ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് യോർക്ക് ഷെയറിൽ വളർത്തു നായയുടെ കടിയേറ്റ് 10 വയസ്സുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം കടുത്ത വേദനയോടെയാണ് രാജ്യം ഏറ്റെടുത്തത് . മാൾട്ടൺ ഏരിയയിലെ ഒരു വീടിനുള്ളിലാണ് ദാരുണ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു . സംഭവത്തെ കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നെങ്കിലും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.

XL ബുള്ളി ഇനത്തിൽപ്പെട്ട നായയാണ് പെൺകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തിയതെന്ന വാർത്തയാണ് ഇതിനോട് അനുബന്ധിച്ച് പുറത്തു വന്നിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബം ഒരു സ്റ്റാറ്റിക് കാരവാനിൽ ആണ് ജീവിച്ചിരുന്നത്. യുകെയിൽ ഇത്തരം താത്കാലിക പാർപ്പിടങ്ങളിൽ താമസിക്കുന്നവർ നിരവധിയാണ്. XL ബുള്ളി ഇനത്തിൽപ്പെട്ട നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക് പറ്റിയതിനെ തുടർന്ന് സർട്ടിഫിക്കേഷൻ ഇല്ലാതെ ഇത്തരം നായ്ക്കളെ സ്വന്തമാക്കുന്നതും വളർത്തുന്നതും യുകെയിൽ ക്രിമിനൽ കൂറ്റമാക്കിയിരുന്നു.

പത്തു വയസ്സുകാരിയായ പെൺകുട്ടി നായയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവം സമീപവാസികൾ കടുത്ത ഞെട്ടലാണ് ഉളവാക്കിയത്. പെൺകുട്ടി തങ്ങൾക്ക് ഒരു പുതിയ വളർത്തു നായയെ ലഭിച്ചതായി സന്തോഷത്തോടെ വെളിപ്പെടുത്തിയതായി അവളുടെ കൂടെ കളിച്ചിരുന്ന കുട്ടികൾ വെളിപ്പെടുത്തിയിരുന്നു. 2023 – ൽ മാത്രം ഇത്തരം നായ്ക്കളുടെ ആക്രമണത്തിൽ 30 മരണങ്ങൾ ആണ് യുകെയിൽ ഉണ്ടായത്. 2022 നെ അപേക്ഷിച്ച് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരട്ടിയായതാണ് ഈ ഇനത്തിൽപ്പെട്ട നായ്ക്കൾക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ കാരണമായത്. സംഭവത്തെ കുറിച്ച് ഊഹാപോഹങ്ങൾ നടത്തരുതെന്നും മരിച്ച പെൺകുട്ടിയുടെ കുടുബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.