കൈക്കുഞ്ഞുങ്ങളുമായി പുറത്തുപോവുമ്പോള്‍ അമ്മമാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ് എവിടെവെച്ച് മുലപ്പാല്‍ നല്‍കും എന്നത്. പൊതുസ്ഥലത്തുവെച്ച് കുഞ്ഞ് വിശന്നുകരഞ്ഞാല്‍ അമ്മമാര്‍ക്ക് ആധിയാണ്. മുലയൂട്ടാന്‍ സൗകര്യപ്പെടുന്ന ഒരിടംതേടിയുള്ള അലച്ചിലാവും പിന്നെ. ഇതിനിടെ കുഞ്ഞിന്റെ കരച്ചില്‍ ആക്കം കൂടി വരുന്നതും വലിയ സമ്മര്‍ദമേറ്റും. ചിലയിടത്ത്, അമ്മമാര്‍ക്ക് അത്തരത്തില്‍ സൗകര്യപ്പെടുന്ന ഒരിടം കണ്ടെത്താനാവാത്ത സ്ഥിതിയുണ്ടാവും. അന്നേരം അനുഭവപ്പെടുന്ന പിരിമുറുക്കം എത്രയെന്നത് അത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയവര്‍ക്കേ മനസ്സിലാവൂ. ഒടുക്കം സൗകര്യമുള്ള ഇടം കണ്ടെത്തിക്കഴിഞ്ഞാല്‍ അമ്മമാരുടെ ഒരു നെടുവീര്‍പ്പിടലുണ്ട്!

കുഞ്ഞിന് പാലൂട്ടുക എന്നത് അങ്ങേയറ്റത്തെ സ്വകാര്യതയില്‍ നിര്‍വഹിക്കേണ്ടതാണെന്ന ബോധത്തില്‍നിന്നാണ് ഈ സ്ഥലം തേടിയുള്ള അലച്ചിലും അതേത്തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമെല്ലാം കടന്നുവരുന്നത്. അത്രമേല്‍ ആളറിയാതെ വേണം, ഈ ദൗത്യം നിര്‍വഹിക്കേണ്ടതെന്നാണ് ചില അമ്മമാര്‍പോലും കരുതുന്നത്. അത്തരം ചിന്താധാരകളെ പിഴുതെറിയുന്ന ഒരു സാമൂഹിക മാധ്യമ കുറിപ്പ് വലിയ പ്രചാരം നേടിയിരിക്കുകയാണിപ്പോള്‍.

ഷയൂണ്‍ മെന്‍ഡലുക്ക് എന്ന സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ മുന്‍പ് പങ്കുവെച്ച ഒരു ചിത്രം ഒരിക്കല്‍ക്കൂടി മറ്റൊരു കുറിപ്പോടെ പങ്കുവെച്ചതാണ് വൈറലായത്. പൊതുസ്ഥലത്ത് മുലയൂട്ടുന്ന ഘട്ടങ്ങളിലെല്ലാം ഇത് സ്വകാര്യമായി ചെയ്തൂടേ എന്ന കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരുന്നതായി അവര്‍ വ്യക്തമാക്കുന്നു. പൊതുമധ്യത്തില്‍വെച്ച് മുലയൂട്ടുന്നതിന്റെ ചിത്രമടക്കം പങ്കുവെച്ചുള്ളതാണ് പോസ്റ്റ്.

റസ്‌റ്റോറന്റില്‍വെച്ച് കുഞ്ഞിനെ മുലയൂട്ടിയപ്പോള്‍പോലും ഈ വിധത്തിലുള്ള പെരുമാറ്റം നേരിടേണ്ടിവന്നിട്ടുണ്ട്. ഭക്ഷണശാലയില്‍പ്പോലും കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്നത് വിചിത്രമാണ്. കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ആളുകള്‍ പക്ഷേ, അതിലെ സ്വാഭാവിക പ്രക്രിയയായ മുലയൂട്ടല്‍ കാണുമ്പോള്‍ തിരിഞ്ഞുകളയും. ലഹങ്കയണിഞ്ഞ് ഒരു മതിലിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ തന്റെ ദൃശ്യം പങ്കുവെച്ചത് ഭര്‍ത്താവാണെന്നും അത് കണ്ടപ്പോള്‍ തനിക്ക് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ തോന്നിയെന്നും ഷയൂണ്‍ പറയുന്നു.

പോസ്റ്റിന്റെ സംക്ഷിപ്ത രൂപം:

‘ഇത് വളരെ ഔചിത്യക്കേടായിപ്പോയി! സ്വകാര്യമായി ചെയ്തൂടേ…’ പൊതുസ്ഥലത്ത് കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ സ്ഥിരമായി ഞാന്‍ കേള്‍ക്കുന്നതാണിത്. ഞാന്‍ മുലയൂട്ടാന്‍ തുടങ്ങിയപ്പോഴേക്ക് ആളുകള്‍ അസ്വസ്ഥരായി എന്നോട് പോവാന്‍ പറഞ്ഞുതുടങ്ങി. ഒരിക്കല്‍ റസ്‌റ്റോറന്റില്‍ ഇരിക്കുമ്പോഴും ഇതേ അനുഭവമുണ്ടായി. ഇവിടെനിന്ന് മാറി മുലയൂട്ടുമോ എന്നായിരുന്നു ചോദ്യം. ഭക്ഷണം കഴിക്കുന്ന ഇടത്ത് എനിക്കെന്റെ കുഞ്ഞിന് ഭക്ഷണം നല്‍കാനാവില്ലെന്നുവന്നാല്‍ അതെത്ര ഫണ്ണിയാണ്. എല്ലാവരും കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്നവരാണെങ്കിലും, അതിലെ സ്വാഭാവിക പ്രക്രിയയായ മുലയൂട്ടല്‍ കാണുമ്പോള്‍ പക്ഷേ, മുഖം ചുളിക്കും.

ഇത് പറയുമ്പോൾ എന്നെയൊരു വിമതയായാണ് കാണുക. ആളുകളുടെ കണ്ണുതള്ളല്‍ കണ്ടപ്പോള്‍ എനിക്ക് ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കണമെന്നു തോന്നി. ഒരിക്കല്‍ ഷൂട്ടിങ്ങിനിടെ, എന്റെ ഭര്‍ത്താവ് ഞാന്‍ മുലയൂട്ടുന്ന ഒരു ചിത്രം പകര്‍ത്തി. ലഹങ്കയണിഞ്ഞ് ടെറസില്‍ ഇരുന്ന് ഞാന്‍ ബ്ലൗസ് ഹുക്ക് അഴിച്ച് മുലയൂട്ടുന്ന നിലയിലുള്ള ചിത്രമായിരുന്നത്. പിന്നീട് ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍, അവ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യണമെന്നുതോന്നി. അത് ശ്രദ്ധപിടിച്ചുപറ്റാന്‍ ഉദ്ദേശിച്ചായിരുന്നില്ല. മറിച്ച്, ഇക്കാര്യത്തിലെ എന്റെ നിലപാട് അറിയിക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ-അതൊരു ഭയങ്കര കാര്യമായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. പൊതുസ്ഥലത്തെ മുലയൂട്ടലിന് ഒരു സാധാരണത്വം കൊണ്ടുവരാന്‍ എന്റെ മുന്നില്‍ തെളിഞ്ഞ ഒരു മാര്‍ഗമായിരുന്നു അത്. അതിന്റെ വരുംവരായ്കളെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. പക്ഷേ, ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഒരുപാട് സ്ത്രീകള്‍ തന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് മുന്നോട്ടുവന്നു. ചിത്രം കണ്ട് നിരവധി സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടതോടെ, എനിക്ക് എന്റെ പ്രവൃത്തി ശരിയാണെന്ന് മനസ്സിലായി. എന്തെന്നാല്‍ ഇത് 2024 ആണ്, വളരെ സാധാരണമായ ഒരു പ്രക്രിയയെ സാധാരണമാക്കിത്തീര്‍ക്കേണ്ട സമയം.