ബിനോയി ജോസഫ്

നൂറുകണക്കിന് സംഗീതപ്രേമികളാൽ തിങ്ങിനിറഞ്ഞ ലണ്ടനിലെ കാംമഡൻ ഓപ്പൺ മൈക് യുകെ റീജിയണൽ ഫൈനൽ ഒഡീഷൻ ഗ്രൗണ്ട്. സ്റ്റേജിലേയ്ക്ക് മൈക്രോ ഫോണുമായി ഒരു കുരുന്നു പയ്യൻ കടന്നു വരുന്നു.  എല്ലാവരുടെയും കണ്ണുകൾ ആ പത്തുവയസുകാരനിലേക്ക്. ‘ഈഫ് ഐ ഷുഡ് സ്റ്റേ, ഐ വുഡ് ഒൺലി ബി ഇൻ യുവർ വേ’…. എന്ന ഈരടികൾ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കി പ്രകൃതിയിൽ അലിഞ്ഞുചേർന്നു. സദസ് ഒരു നിമിഷം നിശബ്ദമായി. ഏവരെയും അത്ഭുത സ്തംബ്ധരാക്കിക്കൊണ്ട് ആ കുരുന്നു പ്രതിഭയിൽ നിന്നും ആംഗലേയ സംഗീതം മധുരതരമായി വഴിഞ്ഞൊഴുകി. സദസ് ആർപ്പുവിളിച്ചു. പാട്ടു തീർന്നപ്പോൾ ഏവരും എഴുന്നേറ്റ് നിന്നു ആവേശത്തോടെ കൈയടിച്ചു. ഏവരുടെയും ആദരം പിടിച്ചുപറ്റിയ ആ സംഗീത പ്രതിഭ പാടിത്തകർത്തത് വിറ്റ്നി ഹ്യൂസ്റ്റൻറെ ലോകപ്രശസ്തമായ ‘ഐ വിൽ ഓൾവെയ്സ് ലവ് യു’ എന്ന ഗാനം.

ഓപ്പൺ മൈക് യുകെയുടെ ലണ്ടൻ റീജിയൺ ഫൈനലിൽ കഴിവു തെളിയിച്ച അനുഷ് ഹൈദ്രോസ് പ്രശസ്തിയുടെ ഉച്ചകോടിയിലേക്ക് എത്താനൊരുങ്ങുകയാണ് BBC one ലെ ബിഗ് ഷോയിലൂടെ. നവംബർ 25 ശനിയാഴ്ച്ച രാത്രി 8.10 നുള്ള പ്രോഗ്രാമിലാണ് അനുഷ് പ്രശസ്ത കോമേഡിയൻ മൈക്കിൾ മക്കിൻറെയറിനൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളടങ്ങുന്ന സദസിനു മുൻപിൽ എത്തുന്നത്. അൺ എക്സ്പെക്റ്റഡ് സ്റ്റാർ ആയിട്ടാണ് അനുഷ് വേദിയിൽ എത്തുന്നത്. BBC one ബിഗ് ഷോയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അനുഷ് ഹൈദ്രോസ് മാറും. പ്രശസ്തരായ ഗാരി ബാർലോയും ക്ലീൻ ബാൻഡിറ്റും പങ്കിടുന്ന വേദിയിൽ മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി അനുഷ് കഴിവു തെളിയിക്കും. ലെസ്റ്ററിൽ നടന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ എക്സൽ അവാർഡ് നല്കി അനുഷിനെ ആദരിച്ചിരുന്നു. വോക്കിംഗില്‍ നടന്ന ചേര്‍ത്തല സംഗമത്തിലും അനുഷ് ആദരവ് ഏറ്റു വാങ്ങിയിരുന്നു.

സട്ടനിലെ ഹോംഫീൽഡ് പ്രിപറേറ്ററി സ്‌കൂളിലെ ഇയർ 7 വിദ്യാർത്ഥിയായ അനുഷ് ഡോ.സുഹാസ് ഹൈദ്രോസിൻറെയും ഡോ.സിനു സുഹാസിൻറെയും മകനാണ്. അനുഷിൻറെ സഹോദരി ആന്യ രണ്ടാം ക്ലാസിൽ പഠിക്കുന്നു. ഡോ.സുഹാസ്  ലണ്ടൻ കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ചൈൽഡ് ആൻഡ് അഡോൾസെൻസ് സൈക്കാട്രിസ്റ്റ് ആയി ജോലി ചെയ്യുമ്പോൾ ഡോ. സിനു സെന്റ് ജോർജ് ഹോസ്പിറ്റലിൽ റ്റൂട്ടിങ്ങിൽ ചൈൽഡ് ആൻഡ് അഡോൾസെൻസ് സൈക്കാട്രിസ്റ്റ് ആണ്. വിംബിൾഡണിനടുത്ത് മോർഡണിൽ താമസിക്കുന്ന ഡോ. സുഹാസും കുടുംബവും വോക്കിങ്ങ് മലയാളി അസോസിയേഷൻറെ സജീവ പ്രവർത്തകരാണ്. അസോസിയേഷൻറെ സെക്രട്ടറിയായി ഡോ. സുഹാസ് പ്രവർത്തിച്ചിട്ടുണ്ട്. വോക്കിംഗ് മലയാളി അസോസിയേഷന്‍റെ അഭിമാനമായി മാറിയ അനുഷിന്റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ പിന്തുണയും നല്‍കി വോക്കിംഗ് മലയാളി അസോസിയേഷനുമുണ്ട്.

അനുഷിൻറെ പ്രശസ്തിയിൽ അത്യാഹ്ളാദത്തിലാണ് അനുഷ് പഠിക്കുന്ന ഹോംഫീൽഡ് പ്രിപറേറ്ററി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും.  ഏഷ്യാനെറ്റ്‌ യൂറോപ്പ് ടാലന്റ് 2015 കോൺടെസ്ററിൽ ജൂണിയർ സിംഗിങ്ങിൽ വിജയിയായിരുന്നു അനുഷ്. ‘ഉണ്ണികളെ ഒരു കഥ പറയാ’മെന്ന ഗാനമാണ് അനുഷ് അന്ന് പാടിയത്.   വെസ്റ്റേൺ ക്ലാസിക്കൽ സംഗീതവും വയലിനും പഠിക്കുന്ന അനുഷ് വോക്കിങ്ങ് മലയാളി അസോസിയേഷൻറെ ചാരിറ്റി കറി നൈറ്റിലും ദീപാവലി ഫെസ്റ്റിലും വയലിൻ പെർഫോർമൻസ് നടത്തിയിരുന്നു.

ആറു മില്യണിലേറെ പ്രേഷകരുള്ള ഷോയാണ് ബിബിസി വൺ ബിഗ് ഷോ. 2500 ലേറെ  വരുന്ന പ്രേക്ഷകർക്കു മുന്നിലാണ് അനുഷിൻറെ അരങ്ങേറ്റം. അസുലഭ ഭാഗ്യമാണ് അനുഷിന് കൈവന്നിരിക്കുന്നത് എന്നു അനുഷിന്റെ പിതാവ് ഡോ. സുഹാസ് ഹൈദ്രോസ് പറഞ്ഞു. ലോകോത്തര വേദിയിൽ മിന്നും താരങ്ങൾക്ക് ഒപ്പം വേദി പങ്കിടുന്ന ത്രില്ലിലാണ് അനുഷ്. ഈ കൊച്ചു താരോദയത്തിൽ അഭിമാനിക്കുന്നതോടൊപ്പം ലോകമറിയുന്ന പ്രതിഭയായി അനുഷ് മാറുന്ന ദിനങ്ങൾക്കായി കാത്തിരിക്കുകയാണ് യുകെയിലെ മലയാളി സമൂഹം.