ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ വാക്സിൻ പാസ്പോർട്ട് നിലവിൽ വരുന്നു. അടുത്ത തിങ്കളാഴ്ച മുതൽ എൻഎച്ച്എസിൻെറ വാക്‌സിൻ പാസ്പോർട്ടിനുവേണ്ടിയുള്ള ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമാകുമെന്ന് സർക്കാർ അറിയിച്ചു. രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവർക്കാണ് വാക്സിൻ പാസ്പോർട്ട് ലഭ്യമാകുക. ബ്രിട്ടനിൽ വിദേശ യാത്രയുൾപ്പെടെ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നിലവിൽ വരുന്ന മെയ് 17 മുതലാണ് വാക്‌സിൻ പാസ്പോർട്ടും യാഥാർഥ്യമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. കോൺ‌ടാക്റ്റ് ട്രെയ്‌സിനു വേണ്ടി ഉപയോഗിക്കുന്ന എൻഎച്ച്എസ് ആപ്ലിക്കേഷനും വാക്സിൻ പാസ്പോർട്ടിന് വേണ്ടിയുള്ള ആപ്ലിക്കേഷനും വിഭിന്നമാണ് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പുതിയ ആപ്ലിക്കേഷനിലൂടെ ഓരോ വ്യക്തിയും പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചതിൻെറ വിവരങ്ങളും അറിയാൻ സാധിക്കും. നിലവിൽ ഈ ആപ്ലിക്കേഷൻ വഴിയായി കൊറോണ വൈറസ് പരിശോധന ഫലങ്ങൾ അറിയാൻ സാധിക്കില്ല. എങ്കിലും ഭാവിയിൽ കോവിഡ്-19 ടെസ്റ്റ് റിസൾട്ട് കൂടി ഇതിൽ ഉൾപ്പെടുത്താനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യാത്രചെയ്യുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യാനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ വാക്സിൻ സ്വീകരിച്ചതിൻെറ പേരിൽ വിദേശ യാത്രക്കാരെ അനുവദിക്കുന്നുള്ളു. ഒട്ടുമിക്ക രാജ്യങ്ങളും യാത്ര തുടങ്ങുന്നതിനു മുൻപ് നടത്തിയ നെഗറ്റീവ് ടെസ്റ്റ് റിസൾട്ടിനെയുമാണ് അവലംബിക്കുന്നത്. ബ്രിട്ടൻ 12 രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തി അവിടെ നിന്ന് എത്തുന്നവർക്കു ക്വാറന്റീൻ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.