ന്യൂസ് ഡെസ്ക്, മലയാളം യുകെ
തന്റെ സർക്കാരിൻറെ സമീപകാല ബഡ്ജറ്റിലെ നടപടികളെ കുറിച്ച് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രസംഗിക്കുന്നതിനിടെ വൻ പ്രതിഷേധവുമായി കർഷകർ രംഗത്ത് എത്തി. വെൽഷ് ലേബർ കോൺഫറൻസിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാർ ഫാമുകളുടെ അനന്തരാവകാശ നികുതി നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെ എതിർത്തുകൊണ്ട് രംഗത്തുവന്നു . ബഡ്ജറ്റിലെ അനന്തരാവകാശ നികുതിക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് കർഷക യൂണിയനുകൾ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ പ്രസംഗവേദിക്ക് പുറത്ത് ഡസൻ കണക്കിന് ട്രാക്ടറുകളും കാർഷിക വാഹനങ്ങളും പാർക്ക് ചെയ്തു കൊണ്ടാണ് പ്രതിഷേധക്കാർ രംഗത്ത് വന്നത് . ആയിരക്കണക്കിന് കർഷക കുടുംബങ്ങളെ ബാധിക്കുന്ന വലിയ ബോംബ് എന്നാണ് അനന്തരാവകാശ നികുതി നിയമങ്ങളിലെ മാറ്റങ്ങളെ കോൺവി കൗണ്ടി കർഷകനും ബ്രോഡ്കാസ്റ്ററുമായ ഗാരെത് വിൻ ജോൺസ് വിശേഷിപ്പിച്ചത് . അനന്തരാവകാശ നികുതി നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിലെ ദരിദ്രരായ ആളുകളാണ് കഷ്ടപ്പെടാൻ പോകുന്നതെന്നും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടത് ലേബർപാർട്ടി ഗവൺമെന്റിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി വെൽഷ് ഫസ്റ്റ് മിനിസ്റ്ററും റൂറൽ അഫയേഴ്സ് സെക്രട്ടറിയുമായ ഹ്യൂ ഇറാങ്ക-ഡേവിസ് കർഷകരുടെ ഒരു പ്രതിനിധി സംഘത്തെ കാണുകയും കർഷക യൂണിയനുകളുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ സർ കെയർ പ്രതിഷേധക്കാരെ കാണുകയോ തൻ്റെ പ്രസംഗത്തിൽ അവരെ പരാമർശിക്കുകയോ ചെയ്തില്ല,
ഒക്ടോബർ 30 -ന് അവതരിപ്പിച്ച പുതിയ ലേബർ പാർട്ടിയുടെ ബഡ്ജറ്റ് സമ്മിശ്ര പ്രതികരണമാണ് വിവിധ ജന വിഭാഗങ്ങളിൽ ഉളവാക്കിയത്. ബജറ്റിൽ പ്രഖ്യാപിച്ച നികുതികൾ തൊഴിലാളികളെ ബാധിക്കില്ലെന്ന സർക്കാരിൻറെ പ്രഖ്യാപനം എല്ലാ രീതിയിലും യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന വിവരങ്ങൾ നേരെത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . തൊഴിൽ ഉടമകൾക്ക് ഏർപ്പെടുത്തിയ നാഷണൽ ഇൻഷുറൻസ് വർദ്ധനവിന്റെ ആഘാതം തൊഴിലാളികളുടെ വേതനത്തിൽ നേരിട്ടല്ലെങ്കിലും പ്രതിഫലിക്കുമെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു .
നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് കെയർ ഹോമുകളെ കാര്യമായി ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ മലയാളികൾ ആണ് യുകെയിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. കെയർ ഹോമുകളുടെ നടത്തിപ്പിലും മലയാളികൾ പങ്കാളികളായിട്ടുണ്ട്. നികുതി വർദ്ധനവ് മൂലം പ്രതിവർഷം 2 ലക്ഷം പൗണ്ട് അധികമായി ചിലവാകുമെന്നാണ് 6 കെയർ ഹോമുകൾ നടത്തുന്ന ഒരു കമ്പനി ഉടമ പറഞ്ഞത്. ജീവനക്കാരുടെ എണ്ണവും വേതനവും ചുരുക്കിയും നൽകുന്ന സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കിയും നാഷണൽ ഇൻഷുറൻസ് വർദ്ധനവിനെ നേരിടുവാൻ കെയർ ഹോം ഉടമകൾ ശ്രമിക്കുകയാണെങ്കിൽ അത് അവിടെ ജോലി ചെയ്യുന്ന നല്ലൊരു വിഭാഗം മലയാളികളെ പ്രതികൂലമായി ബാധിക്കും.
Leave a Reply