കാസര്‍കോട്: കേരളത്തില്‍ പോക്‌സോ കേസുകളില്‍ ആദ്യ ജീവപര്യന്തം കാസര്‍കോട്. ഉപ്പള ബന്തിയോട് പഞ്ചത്തോട്ടി സ്വദേശി അബ്ദുല്‍ കരീമിനെയാണ് കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പതിമൂന്നുകാരിയെ മാതാവിന്റെ മുന്‍പിലിട്ടു പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ജീവപര്യന്തം തടവ് കൂടാതെ 50,000 രൂപ പിഴയും ഒടുക്കണം.

പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നല്‍കണം. മരണം വരെയാണ് ഇയാള്‍ക്ക് തടവ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം കേരളത്തില്‍ വിധിക്കുന്ന ആദ്യ ജീവപര്യന്തമാണ് ഇത്. കഴിഞ്ഞ ഏപ്രില്‍ 2നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നു പെണ്‍കുട്ടി അമ്മയുമായി നേരിട്ടു കുമ്പള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

മാതാവിനു നേരെ കത്തി വീശുമ്പോള്‍ തടഞ്ഞ പെണ്‍കുട്ടിക്ക് ഇടതു കയ്യിലും കഴുത്തിലും പരുക്കേറ്റിരുന്നു. പ്രതി ലഹരിപാനീയം നല്‍കിയും മറ്റും മുമ്പും പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മാതാവ് വിചാരണയ്ക്കിടെ പ്രതിഭാഗത്തേക്കു കൂറുമാറിയിരുന്നു. കേസെടുത്ത് എട്ടു മാസത്തിനുള്ളിലാണു വിധി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനകം കോടതി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശപ്രകാരം കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വിധി പറയുന്ന കേസും ഇതുതന്നെയാണ്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.