വെറും പറച്ചില്‍ മാത്രമായിരുന്നില്ല, വയനാട്ടുകാരുടെ പ്രിയങ്കരിയായി മാറി പ്രിയങ്ക ഗാന്ധി. 4,10,923 വോട്ടുകളുടെ റെക്കോഡ് വിജയമാണ് ആദ്യ മത്സരത്തില്‍ പ്രിയങ്ക നേടിയത്. രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടന്നു. 6,22,338 വോട്ടുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നു. ഡിസംബര്‍ 20 വരെയാണ് സമ്മേളനം. പാര്‍ലമെന്റില്‍ എത്തുന്ന പ്രിയങ്ക ആദ്യം ഉന്നയിക്കുന്നത് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും. രാഹുലിനൊപ്പം പ്രിയങ്കയും ഇനി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറും.

പ്രചാരണവേളയില്‍ മലയാളം സംസാരിച്ചത് പ്രിയങ്ക അത്ഭുതപ്പെടുത്തിയിരുന്നു. മലയാള ഭാഷ നന്നായി ഉപയോഗിക്കാനുളള പഠനവും പ്രിയങ്ക തുടങ്ങിക്കഴിഞ്ഞു.

ഫലം പുറത്തുവന്നതിനു പിന്നാലെ വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രിയങ്ക നന്ദി പറഞ്ഞു. ഈ വിജയം നിങ്ങളുടേത് കൂടിയാണ്. ആ തോന്നല്‍ നിങ്ങളിലുണ്ടാക്കുന്ന വിധമാകും എന്റെ പ്രവര്‍ത്തനം. നിങ്ങളിലൊരാളായി കൂടെയുണ്ടാകും. പാര്‍ലമെന്റില്‍ ഞാന്‍ വയനാടിന്റെ ശബ്ദമാകും. പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.