ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലയായ യൂറോ സ്റ്റാറിന് നേരെ നടന്ന ആസൂത്രിത ആക്രമണം ബ്രിട്ടനിലും പ്രതിഫലിച്ചു. ട്രെയിനുകൾ റദ്ദാക്കിയത് ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരുടെ അവധിക്കാല യാത്രകളെ പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ട്രെയിൻ ഗതാഗതം താറുമാറാക്കാനുള്ള ആസൂത്രിത ശ്രമം നടന്നത്. റെയിൽ പാതയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് 25 ശതമാനം ട്രെയിനുകളും റദ്ദാക്കേണ്ടതായി വന്നു.

ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത് ബ്രിട്ടീഷുകാരെ കാര്യമായി ബാധിച്ചു . ലണ്ടനെയും പാരീസിനെയും ബന്ധിപ്പിക്കുന്ന യൂറോ സ്റ്റാർ ട്രെയിൻ വളരെ ജനപ്രിയമാണ്. ഒട്ടേറെ പേരാണ് യുകെയിൽ നിന്ന് ഒളിംപിക്സ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ പങ്കെടുക്കാനും അവധി ആഘോഷിക്കാനും യാത്രയ്ക്കായി തയ്യാറെടുത്തിരുന്നത്. വെറും 2. മണിക്കൂർ 16 മിനിറ്റ് സമയം മാത്രമേ ലണ്ടനിൽ നിന്ന് പാരീസിലേക്ക് ട്രെയിൻ ഗതാഗതത്തിന് എടുക്കുകയുള്ളൂ.. ട്രെയിൻ ഗതാഗതം താറുമാറായതിനെ തുടർന്ന് പാരീസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിലെത്താൻ സർ കെയർ സ്റ്റാർമർ വിമാനത്തിലാണ് പോയത്.

കഴിയുമെങ്കിൽ ഇന്നത്തെ യാത്ര റദ്ദാക്കാൻ ഉപഭോക്താക്കളോട് റെയിൽ ഓപ്പറേറ്റർമാർ പറഞ്ഞിട്ടുണ്ട്. ട്രെയിൻ ഗതാഗത തടസ്സം തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും എന്നാണ് റിപ്പോർട്ടുകൾ . ട്രെയിൻ ഗതാഗതം താറുമാറായതോടെ 3.2 ദശലക്ഷത്തിലധികം വാഹനങ്ങൾ നിരത്തിലിറങ്ങിയതായാണ് കണക്കുകൾ. ഇത് റോഡു ഗതാഗതത്തെയും കാര്യമായി ബാധിക്കും. ട്രെയിൻ ഗതാഗതം റദ്ദാക്കിയെങ്കിലും യാത്രക്കാർക്ക് വിമാന സർവീസിനെ ആശ്രയിക്കാൻ പരിമിതികൾ ഉണ്ടായിരുന്നു. ഒളിംപിക്സ് ഉദ്ഘാടനത്തിനായി നോ ഫ്ലൈ സോൺ ഏർപ്പെടുത്തിയതിനാൽ ഉച്ചകഴിഞ്ഞ് എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു.