ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കാരണം പുതിയ പേ പെർ മൈൽ ടാക്സ് സ്കീം നടപ്പിലാക്കാൻ ശുപാർശ നൽകി വിദഗ്ദ്ധർ. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത മൂലം ഇന്ധന തീരുവയിലെ ഇടിവ് മൂലമുള്ള വരുമാനത്തിൽ 35 ബില്യൺ പൗണ്ടിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള വെഹിക്കിൾ എക്സൈസ് ഡ്യൂട്ടിക്ക് (VED) പകരമായി പുതിയ പദ്ധതി കൊണ്ടുവരാനാണ് ശുപാർശ. അടുത്തിടെ പ്രധാനമന്ത്രി നടത്തിയ ഒരു പ്രസംഗത്തെ തുടർന്നാണ് പുതിയ നികുതി നടപടികളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്ന് വന്നത്. പ്രസംഗത്തിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരത്തിലായതിനാൽ റോഡ് നികുതിയിൽ സുസ്ഥിരമായ സമീപനം സ്വീകരിക്കേണ്ടതിൻെറ ആവശ്യകതയെ പറ്റി പ്രധാനമന്ത്രി പറഞ്ഞിരുന്നു.

നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചെങ്കിലും പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് നികുതി കുറവാണ്. ന്യായമായ നികുതി ഉറപ്പാക്കുന്നതിനുള്ള പരിഹാരമായാണ് പുതിയ പദ്ധതി വരിക. കൂടാതെ ഇനി വരാനിരിക്കുന്ന ബജറ്റ് അത്ര സുഖകരമായിരിക്കില്ലെന്നും ഒരു അദ്ദേഹം കൂട്ടിച്ചേർത്തു. ആർ എ സിയുടെ റോഡ് പോളിസി തലവനായ സൈമൺ വില്യംസ്, പേ പെർ മൈൽ സംവിധാനത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നു. ചില്ലറ വ്യാപാരികൾ അധിക ചാർജുകൾ മറച്ചു വെക്കുന്നതിൽ നിന്ന് ഇത് തടയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

അടുത്ത വർഷം ഏപ്രിലിൽ, ഇലക്ട്രിക് കാറുകൾ വെഹിക്കിൾ എക്സൈസ് ഡ്യൂട്ടിക്ക് (VED) വിധേയമാകും. മൈലേജിനെ അടിസ്ഥാനമാക്കി ഡ്രൈവർമാരിൽ നിന്ന് നിരക്ക് ഈടാക്കുന്ന തരത്തിലുള്ള പേ പെർ മൈൽ നികുതി എന്ന ആശയമാണ് വിദഗ്ദ്ധർ മുന്നോട്ട് വച്ചിരിക്കുന്നത്. പല ഡ്രൈവർമാരും ഈ ആശയത്തെ എതിർത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.