എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചു.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നവീന്‍ ബാബു ചെയ്തത് നിയമപരമായ നടപടികള്‍ മാത്രമാണ്. എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ല. ഫയല്‍ വൈകിപ്പിച്ചുവെന്ന ആരോപണം തെറ്റാണ്. ആറ് ദിവസം മാത്രമാണ് പ്രസ്തുത ഫയല്‍ നവീന്‍ ബാബുവിന്റെ പക്കലുണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എഡിഎമ്മിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ല. പരിശോധനകള്‍ നടത്തിയാണ് നവീന്‍ ബാബു മുന്നോട്ടുപോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ വൈകിപ്പിച്ചു, കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരേ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍.

കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് ആരംഭിക്കാന്‍ എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്ന് സ്ഥലം ലീസിനെടുത്ത ടി.വി. പ്രശാന്തന്‍ ആരോപിച്ചിരുന്നു. നവീന്‍ബാബുവിന് കൈക്കൂലി കൊടുത്തെന്ന് പോലീസിനും പ്രശാന്തന്‍ മൊഴി നല്‍കി. സ്വര്‍ണം പണയംവെച്ചാണ് കൈക്കൂലിപ്പണം നല്‍കിയത്, പണയം വെച്ചതിന്റെ രേഖകളും പ്രശാന്തന്‍ ഹാജരാക്കിയിരുന്നു. ആറാംതീയതി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സിലെത്തി കണ്ടു. അവിടെ വെച്ചാണ് കൈക്കൂലി നല്‍കിയത്. പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നുമാണ് പ്രശാന്തന്‍ പോലീസിനെ അറിയിച്ചത്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന പേരിലുള്ള പരാതി വ്യാജമാണെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ല മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഒക്ടോബര്‍ 29ന് വിധി പറയും. നവീന്‍ ബാബുവിനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമര്‍ശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയില്‍ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വന്‍ വാദിച്ചത്. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയാണ്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന വ്യക്തിയാണ് തുടങ്ങിയ വാദങ്ങളും കോടതിയില്‍ നിരത്തിയിരുന്നു.