരുന്നു.

സംഗീതയെ കൊലപ്പെടുത്താനായി ഗോപു മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകത്തിനായി സ്വിച്ചുള്ള കത്തിയും ഗോപു തയ്യാറാക്കി വച്ചിരുന്നു. ബട്ടൺ പ്രസ് ചെയ്യുമ്പോൾ വായ്ത്തല പുറത്തേക്ക് ചാടുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ചാണ് ഗോപു കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ചു കിടന്ന ഗോപു സംഗീതയുമായി അർദ്ധരാത്രിവരെ അഖിലെന്ന പേരിൽ ചാറ്റ് നടത്തിയിരുന്നു. ചാറ്റിംഗിനിടയിൽ ഗോപു പെട്ടെന്നാണ് അവളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. സംഗീതയ്ക്ക് നോ പറയാൻ അവസരം നൽകാതെ ഗോപു സ്ഥലത്തെത്തി. രാത്രി 1.30ന് ആണ് കൊലപാതകം നടന്നത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു ലക്ഷ്യം നിറവേറ്റുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. രണ്ട് തവണ താൻ കഴുത്തു മുറിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ഒരു കുറ്റബോധവും ഇല്ലാതെ തെളിവെടുപ്പ് വേളയിൽ പ്രതി ഗോപു പോലീസിനോട് വ്യക്തമാക്കിയിരുന്നു. കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗോപുവിനെ പൊലീസ് പിടികൂടുകയായിരുന്നു.