കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറായിരുന്ന ഡോ. പി.സരിന്‍ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് സരിന്‍ സിപിഎമ്മിനോട് സമ്മതം അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. നാളെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പി. സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് പി. സരിന്‍ ഇന്ന് രാവിലെ രംഗത്തെത്തിയത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് സരിന്‍ രംഗത്തെത്തിയത്. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ സാധ്യതകല്‍പിക്കപ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു സരിന്‍.

സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ സരിനുമായി ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസിലെ ഭിന്നത രാഷ്ട്രീയമായി ഉപയോഗിക്കാമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേസമയം സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നും പുറത്തുപോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നുമാണ് വിവരം.