ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് മുത്തശ്ശി തൻറെ 102-ാമത്തെ വയസ്സിൽ സ്കൈ ഡൈവിംഗ് നടത്തി ചരിത്രത്തിൽ ഇടം പിടിക്കാൻ ഒരുങ്ങുന്നു. ഇന്ന് തൻറെ ജന്മദിനത്തിൽ ആകാശചാട്ടം നടത്തി സ്കൈ ഡൈവിംഗ് നടത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാകാൻ അവർ ഈസ്റ്റ് ആംഗ്ലിയയ്ക്ക് മുകളിൽ നിന്നാണ് മാനെറ്റ് ബെയ്‌ലി വിമാനത്തിൽ നിന്ന് ചാടുന്നത്. ഈസ്റ്റ് ആംഗ്ലിയൻ എയർ ആംബുലൻസ് (EAAA), മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷൻ എന്നീ സ്ഥാപനങ്ങൾക്കായി പണം പിരിക്കാനാണ് അവർ ഈ സാഹസ കൃത്യം ചെയ്യുന്നത്.


രണ്ടാം ലോകമഹായുദ്ധ സമയത്ത് ഈജിപ്തിലെ വുമൺസ് റോയൽ നേവൽ സർവീസിൽ (WRENS) സേവനം അനുഷ്ഠിച്ചിരുന്ന ആളാണ് മാനെറ്റ് ബെയ്‌ലി. നിങ്ങൾ എപ്പോഴും പുതിയ എന്തെങ്കിലും അന്വേഷിക്കണം എന്നാണ് തൻറെ ഉദ്യമത്തെ കുറിച്ച് മാനെറ്റ് ബെയ്‌ലി പറഞ്ഞത്. ഒട്ടേറെ പ്രമുഖരാണ് മാനെറ്റ് ബെയ്‌ലിൻ്റെ പ്രവർത്തിയ്ക്ക് പിന്തുണയുമായി എത്തിയത്. മാനെറ്റ് ബെയ്‌ലിയ്ക്ക് വെയിൽസ് രാജകുമാരൻ ഒരു വ്യക്തിഗത കത്ത് അയച്ചിരുന്നു . കത്തിൽ മാനെറ്റ് ബെയ്‌ലിവിൻ്റെ സമൂഹ പ്രതിബദ്ധതയും പോസിറ്റീവ് ചിന്താഗതിയെയും രാജകുമാരൻ പ്രശംസിച്ചു.


മാനെറ്റ് ബെയ്‌ലിവിന് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് പുത്തരിയല്ല. തന്റെ നൂറാം ജന്മദിനം സിൽവർ സ്റ്റോണിൽ ഒരു കാർ ഓട്ട മത്സരത്തിൽ പങ്കെടുത്ത് അവർ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. അന്ന് 130 മൈൽ വേഗതയിലാണ് മാനെറ്റ് ബെയ്‌ലി കാർ ഓടിച്ചത്. ജീവിതത്തിൽ എപ്പോഴും തിരക്കിലായിരിക്കുകയും എല്ലാ കാര്യങ്ങളിലും താത്‌പര്യമുണ്ടായിരിക്കുകയും നമ്മുടെ ചുറ്റുമുള്ളവരോട് ദയ കാണിക്കുകയും ചെയ്യുക എന്നതുമാണ് തൻറെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അവർ പറഞ്ഞു.