ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ചാൻസലർ റേച്ചൽ റീവ്സിന്റെ ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ പ്രധാനമായ നാഷണൽ ഇൻഷുറൻസ് തുകയിലുള്ള വർദ്ധന മൂലം തൊഴിലവസരങ്ങൾ കുറയുമെന്നും, വില വർദ്ധിക്കുമെന്നും ബ്രിട്ടനിലെ പ്രമുഖ റിട്ടെയിൽ സൂപ്പർമാർക്കറ്റ് ശൃംഖലകളായ ടെസ്‌കോ, അസ്‌ഡ, ആൽഡി, മോറിസൺസ്, സെയിൻസ്‌ബറി തുടങ്ങിയവർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തൊഴിലുടമകളുടെ ദേശീയ ഇൻഷുറൻസ് സംഭാവനകളിൽ വരാനിരിക്കുന്ന 25 ബില്യൺ പൗണ്ടിൻ്റെ വർദ്ധനവാണ് ഇതിന് കാരണമെന്ന് ചാൻസലർക്ക് എഴുതിയ തുറന്ന കത്തിൽ ഇവർ വ്യക്തമാക്കി. പുതിയ മാറ്റങ്ങൾ വിലവർദ്ധനവിന്റെ ആവശ്യകത വർദ്ധിപ്പിച്ചതായും, തൊഴിലവസരങ്ങൾ വെട്ടി കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും അവർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ അടിസ്ഥാനങ്ങൾ ശക്തമാക്കുവാൻ ഇത്തരത്തിലുള്ള തീരുമാനങ്ങൾ അനിവാര്യമാണെന്ന് ട്രഷറി വക്താവ് പ്രതികരിച്ചു. എന്നാൽ താൻ കത്ത് കണ്ടതായും, കത്തിൽ രേഖപ്പെടുത്തുന്നത് പോലെ ജോലികളെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകാമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻട്രു ബെയ്ലി പ്രതികരിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ഗവൺമെന്റ് പ്രവർത്തനങ്ങൾ അഭിനന്ദിക്കുന്നതായും, ഇതിനെ പിന്തുണയ്ക്കുന്നതിൽ ബിസിനസുകൾക്കുള്ള പങ്ക് തങ്ങൾ തിരിച്ചറിയുന്നതായും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ചെലവുകളുടെ വ്യാപ്തിയും അവ സംഭവിക്കുന്ന വേഗതയും ബിസിനസ്സുകൾക്ക് മേൽ വൻ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നു.
ചാൻസിലറെ കാണാനുള്ള അവസരം തങ്ങൾ സ്വാഗതം ചെയ്യുന്നതായും ചർച്ചയിലൂടെ കൂടുതൽ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബഡ്ജറ്റ് പ്രഖ്യാപനത്തിനുശേഷം നിരവധി റീട്ടെയിൽ ഉടമകൾ തങ്ങളുടെ ആശങ്കകൾ ഉയർത്തിയിരുന്നെങ്കിലും, ആദ്യമായാണ് ഇത്തരത്തിൽ ഔദ്യോഗികമായി ഒരു കത്ത് ചാൻസലർക്ക് നൽകുന്നത്. പൊതു സേവനങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ഒഴിവാക്കുന്നതിനാണ് ആവശ്യമായ നികുതി വർധനയെന്നാണ് സർക്കാർ ന്യായീകരിക്കുന്നത്. ബഡ്ജറ്റ് പ്രകാരം, അടുത്ത ഏപ്രിൽ മുതൽ, എല്ലാ വൻകിട ബിസിനസ്സുകളും അവർ ജോലി ചെയ്യുന്ന ഓരോ അംഗത്തിനും ഉയർന്ന ദേശീയ ഇൻഷുറൻസ് സംഭാവനകൾ (എൻഐസി) നൽകേണ്ടിവരും. ഇതോടൊപ്പം തന്നെ ഏപ്രിൽ മുതലുള്ള മിനിമം വേതന വർദ്ധനവും ഈ മേഖലയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തും. കൂടാതെ, 2025 ഒക്ടോബർ മുതൽ ഒരു പുതിയ പാക്കേജിംഗ് ടാക്സും പ്രാബല്യത്തിൽ വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ എന്ത് നടപടിയായിരിക്കും സ്വീകരിക്കുക എന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തതയില്ല.
Leave a Reply