ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 26 ശനിയാഴ്ച കേരള ആർട്ട് നൈറ്റ് നടത്തി. വൻ വിജയമായിരുന്ന പരിപാടി ലിവർപൂൾ കാർഡിനൽ ഹീനൻ ഹൈസ്കൂളിൽ വെച്ച് ആണ് നടന്നത്. പരിപാടികളുടെ ഭാഗമായ എല്ലാവർക്കും മലയാളി ഹിന്ദു സമാജം (LMHS ) നന്ദി രേഖപ്പെടുത്തി .

കേരളത്തിൻ്റെ തനത് സംസ്കാരത്തിൻ്റെ മൂല്യവും പ്രൗഢിയും വിളിച്ചോതുന്ന പാരമ്പര്യ കലകളെ ബ്രിട്ടീഷ് സമൂഹത്തിലും ഇവിടെ വളർന്നു വരുന്ന നമ്മുടെ സ്വന്തം കുഞ്ഞുങ്ങൾക്കും പരിചയപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ (LMHS ) സ്ഥാപക ലക്ഷ്യങ്ങളിൽ ഒന്നു തന്നെയാണ്.

നമ്മുടെ കുഞ്ഞുങ്ങളിൽ കേരള സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും അടിത്തറ പാകുന്നതിൽ കേരള തനത് കലകൾക്കുള്ള പങ്കുകൾ നിസ്തുലമാണ് എന്നിരിക്കേ തുടർന്നും ഇതു പോലുള്ള പരിപാടികൾ ലിവർപൂളിൽ സംഘടിപ്പിക്കാൻ ലിവർപൂൾ മലയാളി ഹിന്ദു സമാജം (LMHS ) പ്രതിജ്ഞാബദ്ധമാണ്.

ഈ ശ്രേണിയിലെ ആദ്യ പരിപാടിയായ കേരള ആർട്ട് നൈറ്റ് കലാചേതനയുടെ അമരക്കാരൻ ആയ ശ്രീ കലാമണ്ഡലം വിജയകുമാർ ആശാനും , കലാചേതന കുട്ടികൃഷ്ണൻ ആശാനും ,കലാചേതന ബാലകൃഷ്ണൻ ആശാനും ചേർന്ന് അവതരിപ്പിച്ച ദക്ഷയാഗം കഥകളിയും, നവധാര ലണ്ടൻ ൻ്റെ അമരക്കാരൻ ആയ വിനോദ് നവധാരയുടെ നേതൃത്വത്തിൽ നടന്ന വിവിധ ചെണ്ടമേളങ്ങളും ശ്രീമതി ഹിദ ശശിധരൻ്റെ മോഹിനിയാട്ടവുമായി കലാ ആസ്വാദകർക്ക് ഒരു മികച്ച കലാ വിരുന്ന് തന്നെയായിരുന്നു.

കലാചേതനയുടെ അമരക്കാരിയായ കലാമണ്ഡലം ബാർബറ വിജയകുമാറിൻ്റെ കഥകളിക്ക് വേണ്ടിയുള്ള ആത്മ സമർപ്പണത്തെ കുറിച്ച് പരാമർശിക്കാതെ ഈ കുറിപ്പ് പൂർണമാവില്ല. ഇംഗ്ലണ്ടിലെ ലങ്കാഷയറിനടുത്തുള്ള റോഷ്ഡെയിൽ ജനിച്ച് ഒരു നിയോഗമോ അതോ ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയാലോ എന്ന പോലെ കരമാർഗം ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, തുർക്കി,ഇറാൻ , അഫ്ഗാനിസ്ഥാൻ , പാകിസ്ഥാൻ വഴി ഇന്ത്യയിൽ എത്തിയ കലാമണ്ഡലം ബാർബറ പിന്നീട് ഭാരതം മുഴുവനും യാത്ര ചെയ്ത് അവസാനം ദൈവ നിശ്‌ചയം എന്ന പോലെ കേരള കലാമണ്ഡലത്തിൽ എത്തിച്ചേർന്നു . കലാമണ്ഡലം ബാർബറ അവിടെ വെച്ച് കലാമണ്ഡലം ഗോപി ആശാൻ്റെ സഹായത്തോടെ കഥകളിയും അഭ്യസിച്ചു .ഈ സമയം തൻ്റെ ജന്മനിയോഗം ചുട്ടി ആണെന്ന് തിരിച്ചറിഞ്ഞ ബാർബറ കഥകളിയുടെ പ്രധാന ഭാഗം ആയ 3D മേക്കപ്പ് എന്നറിയപ്പെടുന്ന ചുട്ടിയിലേക്ക് എത്തിപ്പെട്ടു. അങ്ങിനെ ലോകത്തിലെ ആദ്യത്തെ വനിതാ ചുട്ടി കലാകാരിയായി മാറിയ കലാമണ്ഡലം ബാർബറ കഥകളി കലാകാരൻ ആയ ശ്രീ കലാമണ്ഡലം വിജയകുമാറിനെ കല്യാണം കഴിച്ച് കേരളത്തിൻ്റെ മരുമകൾ ആയി മാറി. ഇപ്പോൾ ഈ ദമ്പതികൾ ലോകം മുഴുവനും കഥകളി പ്രചരിപ്പിക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിന്റെ മണ്ണിൽ തൃശ്ശൂർ പൂരത്തിനെ പോലെ ആവേശം നിറച്ചുകൊണ്ട് മട്ടന്നൂരിനെയും ജയറാമിനെയും അണിനിരത്തി ‘മേള പ്പെരുമ’ ചെണ്ടമേളം അവതരിപ്പിച്ച നവധാര ലണ്ടൻ കേരള ആർട്ട് നൈറ്റിന്റെ ഭാഗമായി LMHS കേരള ആർട്ട് നൈറ്റ് വേദിയിൽ കാഴ്ചവെച്ച ചെണ്ടമേളങ്ങൾ ആസ്വാദകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു . നവധാര വിനോദിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളവും പാണ്ടിമേളവും ഫ്യൂഷൻ ചെണ്ടമേളവും . കൂടാതെ ഇംഗ്ലണ്ടിലെ കലാവേദികളിൽ നിറസാന്നിധ്യവും വലിയ ഒരു ആരാധക വൃന്ദത്തിന്റെ ഉടമയുമായ ശ്രീ ഹിദാ ശശിധരന്റെ ലാസ്യലയങ്ങൾ നിറഞ്ഞ മോഹിനിയാട്ടവും കൂടെ ചേർന്നപ്പോൾ ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ ‘കേരള ആർട്ട് നൈറ്റ് ‘ ആസ്വാദകരുടെ ഹൃദയത്തിലേക്ക് തന്നെ കടന്ന് കയറി എന്ന് തന്നെ പറയാം.

പാലാഴി മഥനം കഴിഞ്ഞ അമൃത് അസുരന്മാരിൽ നിന്നും തട്ടിയെടുക്കാൻ വേണ്ടി മഹാവിഷ്ണു അണിഞ്ഞ സുന്ദരിയായ സ്ത്രീ വേഷം ആണ് മോഹിനി എന്നാണ് ഐതിഹ്യം. ഈ പുരാണ സന്ദർഭത്തെ അനുസ്മരിക്കാൻ ക്ഷേത്ര നർത്തകിമാർ ആണ് പതിഞ്ഞ താളത്തിൽ ഉള്ള സംഗീതത്തിന് ഒത്ത് കൺകോണുകളിലും , ഉടലിലും ലാസ്യ ലാവണ്യം നിറച്ച് ലളിതമായ വേഷവും കേരളീയ ആഭരണങ്ങളും അണിഞ്ഞ് മോഹിനിയാട്ടം ആടിയത് എന്ന് വിശ്വസിക്കപ്പെടുന്നു.

കഥകളി പോലുള്ള ഒരു കഠിനമായ കലാരൂപം മുതിർന്നവർക്കും കുട്ടികൾക്കും ഒരേ പോലെ ആസ്വദിക്കാൻ വേണ്ടി മലയാളി ഹിന്ദു സമാജം എടുത്ത നടപടികളും വളരെ സഹായകമായി . ദക്ഷയാഗം കഥ പ്രിൻറ് ചെയ്ത് ആദ്യമേ തന്നെ കാണികൾക്ക് നൽകിയതും , കഥകളിയുടെ മുമ്പായി വലിയ സ്ക്രീനിൽ കഥകളിയെ കുറിച്ചും, ദക്ഷയാഗം കഥയെ കുറിച്ചും, കഥകളി മുദ്രകളെ കുറിച്ചും സംക്ഷിപ്ത വിവരങ്ങൾ കാണികൾക്ക് നൽകിയതും തുടർന്ന് കഥകളിക്ക് മുമ്പായി ശ്രീമതി ബാർബറ വിജയകുമാറിന്റെ അവതരണവും കൂടെ ആയപ്പോൾ ആളുകൾക്ക് വളരെ നന്നായി കഥകളി അതിൻ്റെ പൂർണ്ണ രൂപത്തിൽ തന്നെ ആസ്വദിക്കാൻ പറ്റി. അതുപോലെതന്നെ കഥകളി എന്ന പ്രൗഢ കലാരൂപത്തിൻ്റെ ലോകപ്രശസ്തമായ ത്രിമാന മുഖ ചമയങ്ങളും , വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ വസ്ത്രങ്ങളും , മികച്ച ഭാവരസങ്ങളും ആയപ്പോൾ വലിയവരെപ്പോലെ തന്നെ നമ്മുടെ കുട്ടികളെയും കഥകളി അരങ്ങിലേക്കും കഥകളിയിലേക്കും കണ്ണിമ ചിമ്മാതെ ശ്രദ്ധയോടെ പിടിച്ചിരുത്തി.

രൂപികരിച്ചു രണ്ടു വർഷം പോലും ആയിട്ടില്ലാത്ത ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ കേരള ആർട് നൈറ്റ് ന് യുകെയിലെ കലാസാംസ്‌കാരികരംഗത്ത് ലഭിച്ച പിന്തുണക്കും അംഗീകാരത്തിനും LMHS വിനയത്തോടെ നന്ദി പറയുന്നു . തുടർന്നും കേരളത്തിന്റെ സാംസ് കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികൾ സംഘടിപ്പിക്കാൻ ലിവർപൂളിലെ കലാസ്വാദന സമൂഹം തരുന്ന നിർലോഭമായ പിന്തുണ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നമ്മുടെ കുഞ്ഞുങ്ങൾക്കും, ബ്രിട്ടീഷ് കലാസമൂഹത്തിനും കേരള കലാരൂപങ്ങളിൽ പ്രധാനമായ മൂന്ന് കലാരൂപങ്ങൾ വീണ്ടും പരിചയപ്പെടുത്താൻ ആയി എന്ന സംതൃപ്തിയോടെ ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ (LMHS) കേരള ആർട്ട് നൈറ്റ് ന് സമാപനം ആയി.