ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകരാജ്യങ്ങളുടെയെല്ലാം സമ്പദ് വ്യവസ്ഥയിൽ കടുത്ത ആഘാതമാണ് മഹാമാരിയും തുടർന്നുണ്ടായ ലോക്ഡൗണും സമ്മാനിച്ചത്. എന്നാൽ പകർച്ചവ്യാധിയുടെ ആഘാതത്തിൽ നിന്ന് യുകെ സമ്പദ് വ്യവസ്ഥ ഉയർത്തെഴുന്നേൽക്കുന്നതിന്റെ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവന്നു. ഈ വർഷം പകുതിയോടെ ജി ഡി പി കോവിഡിന് മുമ്പുള്ളതിനേക്കാൾ 1.8% കൂടിയ നിലയിലെത്തി. ഇത് പ്രതീക്ഷിച്ച കണക്കുകളെക്കാൾ 50 ബില്ല്യൺ പൗണ്ട് കൂടുതലാണ്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് (ഒ എൻ എസ് ) ന്റെ കണക്കുകളിലൂടെയാണ് സമ്പദ് വ്യവസ്ഥയിലെ യുകെയുടെ മുന്നേറ്റത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നത്. വികസന കുതിപ്പിൽ യു കെ ഫ്രാൻസിനെയും ജർമ്മനിയെയും പിന്നിലാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ G 7 -ലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ചയിൽ യുകെ പിന്നിലാണ്. യുഎസ് ആണ് ഏറ്റവും മുന്നിൽ. കാനഡ, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളും വളരെ ശക്തമായ നിലയിലാണ് .

യുകെ സമ്പദ് വ്യവസ്ഥയുടെ മോശമല്ലാത്ത പ്രകടനം പ്രധാനമന്ത്രി ഋഷി സുനകിനും ആശ്വാസം പകരുന്നതാണ്. കൺസർവേറ്റീവ് പാർട്ടി സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ സ്വന്തം പാർട്ടിയിൽ നിന്ന് നേരിടുന്ന വിമർശനങ്ങളെ അതിജീവിക്കാൻ പുതിയ കണക്കുകൾ പ്രധാനമന്ത്രിക്ക് ആത്മവിശ്വാസം നൽകും . വിമർശകർ സമ്പദ് വ്യവസ്ഥയുടെ ശക്തിയെ സംശയിക്കുന്നതായും എന്നാൽ കണക്കുകൾ അത് തെറ്റാണെന്ന് തെളിയിക്കുന്നതായും പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.