ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് യൂത്ത് മൊബിലിറ്റി സ്‌കീമിൻ്റെ ഭാഗമായി ജോലി ചെയ്യാൻ കഴിഞ്ഞ വർഷം യുകെയിൽ വന്നത് വെറും 23,000 പേർ മാത്രമാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 12 ഓളം രാജ്യങ്ങളിൽ നിന്ന് രണ്ടോ മൂന്നോ വർഷത്തേയ്ക്ക് ബ്രിട്ടനിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണ് യൂത്ത് മൊബിലിറ്റി സ്കീം (വൈ എം എസ് ). ഇങ്ങനെ എത്തിയവരിൽ ഭൂരിഭാഗം പേരും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും നിന്നുള്ളവരാണ്. ഓസ്ട്രേലിയയിൽ നിന്ന് 9900 ഉം ന്യൂസിലൻഡിൽ നിന്ന് 5300 പേരുമാണ് ഈ പദ്ധതിയുടെ ഭാഗമായി യുകെയിൽ എത്തിയത്.
ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ എണ്ണം താരതമ്യേന വളരെ കുറവാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2023 -ൽ ഈ പദ്ധതി പ്രകാരം 2106 പേരാണ് ഇന്ത്യയിൽ നിന്ന് യുകെയിൽ എത്തിയത്. 2024 ൽ ഇതുവരെ 1288 ഇന്ത്യക്കാർ യൂത്ത് മൊബിലിറ്റി സ്കീമിന്റെ ഭാഗമായി യുകെയിൽ എത്തിയിട്ടുണ്ട്. എന്നാൽ സ്റ്റുഡൻറ് വിസയിൽ യുകെയിലെത്തുന്ന വിദ്യാർത്ഥികളിൽ ഇന്ത്യയിൽ നിന്നുള്ളവരുടെ എണ്ണം താരതമ്യേന മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. എന്നിരുന്നാലും ബ്രിട്ടന്റെ പരിഷ്കരിച്ച കുടിയേറ്റ നിയമങ്ങൾ പ്രകാരം സാധാരണ വിദേശ വിദ്യാർത്ഥികൾക്ക് ആശ്രിത വിസ അനുവദിക്കാത്തത് മൂലം ബ്രിട്ടനിലെ സർവകലാശാലകളിലേയ്ക്ക് വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, ഇന്ത്യ , അൻഡോറ, ഐസ്‌ലാൻഡ്, ജപ്പാൻ, മൊണാക്കോ, സാൻ മറിനോ, ഉറുഗ്വേ, തായ്‌വാൻ, ഹോങ്കോംഗ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്കും യൂത്ത് മൊബിലിറ്റി സ്‌കീമിന്റെ ആനുകൂല്യം ലഭിക്കും. 2023 ലെ 7 ലക്ഷത്തിലധികം വരുന്ന മൊത്തം കുടിയേറ്റത്തിൽ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് മൊബിലിറ്റി യൂത്ത് സ്കീം വഴി വരുന്നവരുടെ എണ്ണം. പുതിയ ലേബർ ഗവൺമെൻറ് യൂത്ത് മൊബിലിറ്റി സ്കീം കുടിയേറ്റമായി കണക്കാക്കുന്നതായുള്ള വിമർശനം ശക്തമാണ്. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ സ്കീമിൽ രാജ്യത്ത് വരാൻ സാധിക്കുക.
Leave a Reply