രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരിക്കെ കാണാതായ ജസ്‌നയെ കണ്ടെത്താൻ ഇനി സിബിഐയുടെ അന്വേഷണം. ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക.കേസിലെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടും ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

അതേസമയം ജസ്‌ന തിരോധാനക്കേസിൽ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. മറ്റൊരു ഏജൻസി കേസ് അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കേസ് ഏറ്റെടുക്കാൻ സിബിഐ സന്നദ്ധമാണെന്ന് അറിയിച്ചു. ജസ്‌നയുടെ തിരോധാനം ഗൗരവമുള്ളതാണെന്നും അന്തർ സംസ്ഥാന ബന്ധങ്ങൾ കേസിനുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാവണമെന്നുമുള്ള സോളിസിറ്റർ ജനറലിന്റൈ അപേക്ഷയും അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.