ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ ലൈംഗികരോഗങ്ങൾ കൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഈ ഭാഗങ്ങളിലെ യുവാക്കളോടും വിദ്യാർത്ഥികളോടും കോണ്ടം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പു നൽകി. അവധി കഴിഞ്ഞ് സർവകലാശാലകളിലേയ്ക്ക് മടങ്ങുന്ന യുവാക്കളോട് പങ്കാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.


ഡെവോൺ, കോൺവാൾ, സോമർസെറ്റ്, ഗ്ലൗസെസ്റ്റർഷയർ, വിൽറ്റ്ഷയർ, ഡോർസെറ്റ് എന്നി ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് പ്രദേശങ്ങളിൽ ഗൊണോറിയ, സിഫിലിസ് കേസുകൾ വർദ്ധിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറഞ്ഞു. 2023 -ൽ 51 സിഫിലിസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ എണ്ണത്തിൽ 24 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 2023 -ൽ 2403 ഗൊണോറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത് . 2022 മായി താരതമ്യം ചെയ്യുമ്പോൾ ഈ രോഗത്തിൻറെ കാര്യത്തിൽ 24.4 ശതമാനം വർദ്ധനവ് ആണ് ഉള്ളത്.

ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രണ്ട് രോഗങ്ങളാണ് ഗൊണോറിയും സിഫിലിസും. മൂത്രമൊഴിക്കുമ്പോൾ വേദന, പ്രത്യുത്പാദന അവയവങ്ങളിൽ വീക്കം എന്നിവയാണ് ഗൊണോറിയയുടെ രോഗ ലക്ഷണങ്ങൾ. വേദനയില്ലാത്ത വ്രണങ്ങളാണ് സിഫിലിസിന്റെ ലക്ഷണങ്ങൾ . സിവിലിസ് ചികിത്സിച്ചില്ലെങ്കിൽ തലച്ചോറിനും ഹൃദയത്തിനും മറ്റ് അവയവങ്ങൾക്കും ആപത്കരമായി തീരും. ഗൊണോറിയ തക്കസമയത്ത് ചികിത്സിച്ചില്ലെങ്കിൽ വന്ധ്യതയിലേയ്ക്ക് നയിക്കാനുള്ള സാധ്യതയുണ്ട്.