ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെനിയയിലെ സൈനിക താവളത്തിലേയ്ക്ക് നിയോഗിച്ച ബ്രിട്ടീഷ് സൈനികരുടെ പെരുമാറ്റങ്ങളെ കുറിച്ച് സൈന്യം അന്വേഷണം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടീഷ് ആർമി ട്രെയിനിംഗ് യൂണിറ്റ് കെനിയയിലേക്ക് (BATUK) നിയമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റം പരിശോധിക്കാനാണ് അന്വേഷണം. 2012-ൽ കെനിയൻ വനിതയായ ആഗ്നസ് വാൻജിറുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സൈനികൻ ഇവിടെയാണ് ജോലി ചെയ്തിരുന്നത്.
ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെ സൈനികർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ബ്രിട്ടീഷ് പട്ടാളക്കാർ പ്രാദേശിക സ്ത്രീകളുമായി ലൈംഗിക ബന്ധത്തിന് സ്ഥിരമായി പണം നൽകിയിരുന്നതായും സ്ത്രീകളെയും പ്രായപൂർത്തിയതാകാത്ത പെൺകുട്ടികളെയും ബലാത്സംഗം ചെയ്തതായും ആരോപിക്കപ്പെടുന്നു. കെനിയയിലേയ്ക്ക് വിന്യസിച്ചിരിക്കുന്ന സൈനികരുടെ മോശം പെരുമാറ്റത്തെ കുറിച്ച് പ്രതിരോധ സെക്രട്ടറി സൈനിക മേധാവിയുമായി ചർച്ച ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുകെ പ്രതിരോധ മന്ത്രാലയത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഇരയുടെ ബന്ധുക്കൾ ഉന്നയിച്ചിരിക്കുന്നത് . യുകെ പ്രതിരോധ മന്ത്രാലയം തങ്ങൾക്ക് ആവർത്തിച്ച് അന്വേഷണ വാഗ്ദാനങ്ങൾ നൽകിയെങ്കിലും എന്നാൽ തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്. 2012 -ൽ കെനിയൻ വനിതയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇതുവരെ കുറ്റാരോപിതനെ ശിക്ഷിച്ചില്ലെന്നതാണ് ഇതിന് ഉദാഹരണമായി അവർ ചൂണ്ടി കാണിക്കുന്നത്. ഒന്നിലധികം തവണ കുത്തേറ്റ വാൻജിരു ബ്രിട്ടീഷ് പട്ടാളക്കാർക്കൊപ്പം മദ്യപിക്കുന്നതാണ് അവസാനമായി കണ്ടത്. കെനിയൻ അന്വേഷണത്തിൽ ഒന്നോ അതിലധികമോ ബ്രിട്ടീഷ് സൈനികർ അവളുടെ കൊലപാതകത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തി. നിരവധി പേർ പ്രതിയുടെ പേര് വ്യക്തമായി സൂചിപ്പിക്കുകയും പല തെളിവുകൾ പുറത്തു വരുകയും ചെയ്തെങ്കിലും ഇതുവരെ അവളുടെ മരണത്തിന് ആരെയും പ്രോസിക്യൂട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയിടെ തന്നെ 7 പേരടങ്ങിയ ബ്രിട്ടീഷ് സൈനികർ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി 14 വയസ്സുകാരിയായ പെൺകുട്ടി വെളിപ്പെടുത്തിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Leave a Reply