സുമേഷൻ പിള്ള
അയർലണ്ട് :കെ വി സി ഡബ്ലിൻ 15-ാം വാർഷികത്തിനോടനുബന്ധിച്ചു സംഘടിപ്പിച്ച ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൻസ് വിജയികളായി. ക്ലബ് സെക്രട്ടറി ശ്രീ സാജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ ഡെപ്യൂട്ടി ഇന്ത്യൻ അംബാസിഡർ ശ്രീ മുരുഗരാജ് ദാമോദരൻ ഭദ്രദീപം തെളിച്ചു ടൂർണമെന്റ് ഉത്ഘാടനം നിർവഹിച്ചു.
യൂറോപ്പ് , യുകെ, മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുമുള്ള മികച്ച പത്തു ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുത്തത്. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒരു തോൽവി പോലും ഏൽക്കാതെ ആണ് ഗ്രൂപ്പ് ചാമ്പ്യൻമാരായി കാർഡിഫ് ഡ്രാഗൻസ് സെമി ബെർത്ത് ഉറപ്പിച്ചത്. ലിവർപൂൾ ലയൺസ് ആണ് പൂൾ എ യിൽ സെമിയിൽ എത്തിയ രണ്ടാമത്തെ ടീം. ഒരുപാട് അട്ടിമറികൾ കണ്ട പൂൾ ബി മത്സരത്തിൽ നിന്നും ആതിഥേയരായ കെ വി സി ഡബ്ലിനും കെ വി സി ബിർമിങ്ങമും സെമിയിൽ എത്തി.
ഒന്നാം സെമിയിൽ കരുത്തരിൽ കരുത്തന്മാരായ കാർഡിഫ് ഡ്രാഗൻസിന് എതിരെ ശക്തമായ മത്സരം കാഴ്ച വെക്കാൻ മുൻ കണ്ണൂർ യൂണിവേഴ്സിറ്റി താരമായ റിച്ചർഡ് കുര്യന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമിന് സാധിച്ചു. കാർഡിഫിന്റെ പവർ ഹൗസ് ആയ ബിനീഷിന്റെ ടു സോണിൽ നിനുമുള്ള കടുത്ത പ്രഹരവും സർവീസ് മെഷീൻ അർജുൻ നടത്തിയ അക്രമണവും കാർഡിഫിന്റെ ഫൈനലിലേക് ഉള്ള വഴിയേ എളുപ്പമാക്കി. രണ്ടാം സെമിയിൽ കെ വി സി യുടെ സൂപ്പർ താരം പ്രിൻസിനെയും ഇന്ത്യൻ ആർമിയുടെ മുൻ താരമായ സുമിത്തിന്റെയും ശക്തമായ അക്രമണങ്ങളെ ഡിഫെൻസ് ഗെയിംലൂടെ ലിവർപൂലിന്റെ ദിനിഷും ഷാനുവും അവരുടെ വരുതിയിൽ കൊണ്ട് വന്നു.
ഫൈനലിൽ കാർഡിഫ് ഡ്രാഗൻസിനെ എതിരിട്ട ലിവർപൂളിനു പ്രധാന തിരിച്ചടി അവരുടെ പ്രധാന അറ്റാക്കറായ റോണിയുടെ ഇഞ്ചുറി ആയിരുന്നു. റോണിയുടെ അഭാവത്തിൽ സനിയും ജോർലിയും ഇടവേളകൾ ഇല്ലാതെ അറ്റാക്ക് ചെയ്തപ്പോൾ ബാക്ക് കോർട്ടിൽ നിന്നും തീതുപ്പുന്ന “വെയ്വ് “അറ്റാക്കുമായി ഷാനു കളം നിറഞ്ഞാടി. യൂറോപ്പിലെയും യുകെയിലെയും മികച്ച ബ്ലോക്കർമാരുടെ പട്ടികയിൽ ഉള്ള സിറാജ് എന്ന വന്മതിലും പൈപ്പ് അറ്റാക്കിലൂടെ ശിവത്താണ്ഡവവുമായി ശിവയും എല്ലാ സോണിലും മികച്ച പ്രകടനം നടത്തുന്ന വിഷ്ണുവും ഒത്തുചേർന്നപ്പോൾ കാർഡിഫിന്റെ തുടർച്ചയായുള്ള അഞ്ചാംമത് കിരീടത്തിന് അയർലണ്ട് സാക്ഷിയായി.
മികച്ച അറ്റാക്കർ ആയി കാർഡിഫിന്റെ നെടുതൂൺ അർജുനും ബ്ലോക്കറായി ദുബായ് ടീമിന്റെ അരുണും സെറ്റർ ആയി ലിവർപൂളിന്റെ ബോബിയും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനത്തിൽ ക്ലബ് ജോയിൻ സെക്രട്ടറി ശ്രീ ജ്യോതിഷ്, പി ആർ ഒ ശ്രീ ജോമി, ശ്രീ സാംസൺ എന്നിവർ ചേർന്ന് സമ്മാനദനം നടത്തി. വിജയികൾക്ക് വേണ്ടി ഉള്ള ട്രോഫി കാർഡിഫ് ടീമിന്റെ ക്യാപ്റ്റൻ ജിനോയും ടീമിന്റെ മാനേജർ ശ്രീ ജോസ് കാവുങ്കലും ടീം പ്രസിഡന്റ് ശ്രീ ഡോ മൈക്കിൾ ജോസ് എന്നിവർ ചേർന്നു സ്വികരിച്ചു.കേരളക്കരയിലെ വോളിബോൾ മാമാങ്കങ്ങളെ അനുസ്മരിപ്പിക്കും വിധം ആയിരുന്നു ടൂർണമെന്റ് നടത്തിയത്. നാട്ടിലെ പോലെ തന്നെ ഇപ്പോൾ യൂറോപ്പിലും വോളി ആരവങ്ങൾ തണുത്ത രാത്രികളെ പകൽ ആക്കുന്നു.
Leave a Reply