ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒക്ടോബർ 15 വെള്ളിയാഴ്ച മുതൽ കോൺടാക്റ്റ് ലെസ് കാർഡ് പരിധി 100 പൗണ്ടായി ഉയരും. കഴിഞ്ഞ നാല് വർഷത്തിനിടെ യുകെയിലെ സമ്പർക്കരഹിത പണമിടപാടുകൾ ഏഴ് ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഉയർന്നതായി യുകെ ഫിനാൻസ് വ്യക്തമാക്കി. ഈ നടപടി സമ്പദ്‌വ്യവസ്ഥ ഉയർത്താൻ സഹായിക്കുമെന്ന് സർക്കാരും ബാങ്കുകളും പ്രതീക്ഷിക്കുന്നു. പിൻ നമ്പർ നൽകാതെ തന്നെ കാർഡ് വഴി പണമിടപാട് നടത്താൻ സാധിക്കുമെന്നത് കോൺടാക്റ്റ്ലെസ് കാർഡുകളുടെ ജനപ്രീതി വർധിപ്പിക്കുന്നു. 2020 ഏപ്രിൽ 1 മുതൽ സമ്പർക്കരഹിത പണമിടപാടുകൾ 12 ശതമാനം വർദ്ധിച്ചിരുന്നു.

ഡെബിറ്റ് കാർഡ് പെയ്‌മെന്റുകളുടെ അനുപാതം പകർച്ചവ്യാധി സമയത്ത് ഉയർന്നിരുന്നു. 2019 ൽ അഞ്ചിൽ രണ്ടായിരുന്നത് 2020 സെപ്റ്റംബറിൽ അഞ്ചിൽ മൂന്നായി ഉയർന്നു. കോൺടാക്റ്റ്ലെസ് പേയ്മെന്റ് ഉപഭോക്താക്കൾക്കിടയിൽ വളരെ പ്രചാരമുള്ളതാണെന്നും കോൺടാക്റ്റ്ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വർദ്ധിച്ച പണമിടപാടുകൾ നടക്കുന്നുണ്ടെന്നും യുകെ ഫിനാൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് പോസ്റ്റിംഗ്സ് പറഞ്ഞു. പരിധി 100 പൗണ്ടായി വർദ്ധിപ്പിക്കുന്നത് പൊതുജനങ്ങൾക്ക് കൂടുതൽ സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ അതുപോലെ തന്നെ സമ്പർക്കരഹിത പണമിടപാട് പരിധിയിലെ വർദ്ധനവ് കൂടുതൽ മോഷണങ്ങൾക്ക് വഴിതുറക്കുമെന്ന് ഭയപ്പെടുന്നവരുമുണ്ട്.

ആപ്പ് വഴി ഉപഭോക്താക്കൾക്ക് അവരുടെ കാർഡ് ഉപയോഗിക്കാനാഗ്രഹിക്കുന്ന വിധത്തിൽ ക്രമീകരിക്കാനാകുമെന്ന് ബാർക്ലെയ്സ് പറഞ്ഞു. നിലവിൽ ഉപഭോക്താക്കൾക്ക് സ്വന്തമായി സമ്പർക്കരഹിത പരിധികൾ സജ്ജമാക്കാൻ പ്രത്യേക ഓപ്ഷനില്ല. നോൺ-കോൺടാക്റ്റ്ലെസ് കാർഡുകളും ബാർക്ലേയ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ടി എസ് ബി ഉപഭോക്താക്കൾക്ക് 100 പൗണ്ട് പരിധി കുറയ്ക്കാൻ കഴിയില്ല. എന്നാൽ ഒരു നോൺ-കോൺടാക്റ്റ്ലെസ് കാർഡ് തിരഞ്ഞെടുക്കാൻ മാർഗ്ഗമുണ്ട്. കോൺടാക്റ്റ്‌ലെസ് ഓണാക്കാനും ഓഫ് ചെയ്യാനും അല്ലെങ്കിൽ സ്വന്തം കോൺടാക്റ്റ്ലെസ് പരിധി നിശ്ചയിക്കാനും ലോയ്ഡ്സ് ബാങ്ക് അനുവദിക്കുന്നുണ്ട്.

കോൺടാക്റ്റ്ലെസ് കാർഡുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി വൈഫൈ ചിഹ്നത്തോടെയാണ് വരുന്നത്. ഇവ ഉപയോഗിക്കാൻ കഴിയുന്ന പിഒഎസ് ടെർമിനലിലും ഈ ചിഹ്നം ഉണ്ടാകും. കാർഡും ചെക്കൗട്ട് ടെർമിനലിലും തമ്മിലുള്ള ആശയവിനിമയം ആരംഭിക്കുന്നതിന് രണ്ടും തമ്മിലുള്ള ദൂരം കുറഞ്ഞത് 4 സെന്റിമീറ്റർ ആയിരിക്കണം. കൂടാതെ ശരിയായി ക്രമീകരിക്കുകയും വേണം.