ബെന്നി പെരിയപ്പുറം, പി ആർ ഒ വോയിസ് ഓഫ് വയനാട് ഇൻ യുകെ

കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ പ്രകൃതിദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ചികിത്സയിൽ ഇരിക്കുന്നവരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും വേദനയിലും വേർപാടിലും വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയിസ് ഓഫ് വയനാട് ഇൻ യുകെ ഭാരവാഹികളുടെ യോഗം അഗാധമായ വേദനയും ദുഃഖവും രേഖപ്പെടുത്തി. മരണമടഞ്ഞവരുടെയും ബന്ധുക്കളുടെയും ചികിത്സയിൽ കഴിയുന്നവരുടെയും, കാണാതായവരുടെയും വേദനയിൽ പങ്കുചേരുകയും ആശുപത്രികളിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും യോഗം അറിയിച്ചു.

വയനാട് ജില്ലയിൽ നിന്നും ജോലി ആവശ്യാർത്ഥം കുടുംബമായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയവർ തങ്ങളുടെ പ്രദേശത്ത് സംഭവിച്ച അതി ഭയാനകവും, ദാരുണവുമായ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. സമയത്തിന്റെ മാറ്റത്തിനനുസരിച്ച് പലരും ഉറങ്ങി വരുന്നതേയുണ്ടായിരുന്നുള്ളൂ . വയനാട് മാനന്തവാടി സ്വദേശിയായ ഞാൻ 36 വർഷങ്ങൾക്ക് മുൻപ് മേപ്പാടി പ്രൈമറി ഹെൽത്ത് സെൻററിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്നപ്പോൾ, ചൂരൽമല , മുണ്ടക്കൈ തുടങ്ങിയ സ്ഥലങ്ങൾ ജോലിയുടെ ഭാഗമായി സന്ദർശിച്ചിരുന്നത് ഇപ്പോഴും ഓർക്കുകയാണ്. കൂടാതെ മേപ്പാടി, വടുവൻ ചാൽ തുടങ്ങിയ പരിസരപ്രദേശങ്ങളിൽ നിന്നും ധാരാളം പേരാണ് ഇംഗ്ലണ്ടിൽ ഇപ്പോൾ താമസിക്കുന്നത്.

എല്ലാവരും പരസ്പരം ബന്ധപ്പെടുകയും, വേദനകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. ദീർഘകാല പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ അടുത്ത ദിവസം തന്നെ വിപുലമായ യോഗം വിളിക്കാൻ തീരുമാനിച്ചതായി ചെയർമാൻ രാജപ്പൻ വർഗീസ് അറിയിച്ചു. സംഭവമറിഞ്ഞപ്പോൾ തന്നെ അടിയന്തിരമായി സ്ഥലത്തെത്തുകയും വേണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ഇന്ത്യൻ കര, നാവിക, വ്യോമസേന അംഗങ്ങളെയും വിവിധ അർദ്ധ സൈനിക അംഗങ്ങളെയും കേരളത്തിലെ വിവിധ സേനാ വിഭാഗങ്ങളെയും പ്രാദേശിക സന്നദ്ധ സംഘടനാ പ്രവർത്തകരെയും പ്രവാസികളായ വയനാട്ടുകാർക്ക് വേണ്ടി നന്ദിയോടെ ഓർക്കുന്നു. സ്വന്തം ജീവൻ പണയം വെച്ചും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവരുടെയും മുൻപിൽ ഞങ്ങൾ വേദനയോടെ നന്ദിയോടെ നമസ്കരിക്കുന്നു .