ഒക്ടോബർ 30-ാം തീയതി ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റിലെ നികുതികൾ തൊഴിലാളികളുടെ ശമ്പളത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ശമ്പളം മേടിക്കുന്ന അധ്വാന വർഗ്ഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ ബഡ്ജറ്റിൽ ഉണ്ടാവുകയില്ലെന്ന് നേരത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. എന്നാൽ തൊഴിലുടമകളെ ലക്ഷ്യമിട്ടുള്ള ബഡ്ജറ്റ് നികുതി വർദ്ധനവ് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ദേശീയ ഇൻഷുറൻസ് നിരക്കിലെ വർദ്ധനവും അതുകൂടാതെ അടയ്ക്കേണ്ട പരുധിയിലെ കുറവും കാരണം ബഡ്ജറ്റിൽ 40 മില്യൺ പൗണ്ടിന്റെ നികുതിഭാരവും ആണ് ചാൻസിലർ തൊഴിലുടമകളുടെ മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ നേരിട്ട് തൊഴിൽ ദാതാക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇത്തരം ഭാരങ്ങൾ പരോക്ഷമായി തൊഴിലാളികളെ ബാധിക്കും എന്നതാണ് വസ്തുത. ദേശീയ ഇൻഷുറൻസിലെ പുതിയ വർദ്ധനവും നടപടിക്രമങ്ങളും മൂലം തൊഴിലാളികൾക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങൾക്കും തൊഴിലുടമകളുടെ ഭാഗത്തു നിന്ന് കർശനമായ സമീപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

എന്നാൽ ബിസിനസുകാർ അവരുടെ ലാഭത്തിൽ നിന്ന് നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് അടയ്ക്കണമെന്നാണ് ഗവൺമെൻറ് ഉദ്ദേശിക്കുന്നതെന്നും ഇത് വേതന വർദ്ധനവിനെ ബാധിക്കേണ്ടതില്ലെന്നുമാണ് ചാൻസലർ റേച്ചൽ റീവ്സ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് നേരിട്ട് ശമ്പളത്തെ ബാധിക്കില്ലെങ്കിലും കാലക്രമേണ തൊഴിലാളികളുടെ വേതനത്തെ ബാധിക്കുമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്കിലെ റിസർച്ച് ഡയറക്ടർ ജെയിംസ് സ്മിത്ത് പറഞ്ഞു. പരോക്ഷമായി തങ്ങളുടെ വേതനത്തെ ബാധിക്കുന്ന ബഡ്ജറ്റിലെ നയങ്ങളെ കുറിച്ച് കൂടുതൽ വിമർശനങ്ങൾ തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും ഉയർന്നു വരുമെന്നാണ് കരുതപ്പെടുന്നത്.