ശ്രീനാഥ് സദാനന്ദൻ

കഥ തിരക്കഥ സംഭാഷണം

പഞ്ചമി ശശിധരൻ.

സ്ക്രീനിൽ ഇങ്ങനെ ഒരു ടൈറ്റിൽ കാർഡ് കാണാനാണ്, നാലഞ്ച് വർഷമായി പഞ്ചമി പരിശ്രമിക്കുന്നത്. സിനിമ അവൾക്ക് അത്ര മോഹമാണ്. കുട്ടിക്കാലത്ത് എപ്പോഴോ ശ്രീദേവിയുടെ നഗീന കണ്ടപ്പോഴാണ് ആദ്യമായി സിനിമ അവളുടെ മനസ്സിനെ കീഴടക്കിയത്. പിന്നീട് സിനിമ ഒരു സ്വപ്നമായി. വെറുതെ കണ്ടു മറക്കാതെ സിനിമയെ കുറിച്ച് ആഴത്തിൽ ചിന്തിച്ച്, നന്നായി പഠിച്ച് തന്റെ ലക്ഷ്യം സിനിമ ആണെന്ന് അവൾ ഉറപ്പിച്ചു. എന്നാൽ അതിലേക്ക് എത്തിപ്പെടാനുള്ള കടമ്പ വളരെ വലുതാണ്. പ്രത്യേകിച്ചും അവളെപ്പോലെ നാട്ടിൻപുറത്തെ ഒരു പെൺകുട്ടിയെ സംബന്ധിച്ച്. ഒരു നടി ആവാൻ അവൾ ആഗ്രഹിച്ചില്ല. തന്റെ ഉള്ളിലെ കഥ ചലച്ചിത്ര ഭാഷ്യം നേടുന്നത് കാണാൻ ആഗ്രഹിച്ചു. എതിർപ്പുകൾ ഒരുപാടുണ്ടായിരുന്നു. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങി. എങ്കിലും എപ്പോഴൊക്കെയോ വീട്ടുകാരും അവളുടെ ആഗ്രഹത്തിന് ഒപ്പം നിന്നു. അവൾ തിരക്കഥ എഴുതുന്ന സിനിമ കാണാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോൾ.

പഠനകാലത്ത് സിനിമയിലേക്കുള്ള വഴി തിരയുകയായിരുന്നു അവൾ. കലാലയത്തിലെ പ്രതിഭകളിൽ പലരും സിനിമയിലെ പല മേഖലകളിലും സാന്നിധ്യം അറിയിച്ചു തുടങ്ങിയത് അവൾ പിന്നീട് മനസ്സിലാക്കി. തന്റേതായ ചെറിയ ചില ശ്രമങ്ങളിലൂടെ അവൾ ചില ഷോർട്ട് ഫിലിമുകളുടെയും മറ്റും ഭാഗമായിട്ടുണ്ട്. ചിലപ്പോഴൊക്കെ വലിയ ചില സിനിമകളുടെ എഴുത്തിലും പങ്കുവയ്ക്കാൻ അവൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ അതിലൊന്നും ടൈറ്റിൽ കാർഡിൽ പേര് വരാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. സിനിമയ്ക്ക് മുമ്പ് തന്നെ കരാറിൽ അതും നിർദ്ദേശിക്കപ്പെട്ടിരിക്കും. എങ്കിലും നിലനിൽപ്പിന്റെ പേരിൽ അവൾ പേരില്ലാത്ത എഴുത്തുകാരി ആവാനും തയ്യാറായി. ഒരു വലിയ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സൂപ്പർതാരവും മറ്റും ഇരിക്കുന്ന വേദിയിൽ പ്രൊഡക്ഷൻ കമ്പനി നിർദേശിച്ച മുതിർന്ന എഴുത്തുകാരൻ തിരക്കഥാകൃത്ത് എന്ന പേരിൽ ഇരുന്നപ്പോൾ ആ എഴുത്തിന്റെ നല്ലൊരു ശതമാനവും നിർവഹിച്ച പഞ്ചമി സദസ്സിൽ ഏതോ ഒരു കോണിൽ ഇരുന്നു. അന്ന് അവൾ വലിയ നിരാശയിൽ ആയിരുന്നു. എങ്കിലും പ്രതീക്ഷ കൈവെടിയാൻ തയ്യാറായില്ല.

സുഹൃത്തായ അസിസ്റ്റന്റ് ഡയറക്ടർ പ്രവീൺ മുഖേന ഒരു സന്തോഷവാർത്ത കേട്ട ദിവസമാണ് അത്. ഡയറക്ടർ കെ ആർ പി യോട് കഥ പറയാനുള്ള അവസരം അവൻ റെഡിയാക്കി തന്നു. ആദ്യം അദ്ദേഹത്തിന് കഥ ചുരുക്കി വോയിസ് നോട്ട് ആയി വാട്സാപ്പിൽ അയയ്ക്കണം. ഇഷ്ടപെട്ടാൽ അദ്ദേഹം നേരിട്ട് വിളിപ്പിക്കും. പഞ്ചമി സ്വർഗം കിട്ടിയ സന്തോഷത്തിലായിരുന്നു. കെ ആർ പ്രസാദചന്ദ്രൻ നവ തരംഗ സിനിമയുടെ നാട്ടെല്ലാണ്, ടെക്നിക്കലായ് ഏറ്റവും മികച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിക്കുന്ന ഡയറക്ടർ. അതിന്റെ ബജറ്റ് ചെറുതാണെങ്കിലും ജനശ്രദ്ധ നേടിയ സിനിമകളായിരുന്നു അതൊക്കെ.

സംവിധായകന് അയക്കാനുള്ള വോയിസ് നോട്ട് അവൾ പലതവണ റെക്കോർഡ് ചെയ്തു. ഒന്നും തൃപ്തി വന്നില്ല. ഒടുവിൽ തന്നെ കൊണ്ടാവുന്ന രീതിയിൽ ആ കഥ വോയിസ് നോട്ട് ആയി അദ്ദേഹത്തിന് അയച്ചുകൊടുത്തു.മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കെ ആർ പി യുടെ മറുപടി വന്നു. ‘ ഞാൻ കഥ കേട്ടു, എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. നമുക്ക് നേരിട്ട് കാണണം വിശദമായിട്ട് ചർച്ച ചെയ്യാം, കൊച്ചിയിലേക്ക് വാ ‘.

വൈകിയില്ല , അവൾ കെ ആർ പിയുടെ ഓഫീസിൽ എത്തി.അവൾ ഏറെനേരം കാത്തിരുന്നു. കഥ പറയാൻ തയ്യാറായി. കയ്യിൽ എഴുതി പൂർത്തിയാക്കിയ തിരക്കഥയും, അതുപോലെതന്നെ വൺലൈൻ കോപ്പിയും കരുതിയിരുന്നു.ഇടയ്ക്ക് പ്രവീൺ വിളിച്ച് ഓൾ ദി ബെസ്റ്റ് പറഞ്ഞു. എല്ലാം ശരിയായി കഴിയുമ്പോൾ ഒരു ഭാരിച്ച ചെലവ് അവൾ അവന് ഉറപ്പുനൽകി. അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെആർപിയുടെ കോൾ കയറി വന്നത്. അവൾ പ്രവീണിന്റെ കോൾ കട്ട് ചെയ്ത്, കെ ആർ പിയുടെ ഫോൺ എടുത്തു.’ പഞ്ചമി, ഞാൻ ഇത്തിരി വൈകിപ്പോയി ഇനി ഓഫീസിൽ വരാൻ പറ്റുമെന്ന് തോന്നുന്നില്ല, ഓഫീസിൽ എന്റെ വണ്ടിയുണ്ട് ഞാൻ വിളിച്ചു പറയാം. താനിങ്ങു കേറിപ്പോര്. എന്റെ ഫ്ലാറ്റിൽ വെച്ച് സംസാരിക്കാം.’.

പക്ഷേ അവിടെ ശരിയല്ലാത്ത എന്തോ ചിന്ത അവളുടെ ഉള്ളിൽ ഉദിച്ചു.അപ്പോൾ മുതൽ പഞ്ചമിയുടെ ഉള്ളിൽ ഒരു ആശയക്കുഴപ്പം ആരംഭിച്ചു. അങ്ങനെ പരിചയമില്ലാത്ത ഒരാളുടെ ഫ്ലാറ്റിലേക്ക് പോകുന്നത് ശരിയാണോ. പറ്റില്ലെന്ന് പറഞ്ഞാൽ അദ്ദേഹം എന്ത് കരുതും. ധിക്കാരി എന്ന പേര് വരില്ലേ. തന്റെ സ്വപ്നങ്ങളെല്ലാം അതോടുകൂടി അവസാനിക്കില്ലേ. അവൾക്ക് തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെ പ്രവീണിനെ വിളിച്ചു. അവൻ തിരക്കിലായിരുന്നു, ആർക്കും കിട്ടാത്ത ഒരു ചാൻസ് നീയായിട്ട് കളയരുത് എന്ന് അവൻ പറഞ്ഞു. ഫോൺ കട്ട് ചെയ്തു. അവൾ സ്വയം ആശ്വസിച്ചു കഥ പറയാനല്ലേ. അഭിനയ മോഹവുമായി പോകുന്നതല്ലോ , ഒരു കുഴപ്പവുമില്ല. ഒടുവിൽ അവൾ തീരുമാനിച്ചു. ആ വണ്ടിയിൽ അവൾ കെ ആർ പിയുടെ ഫ്ലാറ്റിലേക്ക് പോയി.

റൂമിൽ അദ്ദേഹം കാത്തിരിക്കുന്നുണ്ടായിരുന്നു. മദ്യത്തിന്റെ ഗന്ധവും അതിനെ മറയ്ക്കാനുള്ള റൂം ഫ്രഷ്നറിന്‍റെ പരിശ്രമവും അവൾ തിരിച്ചറിഞ്ഞു. അദ്ദേഹം മാന്യമായി തന്നെ പെരുമാറി, കോഫി ഓഫർ ചെയ്തു . അവൾ നിരസിച്ചു . ഇന്റർവലിന് ശേഷം ഉള്ള സ്ക്രിപ്റ്റ് വായിക്കാൻ അയാൾ അവളോട് ആവശ്യപ്പെട്ടു. അവൾ വായിച്ചു തുടങ്ങി, ഒരു ഘട്ടം കഴിഞ്ഞപ്പോൾ, അദ്ദേഹം കഥയെക്കാൾ ഏറെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നലുണ്ടായപ്പോൾ മുതൽ അവൾ പതറിത്തുടങ്ങി. പെട്ടെന്ന് എപ്പോഴോ അയാൾ പറഞ്ഞു ‘ നീ സുന്ദരിയാണ്, ചായം പൂശിയ നടിമാരേക്കാളും സുന്ദരി,,നീ കഥ പറയേണ്ടവളല്ല അഭിനയിക്കണം. ഇപ്പോൾ വായിച്ച ഒരു ഇന്റിമേറ്റ് സീൻ ഉണ്ടല്ലോ.. അതൊന്നു നോക്കാം അപ്പോൾ നിന്റെ പേടിയൊക്കെ മാറും.’

താൻ ഇതുവരെ ആരാധിച്ചിരുന്ന കെ ആർ പി പെട്ടെന്ന് ഒരു രാക്ഷസനായി ആ മുറിയുടെ ഭൂരിപക്ഷവും കൈയടക്കുന്നത് അവൾ മനസ്സിലാക്കി.

‘വേണ്ട എനിക്ക് അഭിനയിക്കേണ്ട’ അവൾ കൈകൂപ്പി പറഞ്ഞു..

‘അഭിനയിക്കേണ്ടങ്കിൽ അഭിനയിക്കേണ്ട, പക്ഷേ നീ ഇവിടെ വന്നത് കഥ പറയാൻ വേണ്ടി മാത്രമല്ല.. പിന്നെന്തിനാണെന്ന് പ്രവീണിന് അറിയാം. അവൻ എന്നെ പറഞ്ഞിളക്കിയിട്ട്…. ‘അയാൾ പിറുപിറുത്തു

അടുത്ത നിമിഷം അവളെ അയാൾ കട്ടിലിലേക്ക് തള്ളിയിട്ടു. ഏതോ ഹോമാഗ്നിയിലേക്ക് വീഴുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു. എന്നാൽ ഒരു നിമിഷം കൊണ്ട് അവൾ സംയമനം വീണ്ടെടുത്തു. അയാളെ തള്ളി മാറ്റി. തന്റെ ബാഗും എടുത്ത് കുതറിയോടി.. ഏതോ പ്രൈവറ്റ് ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി..

സംഭവിച്ചത് എന്തായിരുന്നു എന്നൊന്നും വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവൾ.. പ്രവീണിന്റെ കോൾ വന്നു. അവൾ എടുത്തു. ‘ നിനക്ക് വേണ്ടിയിട്ടല്ലേ ഞാനീ പാടുപെട്ടത്, സിനിമയല്ലേ, ബഡ്ജറ്റിൽ തുടങ്ങി എല്ലാക്കാര്യത്തിലും അഡ്ജസ്റ്റ്മെന്റു വേണ്ടിവരും. ഭാവിയിൽ നേട്ടം ഉണ്ടാകുന്നത് നിനക്കാണ്. അത് മറക്കണ്ട. ഇതൊക്കെ ഇത്ര വലിയ പ്രശ്നമാണോ . അങ്ങേരെയൊന്നും പിണക്കിയിട്ട് ഇൻഡസ്ട്രിയിൽ നിൽക്കാമെന്ന് വിചാരിക്കണ്ട.. നീ തീരുമാനിച്ചിട്ട് പറ..’. മരവിച്ചിരുന്ന അവൾക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.

റെയിൽവേ സ്റ്റേഷനിലെ ടിവിയിൽ ഏതോ പത്രസമ്മേളനം നടക്കുന്നു. സിനിമയിലെ ചൂഷണങ്ങൾക്കെതിരെയും അവസരങ്ങൾ മുടക്കുന്നതിനെതിരെയും രൂപംകൊണ്ട പുതിയ കമ്മീഷനാണ് വിഷയം. യുവനടൻ തന്റെ അഭിപ്രായം വിവരിക്കുകയാണ്. ഒരിക്കലും തനിക്ക് ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും തന്റെ അവസരങ്ങൾ ആരും മുടക്കാൻ ശ്രമിച്ചിട്ടില്ലെന്നും അയാൾ പറയുന്നുണ്ടായിരുന്നു. അയാൾ പറയുന്ന വാക്കുകൾ അവൾ ശ്രദ്ധിച്ചു. ആരൊക്കെയോ തന്റെ അവസരങ്ങൾ മുടക്കാൻ ശ്രമിക്കുന്നു എന്ന് മാധ്യമങ്ങളിൽ പരാതി പറഞ്ഞിരുന്ന ആ നടന്റെ ആദ്യകാലം അവൾ ഒരു നിമിഷം വെറുതെ ഓർത്തുപോയി.ചൂഷണത്തിന് ഇരയായ സ്ത്രീകൾ മുന്നിട്ട് വന്ന് രൂപം കൊണ്ട പ്രക്ഷോഭത്തിൽ നഷ്ടമായത് പല പ്രമുഖ നടന്മാരുടേയും മുഖംമൂടിയാണ് . സ്ത്രീകളുടെ ആ നേട്ടത്തിന്റെ ക്രെഡിറ്റാണ് വാക്ചാതുരി കൊണ്ട് ആ യുവനടൻ നേടിയെടുത്തത് . ഒരിക്കൽ നേരിട്ട പ്രതിസന്ധികൾ അയാൾ മറന്നു കഴിഞ്ഞു . കാരണം പലതാണ് . സിനിമയിൽ ഇങ്ങനെയാണ് എന്നു പ്രവീൺ പറയുന്നതിന്റെ അർഥം അവൾ മനസിലാക്കി .

വാട്സാപ്പിൽ ഒരു വോയിസ് നോട്ട് കൂടി വന്നത് അവൾ കണ്ടു. കെ ആർ പി ആണ്.

‘ കൊച്ചേ നിനക്ക് ബുദ്ധിമുട്ടായെങ്കിൽ, പോട്ടെ. നീ പറഞ്ഞ കഥ കൊള്ളാം അതിന്റെ ഐഡിയ മുഴുവൻ എനിക്ക് കിട്ടിയിട്ടുണ്ട്. ഞാനിപ്പോ അത് വെച്ച് സിനിമ എടുത്താലും നിനക്കൊന്നും ചെയ്യാൻ പറ്റില്ല. നീ ഒന്നൂടെ ചിന്തിച്ചുനോക്കൂ.. ടൈറ്റിൽ കാർഡിൽ നിന്റെ പേര് കാണണ്ടേ.. ഒന്നൂടെ ഒന്ന് മനസ്സിരുത്തി ആലോചിച്ചിട്ട് തീരുമാനം പറ, വിട്ടുവീഴ്ചകൾ ഉണ്ടെങ്കിൽ മാത്രമേ , അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറായെങ്കിൽ മാത്രമേ നിനക്ക് മുന്നോട്ടു പോകാൻ പറ്റു.’

എന്ത് ചെയ്യണമെന്ന് അവൾക്ക് അറിയില്ല. അവൾ ഒരിക്കൽ കൂടി എഴുതി തയ്യാറാക്കിയ തിരക്കഥ എടുത്തുനോക്കി.

-അതിജീവിത-

കഥ തിരക്കഥ സംഭാഷണം

പഞ്ചമി ശശിധരൻ.

ശ്രീനാഥ് സദാനന്ദൻ

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.