ജനകീയ സമരങ്ങളെ തീവ്രവാദി മാവോയിസ്റ്റ് എന്ന പേരില്‍ അടിച്ചമര്‍ത്താനുള്ള ഇടത്പക്ഷ സര്‍കാരിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി. മുത്തങ്ങ സമരകാലം മുതല്‍ ആരംഭിച്ച സര്‍ക്കാരിന്റെ ഇത്തരം അസത്യപ്രചരണം ഏറ്റവും ഒടുവില്‍ മുന്നാറിലും പുതുവൈപ്പിനിലും തുടരുകയാണ്. എന്നാല്‍ നാളിതുവരെ ഈ സമരങ്ങളില്‍ ഇടപെട്ട ഒരു തീവ്രവാദിയെ പോലും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല എന്നത് തന്നെ ഇത്തരം നീക്കങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും പൂര്‍ണ്ണമായും അംഗീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആം ആദ്മി പാര്‍ട്ടിയും പെമ്പിളെ ഒരുമയും. ഈ രണ്ടു സംഘടനകളുടെയും സജീവ പ്രവര്‍ത്തകനായ മനോജിനെ ജൂണ്‍ 16 ന് അകാരണമായ ചോദ്യം ചെയ്യുകയും തടവിലാക്കി ഭീഷണിപ്പെടുത്തിയതും ചോദ്യം ചെയ്തതും ഇതിന് ഉദാഹരണമാണ്. മുന്നാറില്‍ പെമ്പിളെ ഒരുമൈ സമരങ്ങള്‍ നടക്കുമ്പോള്‍ ഒക്കെ അതിന്റെ പിന്നില്‍ മാവോയിസ്റ്റകളും തമിഴ് തീവ്രവാദികളും ഉണ്ടെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

സര്‍ക്കാരിന്റെ വാലായി ചില മാധ്യമങ്ങള്‍ പോലീസിന്റെ നുണക്കഥകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത്തരം അസത്യ പ്രചാരണങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണം എന്ന് അഭ്യര്‍ഥിക്കുന്നു. ജനകീയ സമരങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെയും പെമ്പിളെ ഒരുമൈയെയും ഭീഷണിപ്പെടുത്തുവാനും പ്രവര്‍ത്തകരിലും ജനങ്ങളിലും ആശങ്ക സൃഷ്ടിക്കാനുമുള്ള ഇടത് പക്ഷ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.