ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ സ്കൂളിലേക്ക് വാഹനം ഇടിച്ചു കയറി ഇന്ത്യൻ വംശജ ഉൾപ്പെടെ രണ്ടു കുട്ടികൾ മരിച്ച സംഭവത്തിൽ പുനരന്വേഷണം നടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞവർഷം ജൂലൈയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. അപകടത്തിൽ ഇന്ത്യൻ വംശജയായ നൂറിയ സജ്ജാദും സെലീന ലോയുമാണ് അപകടത്തിൽ മരിച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും അപകടം വരുത്തിവെച്ച വാഹനത്തിന്റെ ഡ്രൈവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അപകട സമയത്ത് തനിക്ക് അപസ്മാരം പിടിപെട്ടെന്ന് വാഹനമോടിച്ചിരുന്ന ഡ്രൈവർ ക്ലെയർ ഫ്രീമാന്‍റിൽ അവകാശപ്പെട്ടിരുന്നു. 47 വയസ്സുകാരനായ ഇയാളുടെ മൊഴി പ്രഥമ പരിഗണനയ്ക്ക് എടുത്ത് അന്വേഷണ ഉദ്യോഗസ്ഥർ മുന്നോട്ട് പോയതിനാലാണ് ഡ്രൈവർക്കെതിരെയുള്ള നടപടികൾ ഉണ്ടാകാതിരുന്നത്.


എന്നാൽ സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണത്തിൽ ഒട്ടേറെ പിഴവുകൾ ഉണ്ടായി എന്ന വിലയിരുത്തലിലാണ് കേസ് വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത് കാരണമായത്. 47 വയസ്സുകാരനായ ഡ്രൈവറുടെ അപസ്മാര രോഗം നിർണ്ണയിക്കുന്നതിനുള്ള ശാസ്ത്രീയ രീതികൾ അവലംബിക്കാതിരുന്നത് ഉൾപ്പെടെയുള്ള വീഴ്ചകളാണ് അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നും സംഭവിച്ചത്. ഇതുകൂടാതെ പ്രധാന സാക്ഷികളെ ഉൾപ്പെടെ ചോദ്യം ചെയ്യുന്നതിൽ പരാജയം ഉണ്ടായതായുള്ള വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. കഴിഞ്ഞ 15 മാസമായി തങ്ങൾ അനുഭവിച്ച വേദന ഒരു രക്ഷിതാവിന് ഉണ്ടാകരുതെന്നും പുതിയ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും നൂറിയയുടെ പിതാവ് സാജ് ബട്ട് പറഞ്ഞു.