ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വിറ്റ്സർലൻഡ് :- സ്വിസ് ഗവേഷകർ വികസിപ്പിച്ചെടുത്ത ഇമ്പ്ലാന്റിന്റെ സഹായത്തോടെ ആദ്യമായി നടന്നിരിക്കുകയാണ് നട്ടെല്ലിന് സാരമായി പരിക്കേറ്റ മൈക്കിൾ റൊക്കാറ്റി. ഇത് ആദ്യമായാണ് നട്ടെല്ലിന് സാരമായ തോതിൽ ക്ഷതമേറ്റ ആൾ നടക്കുന്നത്. അഞ്ചു വർഷം മുൻപ് നടന്ന ഒരു മോട്ടോർ ബൈക്ക് ആക്സിഡന്റിൽ ആണ് മൈക്കിളിന് പരിക്കേറ്റത്. സ്വിസ് ഗവേഷകർ വികസിപ്പിച്ചെടുത്ത ഇലക്ട്രിക്കൽ ഇമ്പ്ലാന്റ് സർജിക്കൽ പ്രക്രിയയിലൂടെ മൈക്കിളിന്റെ ശരീരത്ത് ഉറപ്പിച്ചതോടെ ആണ് അദ്ദേഹത്തിന് നടക്കാൻ സാധിച്ചിരിക്കുന്നത്. ഇത്രയും പരിക്കേറ്റ ആൾ നടക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. മൈക്കിളിന്റെ സ്പൈനൽകോഡ് അപകടത്തിൽ പൂർണമായി തകർന്നിരുന്നു.

എന്നാൽ ഇത് നട്ടെല്ലിന്റെ ക്ഷതത്തിനുള്ള പൂർണമായ പരിഹാരമല്ലെന്നും, നിത്യജീവിതത്തിൽ ഉപയോഗിക്കാൻ തക്കതായ ടെക്നോളജിയിൽ ഇതിനെ വികസിപ്പിച്ചെടുക്കാൻ ഇനിയും സമയമെടുക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. വളരെയധികം സന്തോഷമുണ്ടെന്ന് അപകടത്തിനുശേഷം ഒരിക്കലും തനിക്ക് നടക്കാൻ സാധിക്കില്ലെന്നാണ് വിചാരിച്ചതെന്നും മൈക്കിൾ പറഞ്ഞു. മൈക്കിളിന്റെ ചികിത്സയിൽ ഉണ്ടായ പുരോഗതി തന്നെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്ന് അദ്ദേഹത്തെ ചികിത്സിച്ച ന്യൂറോസർജൻ വ്യക്തമാക്കി. മൈക്കിളിന്റെ ആത്മധൈര്യവും അദ്ദേഹം സുഖം പ്രാപിക്കുന്നതിന്റെ വേഗത വർദ്ധിപ്പിച്ചതായി ഡോക്ടർമാർ വ്യക്തമാക്കുന്നു.