പാലക്കാട് ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചെന്ന പരാതിയില്‍ കഴമ്പില്ലെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പെട്ടിയില്‍ പണം എത്തിച്ചെന്ന് കണ്ടെത്താനായില്ലെന്നും തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും അന്വേഷണ സംഘം പാലക്കാട് എസ്.പിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഡിഎഫ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിന് പിന്നാലെ പാതി രാത്രി ഹോട്ടലില്‍ നടത്തിയ പരിശോധന ഉള്‍പ്പെടെ തിരഞ്ഞെടുപ്പു കാലത്ത് വലിയ വിവാദമായിരുന്നു. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലില്‍ പരിശോധന നടത്തിയതെന്ന് പൊലീസ് പറയുന്നു.
പിന്നീട് സിപിഎം നല്കിയ പരാതിയില്‍ കേസെടുത്തില്ലെങ്കിലും സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ആരോപണത്തിനപ്പുറം സിപിഎമ്മിന്റെ കൈവശം തെളിവുകളില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപതിരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ നവംബര്‍ അഞ്ചിന് അര്‍ധ രാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്. അതിനിടെ ട്രോളി ബാഗിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം കേന്ദ്രങ്ങള്‍ സംഭവത്തില്‍ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
രാത്രി 12.10 ന് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കെപിഎം ഹോട്ടലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പരിശോധനയ്ക്കു ശേഷം അറിയിച്ചിരുന്നു.
ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. അര മണിക്കൂറിന് ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് കമീഷന് ഉദ്യോഗസ്ഥരില്ലാതെ പൊലീസ് സംഘം പരിശോധനക്ക് എത്തിയത് വിമര്‍ശനത്തിന് ഇടയാക്കി. തൊട്ടടുത്ത ദിവസം ബാഗുമായി വാര്‍ത്താ സമ്മേളനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍, സിപിഎമ്മിനെ കടന്നാക്രമിക്കുകയും ഏത് പരിശോധനക്കും പെട്ടി ഹാജരാക്കാന്‍ തയാറാണെന്നും പറഞ്ഞിരുന്നു.
തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സജീവ ചര്‍ച്ചയായിരുന്ന വിഷയം ഒടുവില്‍ അന്വേഷണ സംഘവും കൈയൊഴിയുന്നതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലാകുകയാണ്.
Leave a Reply