മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതേത്തുടർന്ന് എയർഇന്ത്യ 657 വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.

മുംബൈയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ 5.45-ന് പുറപ്പെട്ടവിമാനം 8.10-നായിരുന്നു തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഭീഷണിയെ തുടർന്ന് എട്ടുമണിയോടെ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

135 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി പരിശോധന നടത്തി വരികയാണ്. യാത്രക്കാരുടെ ലഗേജ് അടക്കം പരിശോധിക്കും.

യാത്രക്കാർ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. രാവിലെ 7.30-ഓടെയാണ് ഭീഷണി സന്ദേശത്തെ കുറിച്ച് പൈലറ്റ് അറിയിച്ചതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. എവിടെ നിന്നാണ് ഭീഷണി ലഭിച്ചതെന്നത് ഉൾപ്പടെയുള്ള മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.